പാരിസ്: ബാലണ്‍ ഡി ഓര്‍ പുരസ്‌കാര സമിതി അംഗത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫ്രാന്‍സ് ഫുട്ബോളിന്റെ എഡിറ്റര്‍ ഇന്‍ ചീഫായ പാസ്‌കല്‍ ഫെറെക്കെതിരെയാണ് റൊണാള്‍ഡോ രംഗത്തെത്തിയത്.
മെസിയേക്കാള്‍ കൂടുതല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടി വിരമിക്കണമെന്ന് താന്‍ പറഞ്ഞുവെന്ന ഫെറെയുടെ പരാമര്‍ശം റൊണാള്‍ഡോ തള്ളി. ഫെറെ കള്ളം പറയുകയാണെന്ന് റൊണാള്‍ഡോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
‘ പാസ്‌കല്‍ നുണപറയുകയാണ്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ മാസികയ്ക്കും പ്രശസ്തി ലഭിക്കുന്നതിനുവേണ്ടി എന്റെ പേര് ഉപയോഗപ്പെടുത്തി. ഇത്രയും വലിയ പുരസ്‌കാരം നല്‍കുന്ന മാസികയുടെ എഡിറ്റര്‍ ഇത്തരത്തില്‍ നുണ പറയുന്നത് അംഗീകരിക്കാനാകില്ല.’- റൊണാള്‍ഡോ പറഞ്ഞു.
പുരസ്‌കാരങ്ങളുടെ പിറകേ താന്‍ ഓടാറില്ലെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. ആര്‍ക്കുമെതിരെയല്ല താന്‍ ഫുട്‌ബോള്‍ കളിക്കുന്നതും അദ്ദേഹം പറഞ്ഞു.
വിജയികളെ താന്‍ എപ്പോഴും അഭിനന്ദിക്കാറുണ്ടെന്നും റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
‘ ഞാന്‍ പ്രതിനിധീകരിക്കുന്ന ക്ലബിനുവേണ്ടി വിജയങ്ങള്‍ നേടുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. എനിക്കും എന്നെ ഇഷ്ടപ്പെടുന്നവര്‍ക്കും വേണ്ടിയാണ് ഞാന്‍ കളിക്കുന്നത്. ഫുട്ബോള്‍ ലോകത്ത് എന്റെ പേര് സുവര്‍ണലിപികളാല്‍ എഴുതപ്പെടണമെന്നത് മാത്രമാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം’- റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച ന്യൂയോര്‍ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് പാസ്‌കല്‍ ഫെറെയുടെ വിവാദ പരാമര്‍ശം.
ചൊവ്വാഴ്ചയാണ് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച പുരുഷതാരത്തിനുള്ള പുരസ്‌കാരം മെസിയാണ് സ്വന്തമാക്കിയത്.
ഇത് ഏഴാം തവണയാണ് മെസി ബാലണ്‍ ഡി ഓര്‍ നേടുന്നത്. അഞ്ച് തവണ പുരസ്‌കാരം നേടിയ റൊണാള്‍ഡോയാണ് മെസിക്ക് തൊട്ടുപിറകിലുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Cristiano Ronaldo lashes out at Ballon d’or chief after Lionel Messi claim