'റൊണാൾഡോ എഫക്ട്'; മാഞ്ചസ്റ്റർ യുണൈറ്റഡിനെയും മറികടന്ന് സോഷ്യൽ മീഡിയ റാങ്കിങ്ങിൽ കുതിച്ചുയർന്ന് അൽ നസർ
football news
'റൊണാൾഡോ എഫക്ട്'; മാഞ്ചസ്റ്റർ യുണൈറ്റഡിനെയും മറികടന്ന് സോഷ്യൽ മീഡിയ റാങ്കിങ്ങിൽ കുതിച്ചുയർന്ന് അൽ നസർ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd March 2023, 5:47 pm

റൊണാൾഡോയുടെ കടന്ന് വരവോടെ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് അൽ നസറും സൗദി പ്രോ ലീഗും.
റോണോയെ പ്രതിവർഷം 225മില്യൺ യൂറോ എന്ന വമ്പൻ തുകക്ക് തങ്ങളുടെ തട്ടകത്തിലെത്തിച്ചതോടെ അൽ നസറിന്റെ ബ്രാൻഡ് മൂല്യവും ആഗോള പ്രശസ്തിയും കുതിച്ചുയരുകയായിരുന്നു.

എന്നാലിപ്പോൾ സമൂഹ മാധ്യമ ഇടപെടലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും മറികടന്ന് ലോകത്ത് നാലാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുകയാണ് അൽ നസർ.

ഡീപ്പോർ ഫിനാൻസാണ് സമൂഹ മാധ്യമ ഇടപെടലുകളിൽ അൽ നസർ നാലാം സ്ഥാനത്തേക്കുയർന്നു എന്ന വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.


അൽ നസറിൽ ഗംഭീര പ്രകടനം കാഴ്ച വെക്കുന്ന റൊണാൾഡോ സൗദി ക്ലബ്ബ്‌ അവസാനം നേടിയ 10 ഗോളുകളിലും തന്റെ കൈയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. കൂടാതെ അൽ നസറിനായി ആറ് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകൾ സ്വന്തമാക്കാനും റൊണാൾഡോക്കായി.

കഴിഞ്ഞ ജനുവരി മാസത്തിൽ മൊത്തം 150 മില്യൺ സമൂഹ മാധ്യമ ഇടപെടലുകളാണ് അൽ നസറുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അങ്ങോളമിങ്ങോളമുണ്ടായിരിക്കുന്നത്.

203 മില്യൺ ഇടപെടലുകളുമായി ബാഴ്സലോണ, 207 മില്യൺ ഇടപെടലുകളുമായി പി.എസ്.ജി, 209 മില്യൺ ഇടപെടലുകളുമായി റയൽ മാഡ്രിഡ്‌ എന്നിവർ മാത്രമാണ് അൽ നസറിന് മുന്നിലുള്ളത്.

149 മില്യൺ ഇടപെടലുകളുമായി മാഞ്ചസ്റ്റർ യുണൈറ്റഡാണ് അഞ്ചാം സ്ഥാനത്ത്.


ഒമ്പതാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റി, പതിനൊന്നാം സ്ഥാനത്തുള്ള ചെൽസി, പതിനാലാം സ്ഥാനത്തുള്ള ആഴ്സണൽ പതിനേഴാം സ്ഥാനത്തുള്ള ലിവർപൂൾ എന്നിവയാണ് പട്ടികയിൽ ഇടം പിടിച്ച മറ്റ് പ്രമുഖ ക്ലബ്ബുകൾ.

അതേസമയം സൗദി പ്രോ ലീഗിൽ 18 മത്സരങ്ങളിൽ നിന്നും 13 വിജയങ്ങളോടെ 43 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അൽ നസർ. മാർച്ച് മൂന്നിന് അൽ ബത്തീനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:Cristiano Ronaldo helps Al-Nassr rise above Manchester United and other Premier League clubs in social media rankings