കഴിഞ്ഞ കുറച്ച് നാളുകളായി വിവാദങ്ങളുടെ കുരുക്കിലായിരുന്നു പോര്‍ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നിലവില്‍ അദ്ദേഹം കളിക്കുന്ന ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡും.
യുണൈറ്റഡിന്റെ പരിശീലകന്‍ എറിക് ടെന്‍ ഹാഗ് റൊണാള്‍ഡോയെ കളിക്കിറക്കാത്തതായിരുന്നു പ്രധാന പ്രശ്‌നം.
ഈ സീസണില്‍ മോശം പ്രകടനം കാഴ്ച വെക്കുന്നതിനെ തുടര്‍ന്ന് യുണൈറ്റഡിന്റെ മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോ തുടര്‍ച്ചയായി ബെഞ്ചിലിരുത്തുകയായിരുന്നു ടെന്‍ ഹാഗ്.
ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും ടെന്‍ ഹാഗ് തന്റെ തീരുമാനങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല.
എന്നാല്‍ ടോട്ടന്‍ഹാമുമായി നടന്ന മത്സരം തീരുന്നതിന് മുമ്പേ റൊണാള്‍ഡോ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത് വലിയ വിവാദത്തിന് വഴിയൊരുക്കുകയായിരുന്നു.
തുടര്‍ന്ന് മത്സരത്തില്‍ നിന്ന് താരത്തെ സസ്‌പെന്റ് ചെയ്തതടക്കം റൊണാള്‍ഡോക്കെതിരെ ടെന്‍ ഹാഗ് അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും ആരാധകര്‍ ഭയന്നത് പോലെ ടീമില്‍ നിന്ന് താരത്തെ പുറത്താക്കിയിരുന്നില്ല.
ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പാര്‍ക്കര്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുണൈറ്റഡിന്റെ പി.ആര്‍ ടൂള്‍ ആണെന്നും അദ്ദേഹത്തെ ഉപയോഗിച്ച് കാശുണ്ടാക്കുക മാത്രമാണ് ക്ലബ്ബിന്റെ ലക്ഷ്യമെന്നാണ് പാര്‍ക്കര്‍ പറഞ്ഞത്.
അല്ലാതെ കളിയില്‍ മികവ് കാട്ടാത്ത ഒരു താരത്തെ വെച്ചോണ്ടിരിക്കേണ്ട ആവശ്യം യുണൈറ്റഡിനില്ലെന്നും റൊണാള്‍ഡോയെ ഒഴിവാക്കുന്നതാണ് ക്ലബ്ബിന് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഏറ്റവും മികച്ച തീരുമാനം ക്രിസ്റ്റ്യാനോയെ ക്ലബ്ബില്‍ നിന്ന് പുറത്താക്കലാണ്. അതാണ് അയാള്‍ക്കും, ടീം മേറ്റ്‌സിനും, കോച്ചിനും, ക്ലബ്ബിനും നല്ലത്. അയാള്‍ക്കിനി ഒന്നിനും സാധിക്കില്ലെന്നും ഇനി യുവതാരങ്ങളുടെ കാലമാണെന്ന് അയാള്‍ തിരിച്ചറിയുമെന്നും കുറേ നാളുകളായി കരുതുകയായിരുന്നു.
പി.ആര്‍ വര്‍ക്കിനുള്ള ടൂളായിട്ടാണ് അയാളെ യുണൈറ്റഡ് കാണുന്നത്. ആ ഉദ്ദേശത്തിലാണ് ക്ലബ്ബ് അയാളെ സൈന്‍ ചെയ്യിച്ചതും. എന്നാല്‍ ഇപ്പോള്‍ പണമുണ്ടാക്കുന്ന മെഷീന്‍ തകരാറിലാണ്. അയാളുടെ ജേഴ്‌സിയൊന്നും വാങ്ങാന്‍ ആളില്ലാതായിട്ടുണ്ട്,’ പാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
റൊണാള്‍ഡോയെ ഇപ്പോള്‍ യുണൈറ്റഡിലെ കുഴപ്പക്കാരനായ കളിക്കാരനായിട്ടാണ് ആളുകള്‍ കാണുന്നതെന്നും അതുകൊണ്ടാണ് അദ്ദേഹത്തിനോട് ആളുകള്‍ക്കുള്ള ഇഷ്ടം ഇല്ലാതായതെന്നും പാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം യൂറോപ്പ ലീഗില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഷെരീഫിനെ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ ഒരു അപൂര്‍വ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഈ കലണ്ടര്‍ ഇയറില്‍ റൊണാള്‍ഡോയുടെ 15ാം ഗോളാണിത്. ഈ ഗോളിന് പിന്നാലെയാണ് താരം അത്യപൂര്‍വ റെക്കോഡിന് ഉടമയായിരിക്കുന്നത്.
തുടര്‍ച്ചയായ 18ാം വര്‍ഷമാണ് താരം ഒരു കലണ്ടര്‍ ഇയറില്‍ പതിനഞ്ചോ അതില്‍ അധികമോ ഗോള്‍ നേടുന്നത്. 2005ല്‍ തുടങ്ങിയ ഈ നേട്ടം റൊണാള്‍ഡോ ഇപ്പോഴും തുടരുകയാണ്.
Content highlights: Cristiano Ronaldo is the PR Tool of Manchester united, Claims Paul Parker