| Tuesday, 1st August 2023, 2:12 pm

മെസിയൊന്നും ചിത്രത്തില്‍ പോലും ഇല്ല; ഒറ്റ ഗോള്‍ കൊണ്ട് ചരിത്രത്തിലിടം നേടി റൊണാള്‍ഡോ, ഒന്നാമന്‍

സ്പോര്‍ട്സ് ഡെസ്‌ക്

അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പില്‍ റെക്കോഡിട്ട് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചൊവ്വാഴ്ച മൊണാസ്റ്റിറിനെതിരായ മത്സരത്തില്‍ നേടിയ ഒറ്റ ഗോളിന്റെ ബലത്തിലാണ് റൊണാള്‍ഡോ ചരിത്രത്തിലേക്ക് നടന്നുകയറിയത്.

മത്സരത്തിന്റെ 74ാം മിനിട്ടിലാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. സുല്‍ത്താന്‍ അല്‍ ഘാനമിന്റെ ക്രോസില്‍ കൃത്യമായി തലവെച്ച റൊണാള്‍ഡോ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ പന്ത് വലയിലാക്കുകയായിരുന്നു. കരിയറിലെ 839ാം ഗോളാണ് റൊണാള്‍ഡോ ഇതോടെ സ്വന്തമാക്കിയത്.

ഈ ഹെഡ്ഡര്‍ ഗോളിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ക്രിസ്റ്റ്യാനോയെ തേടിയെത്തിയിരുന്നു. ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ഹെഡ്ഡര്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോഡാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. ജര്‍മനിയുടെ ഗ്രെഡ് മുള്ളറിന്റെ റെക്കോഡാണ് പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണല്‍ മറികടന്നത്.

മത്സരത്തിന് മുമ്പ് 144 ഗോളോടെ മുള്ളറിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട റൊണാള്‍ഡോ മത്സരത്തിന് പിന്നാലെ ജര്‍മന്‍ ഇതിഹാസത്തെ മറികടക്കുകയായിരുന്നു.

ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഹെഡ്ഡറിലൂടെ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍) – 145

ഗ്രെഡ് മുള്ളര്‍ (ജര്‍മനി) – 144

കാര്‍ലോസ് സാന്തിയാന (സ്‌പെയ്ന്‍) – 125

പെലെ (ബ്രസീല്‍) – 124

അതേസമയം, മൊണാസ്റ്റിറിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിന് അല്‍ നസര്‍ വിജയിച്ചിരുന്നു. മത്സരത്തിന്റെ 42ാം മിനിട്ടില്‍ ടാലിസ്‌കയുടെ ഗോളില്‍ അല്‍ നസര്‍ മുമ്പിലെത്തിയെങ്കിലും 60ാം മിനിട്ടില്‍ വഴങ്ങിയ സെല്‍ഫ് ഗോളില്‍ എതിരാളികള്‍ സമനില നേടി

74ാം മിനിട്ടില്‍ റൊണാള്‍ഡോയിലൂടെ ലീഡ് നേടിയ അല്‍ നസര്‍ 88ാം മിനിട്ടില്‍ അബ്ദുള്ള അല്‍-അമ്‌രിയിലൂടെയും 90ാം മിനിട്ടില്‍ അബ്ദുളസീസ് സൗദ് അല്‍ എല്‍വായിലൂടെയും ലീഡ് ഊട്ടിയുറപ്പിച്ചു.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 4-1 എന്ന സ്‌കോറില്‍ അല്‍ നസര്‍ വിജയം സ്വന്തമാക്കി.

ഈ വിജയത്തിന് പിന്നാലെ അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പിന്റെ ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തെത്താനും അല്‍ നസറിനായി. രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവവും സമനിലയുമായി നാല് പോയിന്റാണ് അല്‍ നസറിനുള്ളത്.

ആഗസ്റ്റ് മൂന്നിനാണ് ടൂര്‍ണമെന്റില്‍ അല്‍ നസറിന്റെ അടുത്ത മത്സരം. ഈജിപ്ഷ്യന്‍ ക്ലബ്ബായ സമാലെക് എസ്.സിയാണ് എതിരാളികള്‍.

Content Highlight: Cristiano Ronaldo has become the player who scored the most header goals in the history of football

We use cookies to give you the best possible experience. Learn more