|

ഒരു തരത്തിലും ഒത്തുപോകാതെ റൊണാള്‍ഡോ; ടീമംഗങ്ങളുമായി ഭക്ഷണം പോലും കഴിക്കില്ല; റിപ്പോര്‍ട്ടുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇതത്ര നല്ല കാലമല്ല. ഒരുകാലത്ത് ക്ലബ്ബ് ഫുട്‌ബോള്‍ അടക്കിവാണ ടീം. നിലവില്‍ ഒരു തരത്തിലും മുന്നിട്ട് നില്‍ക്കുന്നില്ല. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ടീമിന് സാധിക്കുന്നില്ല.

കഴിഞ്ഞ സീസണില്‍ യുണൈറ്റഡില്‍ തിരിച്ചെത്തിയ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ ഈ സീസണില്‍ ടീമില്‍ നിന്നും മാറാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ മറ്റു ക്ലബ്ബുകളൊന്നും അദ്ദേഹത്തെ റാഞ്ചാന്‍ മുന്നോട്ട് വന്നില്ല. എന്നിരിക്കെ അദ്ദേഹം യുണൈറ്റഡില്‍ തന്നെ തുടരുകയായിരുന്നു.

എന്നാല്‍ ടീമിന്റെ മുന്നോട്ടുള്ള നീക്കത്തില്‍ അദ്ദേഹം ഒട്ടും തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. പ്രീമിയര്‍ ലീഗിലെ ആദ്യ രണ്ട് മത്സരത്തിലും യുണൈറ്റഡ് നാണംകെട്ട് തോറ്റിരുന്നു. ഇതിന് പിന്നാലെ ടീമിനുള്ളില്‍ പുതിയ ചട്ടങ്ങള്‍ കോച്ച് എറിക് ടെന്‍ ഹാഗ് നടപ്പിലാക്കിയിരുന്നു.

ടീമിലെ മറ്റ് താരങ്ങളുമായി ക്രിസ്റ്റിയാനോ റൊണാള്‍ഡൊ ഭക്ഷണം പോലും കഴി കഴിക്കുന്നില്ലെന്നാണ് നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ടെന്‍ ഹാഗ് നടപ്പിലാക്കുന്ന പ്രസ് ഗെയിമിനോടും അദ്ദേഹത്തിന് വിരോധമുണ്ടെന്നാണ് അത്‌ലറ്റിക്ക് പുറത്തുവിടുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ബ്രെന്റ്‌ഫോര്‍ഡിനെതിരെയായിരുന്നു യുണൈറ്റഡ് നാണംകെട്ട് തോറ്റത്. യുണൈറ്റഡ് ഗോള്‍ പോസ്റ്റില്‍ ആദ്യ പകുതിയില്‍ തന്നെ എണ്ണം പറഞ്ഞ നാല് ഗോള്‍ അടിച്ചുകൂട്ടാന്‍ ബ്രെന്റ്‌ഫോര്‍ഡിന് സാധിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ബ്രൈറ്റണുമായി ഒന്നിനെതിരെ രണ്ട് ഗോളിനാണ് യുണൈറ്റഡ് തോറ്റത്.

ബ്രെന്റ്‌ഫോര്‍ഡിനെതിരെയുള്ള മത്സരത്തില്‍ 90 മിനിട്ടും റോണോ കളത്തിലുണ്ടായിട്ടും ഒരു നല്ല മുന്നേറ്റം പോലുമില്ലായിരുന്നു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം ഇത്തവണ ടീമിന് ഭാരം ആകുന്ന കാഴ്ചയാണ് കാണുന്നത്.

താരത്തിന് ടീമിന് പുറത്തുപോകണമെങ്കില്‍ അതിനുള്ള വഴിയും ടെന്‍ ഹാഗ് കാണുന്നുണ്ടെന്നാണ് നിലവില്‍ വരുന്ന മറ്റ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന് പകരം മറ്റൊരു അറ്റാക്കറെ ടീമിലെത്തിക്കാനാണ് യുണൈറ്റഡ് ശ്രമിക്കുന്നത്.

Content Highlight: Cristiano Ronaldo is refusing to eat food with his Manchester United teammates

Latest Stories