ലിസ്ബണ്‍: ബാല്യകാലത്തു തനിക്കു വിശപ്പടക്കാന്‍ ഭക്ഷണം നല്‍കിക്കൊണ്ടിരുന്ന പെണ്‍കുട്ടിയെ കുറിച്ച് വാചാലനായി ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പ്രശസ്ത കമന്റേറ്റര്‍ പിയേഴ്‌സ് മോര്‍ഗനുമായുള്ള അഭിമുഖത്തിലായിരുന്നു ക്രിസ്റ്റ്യാനോ തന്റെ ബാല്യകാലത്തെ മറക്കാനാവാത്ത അനുഭവം പങ്കുവെച്ചത്.
ആ അനുഭവം ഇങ്ങനെ: ഫുട്‌ബോള്‍ പരിശീലനത്തിനായി ജന്മനാടായ മദീര വിട്ട് ക്രിസ്റ്റ്യാനോ പോര്‍ച്ചുഗല്‍ തലസ്ഥാന നഗരമായ ലിസ്ബനില്‍ താമസിക്കുന്ന കാലം. കൈവശം ആവശ്യത്തിനു പണമില്ലാത്തതിനാല്‍ പലപ്പോഴും നല്ല ഭക്ഷണം കഴിക്കാനായിരുന്നില്ല.
പരിശീലനം നടത്തുന്ന മൈതാനത്തിനു സമീപമുള്ള മക്‌ഡൊണാള്‍ഡ്‌സ് ഭക്ഷണശാലയായിരുന്നു ക്രിസ്റ്റിയാനോയുടെയും സുഹൃത്തുക്കളുടെയും ആശ്രയം. ബാക്കി വരുന്ന ബര്‍ഗറുകള്‍ സൗജന്യമായി കിട്ടാനായി എന്നും രാത്രി ക്രിസ്റ്റ്യാനോയും സുഹൃത്തുക്കളും അവിടെ പോകുമായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിശന്നുവലഞ്ഞു ചെല്ലുന്ന അവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത് അവിടെ ജോലി ചെയ്തിരുന്ന എഡ്‌ന എന്ന പെണ്‍കുട്ടിയും അവരുടെ രണ്ട് സുഹൃത്തുക്കളുമായിരുന്നു.
എന്നാല്‍ പോര്‍ച്ചുഗല്‍ വിട്ട് ഇംഗ്ലണ്ടിലേക്കു പോയതിനു ശേഷം ക്രിസ്റ്റിയാനോ എഡ്‌നയെ കണ്ടിട്ടില്ല. അവരെക്കുറിച്ചു പിന്നീടന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. ആ ഭക്ഷണശാലയും ഇപ്പോള്‍ അവിടെയില്ല.
എഡ്‌നയെയും സുഹൃത്തുക്കളെയും കണ്ടുകിട്ടിയാല്‍ അവരെ തന്റെ വീട്ടിലേക്കു ക്ഷണിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ക്രിസ്റ്റിയാനോ അഭിമുഖത്തില്‍ പറഞ്ഞത്.
കഴിഞ്ഞദിവസം തന്റെ അച്ഛന്റെ മുന്‍പ് കാണാത്ത ദൃശ്യങ്ങള്‍ കണ്ട് ക്രിസ്റ്റ്യാനോ വിതുമ്പിയത് ഏറെ ചര്‍ച്ചയായിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഒരു യു.കെ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ 2004 യൂറോകപ്പിനിടെ അച്ഛന്‍ ജോസ് ഡിനീസ് അവീറോ മകനെ കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അവതാരകന്‍ കാണിച്ചപ്പോഴാണ് ക്രിസ്റ്റ്യാനോ വികാരാധീനനായത്.
‘ഞാനൊരിക്കലും ഈ വീഡിയോ കണ്ടിരുന്നില്ല. ഒന്നാം നമ്പറുകാരനായതും അവാര്‍ഡുകള്‍ വാങ്ങുന്നതും കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്റെ കുടുംബം, അമ്മയും സഹോദരങ്ങളും മകനുമെല്ലാം എന്നെ കാണുന്നു. പക്ഷെ എന്റെ അച്ഛന് ഒന്നും കാണാന്‍ സാധിച്ചില്ല’- ക്രിസ്റ്റ്യാനോ പറഞ്ഞു.
ക്രിസ്റ്റ്യാനോയ്ക്ക് 20 വയസുള്ളപ്പോഴാണ് പിതാവ് ജോസ് ഡിനീസ് അവീറോ മരിക്കുന്നത്. 2005 ചാമ്പ്യന്‍സ് ലീഗില്‍ വിയ്യാറയലിനെതിരായ മാഞ്ചസ്റ്ററിന്റെ മത്സരം നടക്കുന്നതിന് മുമ്പ് ലണ്ടനിലെ ആശുപത്രിയില്‍ മരണക്കിടക്കയില്‍ കഴിയുന്ന പിതാവിനെ കാണാന്‍ കോച്ച് ഫെര്‍ഗൂസണ്‍ ക്രിസ്റ്റ്യാനോയെ അനുവദിച്ചത് അന്ന് വാര്‍ത്തയായിരുന്നു.