| Monday, 26th December 2022, 11:31 am

ക്രിസ്റ്റ്യാനോ റൊണാൾഡോ 'തനി അഹങ്കാരി'; വിമർശനവുമായി മുൻ പരിശീലകൻ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പ് ഫുട്ബോളിലെ വലിയ ദുരന്ത കാഴ്ചകളിൽ ഒന്നായിരുന്നു ലോകകപ്പ് വേദിയിൽ നിന്നുള്ള റൊണാൾഡോയുടെ കണ്ണീരണിഞ്ഞുള്ള മടക്കം.

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കൊയൊട് എതിരില്ലാത്ത ഒരു ഗോളിന് ക്വാർട്ടർ ഫൈനലിൽ തോറ്റാണ് റൊണാൾഡോയുടെ ലോകകപ്പ് വേദിയിൽ നിന്നുള്ള പടിയിറക്കം. നിലവിൽ 37 വയസ്സുള്ള റൊണാൾഡോ ഇനി ഒരു ലോകകപ്പിൽ കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ.
ലോകകപ്പിൽ മെസി സമ്പൂർണനായപ്പോൾ തോറ്റ് മടങ്ങാനായിരുന്നു പോർച്ചുഗീസ് ഇതിഹാസത്തിന്റെ വിധി.

ലോകകപ്പിന് മുമ്പും ശേഷവുമായി ധാരാളം വിമർശനവും പ്രശംസയുമൊക്കെ നിരന്തരം ഏറ്റുവാങ്ങുന്ന റൊണാൾഡോക്കെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇറ്റാലിയൻ പരിശീലകനായ ഫാബിയോ കാപ്പെല്ലോ.

റൊണാൾഡോയുടെ സ്വഭാവത്തെയും രീതികളെയുമാണ് കാപ്പെല്ലോ വിമർശിച്ചത്.

“റൊണാൾഡോ തന്നെയാണ് അയാളുടെ കരിയർ ഈ വിധത്തിൽ നശിപ്പിച്ചത്. വളരെ നാണക്കേടായി പോയി അത്,’ അദ്ദേഹം പറഞ്ഞു.
“ഒരു ഫുട്ബോൾ പ്ലെയർ എന്ന നിലയിൽ അയാൾ ചോദ്യം ചെയ്യപ്പെടാൻ സാധിക്കാത്ത തരത്തിലുള്ള ഗംഭീര കളിക്കാരനാണ്. പക്ഷെ അയാൾ വലിയൊരു അഹങ്കാരിയാണ്.

പല ക്ലബ്ബുകളെയും അയാൾ തേടിപ്പോയിട്ടും ആരും അയാളെ ടീമിലെടുക്കുകയോ വിശ്വസിക്കുകയോ ചെയ്യുന്നില്ല. പല ക്ലബ്ബുകൾക്കും റോണാൾഡോയെ സ്വീകരിക്കാൻ ബുദ്ധിമുട്ടുള്ളത് പോലെ തോന്നുന്നുണ്ട്,’ കാപ്പെല്ലോ പറഞ്ഞു.

ഇറ്റാലിയൻ ദേശീയ ടീമിനെക്കൂടാതെ റോമ, റയൽ മാഡ്രിഡ്‌, എ.സി മിലാൻ, യുവന്റസ്, ഇംഗ്ലണ്ട്, റഷ്യൻ ടീമുകളെയും ഫാബിയോ കാപ്പെല്ലോ പരിശീലിപ്പിച്ചിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിച്ചിരുന്ന റൊണാൾഡോ ക്ലബ്ബുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ക്ലബ്ബ് വിട്ടിരുന്നു. ശേഷം താരത്തിന് പുതിയ ക്ലബ്ബ് ഒന്നും കണ്ടുപിടിക്കാൻ സാധിച്ചിരുന്നില്ല.

തന്നെ തുടർച്ചയായി ബെഞ്ചിൽ ഇരുത്തുന്നതിൽ പ്രതിഷേധിച്ച് ടോട്ടൻഹാമുമായുള്ള മത്സരം അവസാനിക്കും മുമ്പ് ബെഞ്ച് വിട്ട റോണാൾഡോക്കെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ക്ലബ്ബും റൊണാൾഡോയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.

ശേഷം പിയേഴ്‌സ് മോർഗനു മായുള്ള ആഭിമുഖത്തിൽ ക്ലബ്ബിനെ പരസ്യമായി വിമർശിച്ചതോടെ റൊണാൾഡോയും മാൻയുണൈറ്റഡും തമ്മിൽ ഉഭയകക്ഷി സമ്മത പ്രകാരം പിരിയുകയായിരുന്നു.

അതേസമയം സൗദി ക്ലബ്ബായ അൽ-നാസറുമായി റൊണാൾഡോ കരാറിൽ ഏർപ്പെട്ടെന്ന് സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്ക റിപ്പോർട്ട്‌ ചെയ്തിരുന്നു. 200 മില്യൺ യൂറോക്കാണ് താരം ക്ലബ്ബിൽ ചേർന്നതെന്നായിരുന്നു റിപ്പോർട്ടുകൾ.

Content Highlights:Cristiano Ronaldo Is Arrogant Former coach fabio capello

We use cookies to give you the best possible experience. Learn more