ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ലയണല്‍ മെസിയെക്കാളും മികച്ചതെന്ന് പ്രസ്താവിച്ച് പിയേഴ്‌സ് മോര്‍ഗന്‍. മെസി ഇപ്പോഴും യൂറോപ്പില്‍ കളിക്കുന്നുണ്ടെങ്കിലും റൊണാള്‍ഡോ സൗദിയില്‍ പുതിയ വെല്ലുവിളികളുമായി മുന്നേറുകയാണെന്നും മോര്‍ഗന്‍ പറഞ്ഞു.
‘ഫുട്‌ബോള്‍ ചരിത്രത്തിലെ വലിയ സൈനിങ് ആണ് റൊണാള്‍ഡോ നടത്തിയിരിക്കുന്നത്. തന്റെ 37ാം വയസില്‍ ഏറ്റവും ഉയര്‍ന്ന വേതനം വാങ്ങി ഒരു ക്ലബ്ബുമായി സൈനിങ് നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു.
തന്റെ കരിയറില്‍ മുമ്പ് ചെയ്തതെല്ലാം അദ്ദേഹം ഇപ്പോഴും ചെയ്യുന്നുണ്ട്. അത് മെസി ചെയ്യുന്നതിനെക്കാള്‍ ഒരുപടി മുകളിലാണ്. പുതിയ രാജ്യത്ത്, പുതിയ ലീഗില്‍ റൊണാള്‍ഡോയെ സംബന്ധിച്ച് അത് വലിയ വെല്ലുവിളി തന്നെയാണ്.
മിഡില്‍ ഈസ്റ്റില്‍ ഫുട്‌ബോള്‍ ഒത്തിരി പുരോഗമിച്ചിട്ടുണ്ട്. ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോ സെമി ഫൈനലില്‍ എത്തിയത് നമ്മള്‍ കണ്ടതാണ്. ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെ സൗദി അറേബ്യ ആദ്യ മത്സരത്തില്‍ പരാജയപ്പെടുത്തിയിരുന്നു.
റൊണാള്‍ഡോക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സ്വാതന്ത്ര്യമായിരുന്നു വേണ്ടിയിരുന്നത്. കോച്ചില്‍ നിന്ന് ക്ലബ്ബിലെ മറ്റ് അംഗങ്ങളില്‍ നിന്നും അദ്ദേഹത്തിന് വേണ്ട പരിഗണന ലഭിച്ചിരുന്നില്ല. അല്‍ നസറില്‍ അവന് മുന്നേറാനാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ മോര്‍ഗന്‍ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം അല്‍ ഇത്തിഹാദിനെതിരെ നടന്ന മത്സരത്തില്‍ അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇത്തിഹാദിന്റെ ജയം. ഇതോടെ കഴിഞ്ഞ രണ്ട് തവണ കിരീടം നേടിയ ടീം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയായിരുന്നു.
സൗദി അറേബ്യന്‍ ക്ലബ്ബിലെത്തിയ റോണോ അല്‍ നസര്‍ ജേഴ്സിയില്‍ കളിച്ച രണ്ടാമത്തെ മത്സരമാണ് കിങ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയത്.
സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാള്‍ഡോ അനായാസം ഗോളുകള്‍ അടിച്ചു കൂട്ടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും അത്ര മികച്ച തുടക്കമല്ല താരത്തിന് തന്റെ ക്ലബായ അല്‍ നസ്റില്‍ ലഭിച്ചിരിക്കുന്നത്.
പി.എസ്.ജിക്കെതിരെ നടന്ന സൗഹൃദ മത്സരത്തില്‍ രണ്ടു ഗോളുകള്‍ നേടി മികച്ച പ്രകടനം നടത്തിയെങ്കിലും തുടര്‍ന്ന് നടന്ന രണ്ട് മത്സരങ്ങളിലും റൊണാള്‍ഡോ ഗോള്‍ നേടിയിട്ടില്ല. വരാനിരിക്കുന്ന മത്സരങ്ങളില്‍ മോശം ഫോമില്‍ നിന്ന് പുറത്തുകടന്ന് മികച്ച പ്രകടനം നടത്തേണ്ടത് റൊണാള്‍ഡോക്ക് അനിവാര്യമാണ്.