| Friday, 13th January 2023, 9:06 am

മികച്ച താരങ്ങളുടെ പട്ടികയില്‍ നിന്ന് റൊണാള്‍ഡോയെ പുറത്താക്കി ഫിഫ; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഫിഫയുടെ 2022ലെ മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള അന്തിമ പട്ടിക പുറത്ത് വിട്ടു. നിലവിലെ ലോകകപ്പ് ചാമ്പ്യനും ഏഴ് തവണ ബാലണ്‍ ഡി ഓര്‍ ജേതാവുമായ ലയണല്‍ മെസിക്കൊപ്പം ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയും ബ്രസീലിന്റെ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഒപ്പം മൂവരും നിലവില്‍ ബൂട്ടുകെട്ടുന്ന പാരീസ് സെന്റ് ഷെര്‍മാങ്ങിലെ തന്നെ താരമായ മൊറോക്കയുടെ അഷ്‌റഫ് ഹക്കിമിയും ഫിഫ പുറത്തുവിട്ട മികച്ച പുരുഷ താരത്തെ കണ്ടെത്താനുള്ള പട്ടികയിലുണ്ട്.

എന്നാല്‍ അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവും രണ്ട് തവണ ഫിഫയുടെ ബെസ്റ്റ് പ്ലെയറുമായിരുന്ന പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പട്ടികയില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സ്ഥിരമായി ബെഞ്ചിലിരിക്കേണ്ടി വന്നതിനെ തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങള്‍ക്ക് ശേഷം ക്ലബ്ബ് വിട്ട റോണോക്ക് ഖത്തര്‍ ലോകകപ്പിലും മികച്ച പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല.

യുണൈറ്റഡ് വിട്ട് ഫ്രീ ഏജന്റായ റൊണാള്‍ഡോ ജനുവരിയില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറുമായി സൈന്‍ ചെയ്തിരിക്കുകയാണ്.

2022ലെ മികച്ച പുരുഷതാരത്തെ കണ്ടെത്താനുള്ള ഫിഫയുടെ 14 അംഗങ്ങളുടെ ചുരുക്ക പട്ടികയില്‍ ജൂലിയന്‍ അല്‍വാരസ്, ജൂഡ് ബെല്ലിങ്ഹാം, കരിം ബെന്‍സെമ, കെവിന്‍ ഡി ബ്രൂയ്ന്‍, ഏര്‍ലിങ് ഹാലണ്ട്, റോബര്‍ട്ട് ലെവന്‍ഡോസ്‌കി, സാദിയോ മാനെ, ലൂക്കാ മോഡ്രിച്ച്, മൊഹമ്മദ് സലാ എന്നീ താരങ്ങളും ഇടം പിടിച്ചിട്ടുണ്ട്.

കരീം ബെന്‍സെമയും ലയണല്‍ മെസിയും തമ്മിലാണ് മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരത്തിനായി മികച്ച മത്സരം കാഴ്ച വെക്കുന്നത്. കഴിഞ്ഞ വര്‍ഷം ബാലന്‍ ഡി ഓര്‍, ലാ ലിഗ ടൈറ്റില്‍, ചാമ്പ്യന്‍സ് ലീഗ് എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ബെന്‍സെമക്ക് സാധിച്ചപ്പോള്‍ ലോകകപ്പ്, ലീഗ് വണ്‍ ടൈറ്റില്‍, ഗോള്‍ഡന്‍ ബോള്‍ എന്നീ പുരസ്‌കാരങ്ങളാണ് മെസി സ്വന്തമാക്കിയത്.

ജനുവരി 13 മുതല്‍ ഫെബ്രുവരി 27 വരെ നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് പുരസ്‌കാര ജേതാവി നെ ഫിഫ കണ്ടെത്തുന്നത്.

25 ശതമാനം വോട്ട് തിരഞ്ഞെടുക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്ക്, 25 ശതമാനം വോട്ട് ലോകകപ്പില്‍ പങ്കെടുത്ത ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ക്ക്, 25 ശതമാനം വോട്ട് ലോകകപ്പില്‍ പങ്കെടുത്ത ടീമുകളുടെ പരിശീലകര്‍ക്ക്, 25 ശതമാനം വോട്ട് തിരഞ്ഞെടുക്കപ്പെട്ട ആരാധകര്‍ക്ക് എന്നിങ്ങനെയാണ് വോട്ട് ചെയ്യാനുള്ള അര്‍ഹത.

2021ല്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്കാണ് ഫിഫയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ലഭിച്ചത്.

Content Highlights: Cristiano Ronaldo is missing from the list for The BEST football awards by FIFA 2022

Latest Stories

We use cookies to give you the best possible experience. Learn more