യൂത്ത് സ്‌കോളര്‍ഷിപ്പുകളെ പിന്തുണക്കുന്നതിന്റെ ഭാഗമായി സിംഗപ്പൂര്‍ സന്ദര്‍ശനത്തിലാണ് നിലവില്‍ അല്‍ നസറിന്റെ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സിംഗപ്പൂരില്‍ ആയിരത്തിലധികം യുവാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന റോണോ പരിസ്ഥിതി സുസ്ഥിരതയെ കുറിച്ചും സംസാരിക്കും.
സിംഗപ്പൂര്‍ സന്ദര്‍ശനത്തിനിടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം മറുപടി നല്‍കിയിരുന്നു. കളിയുടെ കാര്യത്തില്‍ എന്താണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന ചോദ്യത്തിന് റൊണാള്‍ഡോ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണിപ്പോള്‍. തന്റെ പാഷന്‍ ആണ് പിന്തുടരുന്നതെന്നും ആളുകളെ സന്തോഷിപ്പിക്കുമ്പോള്‍ പ്രചോദനം ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘എനിക്കിഷ്ടമുള്ള കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്. ഫുട്‌ബോള്‍ കളിക്കുക എന്നതാണ് എന്റെ പാഷന്‍. ഒരുപാട് വര്‍ഷമായിട്ട് ഞാന്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴും ഞാന്‍ അത് ഒത്തിരി ആസ്വദിക്കുന്നുണ്ട്.
‘ഫുട്‌ബോള്‍ കളിക്കുന്നതിലൂടെ ആളുകളെ സന്തോഷിപ്പിക്കുക, കുടുംബത്തെയും കുട്ടികളെയും സന്തോഷിപ്പിക്കുക, സ്വയം സന്തോഷം കണ്ടെത്തുക. ഇതൊക്കെ ചെയ്യുമ്പോഴാണ് എനിക്ക് പ്രചോദനം ലഭിക്കുന്നത്. ഇതാണ് എന്റെ ഗോള്‍,’ റോണോ പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ പോകേണ്ടി വന്ന താരത്തിന് മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളില്‍ ഇടം നേടാനായിരുന്നില്ല. തുടര്‍ന്നാണ് താരം മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങിയത്.
അതേസമയം, സൗദി ലീഗില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ് അല്‍ നസര്‍. പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള അല്‍ ഇത്തിഹാദ് ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായിരുന്നു.
Content Highlights: Cristiano Ronaldo interacts with youngsters in Singapore