പോര്‍ച്ചുഗല്‍ പരിശീലകനുമായി റൊണാള്‍ഡോ ചര്‍ച്ചകള്‍ നടത്തി; ഭാവികാര്യങ്ങളില്‍ നിര്‍ണായക തീരുമാനം; റിപ്പോര്‍ട്ട്
Football
പോര്‍ച്ചുഗല്‍ പരിശീലകനുമായി റൊണാള്‍ഡോ ചര്‍ച്ചകള്‍ നടത്തി; ഭാവികാര്യങ്ങളില്‍ നിര്‍ണായക തീരുമാനം; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 20th January 2023, 9:16 am

പോര്‍ച്ചുഗല്‍ ടീമിലെ തന്റെ ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ പുതിയ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. ജനുവരിയില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയ റൊണാള്‍ഡോ റിയാദില്‍ വെച്ചാണ് പോര്‍ച്ചുഗല്‍ പരിശീലകനുമായി ചര്‍ച്ചകള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. സ്പാനിഷ് സൂപ്പര്‍കപ്പ് കാണാന്‍ റിയാദിലെത്തിയതായിരുന്നു മാര്‍ട്ടിനസ്.

ഖത്തര്‍ ലോകകപ്പിന് ശേഷം പോര്‍ച്ചുഗലിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ഫെര്‍ണാണ്ടോ സാന്റോസ് പുറത്തായതോടെ റോബര്‍ട്ടോ മാര്‍ട്ടിനസ് സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ലോകകപ്പിലെ ചില മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഫെര്‍ണാണ്ടോ സാന്റോസ് പകരക്കാരനായി ഇറക്കിയിരുന്നു.

തുടര്‍ന്ന് സാന്റോസിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയായിരുന്നു. മാര്‍ട്ടിനെസ് പരിശീലകനായതോടെ റോണോയുടെ ഭാവി എന്താകുമെന്നറിയാന്‍ ഉറ്റു നോക്കുകയാണ് ആരാധകര്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പോര്‍ച്ചുഗല്‍ ടീമിന്റെ പരിശീലകനായതിന് ശേഷം റൊണാള്‍ഡോയുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യത്തിന് മാര്‍ട്ടിനസ് കൃത്യമായൊരു മറുപടി നല്‍കിയിട്ടില്ല. ഇത്തരം തീരുമാനങ്ങള്‍ മൈതാനത്ത് വെച്ചാണ് എടുക്കുകയെന്നും ഓഫീസിലിരുന്ന് തീരുമാനങ്ങളെടുക്കുന്ന പരിശീലകനല്ല താനെന്നും മാര്‍ട്ടിനസ് നേരത്തെ പറഞ്ഞിരുന്നു.

നിലവിലുള്ള എല്ലാ താരങ്ങളുമായി ബന്ധപ്പെടുകയെന്നതാണ് തന്റെ ആദ്യ ദൗത്യമെന്നും ദേശീയ ടീമിനൊപ്പം ഏതാണ്ട് രണ്ട് പതിറ്റാണ്ടുകാലം കളിച്ച റൊണാള്‍ഡോയോട് എന്തായാലും സംസാരിക്കുമെന്നും മാര്‍ട്ടിനെസ് പറഞ്ഞു.

എന്നാല്‍ എല്‍ എക്വിപ്പെയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം റൊണാള്‍ഡോയെ പോര്‍ച്ചുഗല്‍ ടീമിന്റെ ഭാഗമാക്കിയുള്ള പദ്ധതികള്‍ തന്നെയാണ് മാര്‍ട്ടിനസിനുള്ളത്. 2024 യൂറോ കപ്പ് വരെ താരം ടീമിനൊപ്പം തുടരാനുള്ള സാധ്യതയുണ്ട്.

പോര്‍ച്ചുഗലിനായി 196 മത്സരങ്ങളില്‍ നിന്നും 118 ഗോളുകള്‍ നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമാണ്. പോര്‍ച്ചുഗല്‍ ടീമിനൊപ്പം തുടരുന്നതോടെ തന്റെ റെക്കോര്‍ഡ് ഇനിയും വര്‍ധിപ്പിക്കാന്‍ റൊണാള്‍ഡോക്ക് അവസരമുണ്ട്.

മാര്‍ച്ചില്‍ ലീഷേസ്റ്റീന്‍, ലക്സംബര്‍ഗ് എന്നീ ടീമുകള്‍ക്കെതിരെയാണ് പോര്‍ച്ചുഗലിന്റെ യൂറോ കപ്പ് യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഈ മത്സരങ്ങളില്‍ റൊണാള്‍ഡോയും ഇറങ്ങാന്‍ തന്നെയാണ് സാധ്യത.

2026വരെയാണ് മാര്‍ട്ടിനസിന്റെ കരാര്‍. പോര്‍ച്ചുഗല്‍ ടീമിനെ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ വിദേശ പരിശീലകനാണ് റോബര്‍ട്ടോ മാര്‍ട്ടിനസ്. ആറ് വര്‍ഷം ബെല്‍ജിയം ടീമിനെ പരിശീലിപ്പിച്ച മാര്‍ട്ടിനസ് ഖത്തര്‍ ലോകകപ്പില്‍ നിന്ന് ടീം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായതിന് പിന്നാലെ പടിയിറങ്ങുകയായിരുന്നു.

2007 മുതല്‍ പരിശീലക രംഗത്തുള്ള മാര്‍ട്ടിനസ് 2016ലാണ് ബെല്‍ജിയം ദേശീയ ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. ഇക്കാലയളവില്‍ മാര്‍ട്ടിനസിന് കീഴില്‍ ബെല്‍ജിയം ലോക റാങ്കിങ്ങില്‍ ദീര്‍ഘകാലം ഒന്നാം സ്ഥാനത്ത് തുടര്‍ന്നു.

Content Highlights: Cristiano Ronaldo met Portugal coach Roberto Martinez