'നിങ്ങളുടെ വിജയം എന്റേത് കൂടിയാണ്' കളി പഠിച്ച ക്ലബ്ബിനോടുള്ള സ്‌നേഹം പങ്കുവെച്ച് റൊണാള്‍ഡോ
Football
'നിങ്ങളുടെ വിജയം എന്റേത് കൂടിയാണ്' കളി പഠിച്ച ക്ലബ്ബിനോടുള്ള സ്‌നേഹം പങ്കുവെച്ച് റൊണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th May 2024, 12:22 pm

2023-24 ലീഗിലെ ചാമ്പ്യന്മാരായി സ്‌പോര്‍ട്ടിങ് എഫ്.സി. 32 മത്സരങ്ങളില്‍ നിന്നും 27 വിജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയും അടക്കം 84 പോയിന്റോടെയാണ് സ്‌പോര്‍ട്ടിങ് കിരീടനേട്ടത്തിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ബെനിഫിക്കയുമായി എട്ട് പോയിന്റിന്റെ വ്യത്യാസമാണ് സ്‌പോര്‍ട്ടിങ്ങിനുള്ളത്.

മെയ് നാലിന് പോര്‍ട്ടിമോനെന്‍സിനെതിരെയുള്ള മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ തകര്‍പ്പന്‍ വിജയം പോര്‍ച്ചുഗീസ് ക്ലബ്ബ് സ്വന്തമാക്കിയിരുന്നു. പൗളിഞ്ഞോ 13, ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോ 70, വിക്ടര്‍ ഗിയോകെറസ് 90+2 എന്നിവരുടെ ഗോളുകളുടെ മികവിലാണ് സ്‌പോര്‍ട്ടിങ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.

കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ബെനിഫിക്കാ ഇതിലില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫാമിലിക്കാവയോട് പരാജയപ്പെട്ടിരുന്നു. ഇതോടുകൂടിയാണ് സ്‌പോര്‍ട്ടിങ് കിരീടം സ്വന്തമാക്കിയത്.

ഈ വിജയത്തിന് പിന്നാലെതന്റെ പഴയ ക്ലബ്ബായ സ്‌പോര്‍ട്ടിങ്ങിന്റെ കിരീടനേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടില്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് പോസ്റ്റ് ചെയ്ത ടീമിന്റെയും പരിശീലകന്‍ അമോറിമിന്റെയും ഫോട്ടോ സ്റ്റോറിയാക്കുകയായിരുന്നു റൊണാള്‍ഡോ. ‘ അഭിനന്ദനങ്ങള്‍ ചാമ്പ്യന്മാരെ’ എന്നാണ് റൊണാള്‍ഡോ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം ഓള്‍ഡ് ട്രാഫോഡില്‍ എത്തുന്നതിനു മുന്നോടിയായി റൊണാള്‍ഡോ സ്‌പോര്‍ട്ടിങ്ങിന് വേണ്ടിയായിരുന്നു ബൂട്ട് കെട്ടിയിരുന്നത്. പോര്‍ച്ചുഗല്‍ ക്ലബ്ബിന് വേണ്ടി 31 മത്സരങ്ങള്‍ കളിച്ച പോര്‍ച്ചുഗീസ് സൂപ്പര്‍ താരം അഞ്ച് ഗോളുകളും ആറ് അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

അതേസമയം റൊണാള്‍ഡോ നിലവില്‍ സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് കളിക്കുന്നത്. സൗദി വമ്പന്മാര്‍ക്കൊപ്പം 39ാം വയസ്സിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ നടത്തുന്നത്.

അവസാന മത്സരത്തില്‍ അല്‍ വെഹ്ദക്കെതിരെ ആറ് ഗോളുകളുടെ വിജയം അല്‍ നസര്‍ സ്വന്തമാക്കിയിരുന്നു. ഈ മത്സരത്തിൽ റൊണാള്‍ഡോ തകര്‍പ്പന്‍ ഹാട്രിക് നേടി സൗദി വമ്പന്‍മാരുടെ വിജയത്തില്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്.

നിലവില്‍ സൗദി ലീഗില്‍ 30 മത്സരങ്ങളില്‍ നിന്നും 27 വിജയവും രണ്ടു സമനിലയും നാലു തോല്‍വിയും അടക്കം 74 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും. ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലുമായി എട്ട് പോയിന്റ് വ്യത്യാസമാണ് അല്‍ നസറിനുള്ളത്.

മെയ് ഒമ്പതിന് അല്‍ അക്ദൗതിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. പ്രിന്‍സ് ഹാത്ത്ഹൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Cristiano Ronaldo hailed Sporting’s title win