| Friday, 14th June 2024, 11:06 am

റൊണാൾഡോ ജർമനിയിലും രാജാവ് തന്നെ! കളത്തിലറങ്ങും മുമ്പേ റെക്കോഡ് തരംഗവുമായി പോർച്ചുഗീസ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോ കപ്പിനെ വരവേല്‍ക്കാന്‍ ഫുട്‌ബോള്‍ ലോകം ഒരുങ്ങി കഴിഞ്ഞു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ജര്‍മനി സ്‌കോട്‌ലാന്‍ഡിനെ നേരിടുന്നതോടുകൂടിയാണ് യൂറോ മാമാങ്കത്തിന് കിക്ക് ഓഫ് ആരംഭിക്കുന്നത്.

യൂറോ ചാമ്പ്യന്‍ഷിപ്പിന് വേണ്ടി സൂപ്പര്‍താരംക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ അവസാനവട്ട ഒരുക്കത്തിലാണ്. പോര്‍ച്ചുഗല്‍ ടീം ഇന്ന് ജര്‍മനിയില്‍ ഓപ്പണ്‍ സെക്ഷന്‍ പരിശീലനം നടത്തുന്നുണ്ട്.

സൂപ്പര്‍ താരം റൊണാള്‍ഡോയുടെ പരിശീലനം കാണാനായി വന്‍തോതില്‍ ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സ്‌പോര്‍ട്‌സ് സ്റ്റാര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം റൊണാള്‍ഡോയുടെ പരിശീലനം കാണാനായി 6000 ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടുവെന്നാണ് പറയുന്നത്.

യൂറോകപ്പിന് മുന്നോടിയായി നടന്ന അവസാന സൗഹൃദ മത്സരത്തില്‍ അയര്‍ലാന്‍ഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പറങ്കിപ്പട വിജയിച്ചിരുന്നു. ആ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിക്കൊണ്ട് തകര്‍പ്പന്‍ പ്രകടനമായിരുന്നു റൊണാള്‍ഡോ നടത്തിയത്.

അതേസമയം തന്റെ ഫുട്ബോള്‍ കരിയറിലെ ആറാമത്തെ യൂറോപ്പ്യന്‍ കപ്പിനാണ് റൊണാള്‍ഡോ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. യൂറോ കപ്പില്‍ റൊണാള്‍ഡോ കളത്തില്‍ ഇറങ്ങുന്നതോടുകൂടി ഒരു ചരിത്ര നേട്ടമായിരിക്കും പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തെ തേടിയെത്തുക.

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറ് വ്യത്യസ്ത പതിപ്പുകളില്‍ കളിക്കുന്ന ആദ്യ താരമായി മാറാന്‍ റൊണാള്‍ഡോക്ക് സാധിക്കും. 2004, 2008, 2012, 2016, 2021 എന്നീ വര്‍ഷങ്ങള്‍ നടന്ന യൂറോ കപ്പുകളിലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ബൂട്ട് കെട്ടിയത്.

യൂറോ കപ്പിനുള്ള യോഗ്യത മത്സരത്തില്‍ മിന്നും പ്രകടനമായിരുന്നു റൊണാള്‍ഡോ നടത്തിയിരുന്നത്. പത്തില്‍ പത്ത് മത്സരങ്ങളും വിജയിച്ചു കൊണ്ട് രാജകീയമായി ആയിരുന്നു പോര്‍ച്ചുഗല്‍ യൂറോകപ്പിന് യോഗ്യത നേടിയത്.

യോഗ്യത മത്സരങ്ങളില്‍ പത്തു ഗോളുകള്‍ ആയിരുന്നു റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. ഈ സീസണില്‍ സൗദി വമ്പന്‍മാരായ അല്‍ നസറിന് വേണ്ടി ഈ സീസണില്‍ മിന്നും പ്രകടനമാണ് റൊണാള്‍ഡോ നടത്തിയത്. 35 ഗോളുകളും 13 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ സൗദി ലീഗില്‍ നേടിയത്.

റൊണാള്‍ഡോക്ക് പുറമെ വെറ്ററന്‍ താരം പെപ്പെ, ഡിയാഗോ ജോട്ട, ബര്‍ണാഡോ സില്‍വ, ഗോണ്‍സാലോ റാമോസ്, ജാവോ ഫെലിക്സ്, ബ്രൂണോ ഫെര്‍ണാണ്ടസ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ കൂടി പോര്‍ച്ചുഗല്‍ ടീമില്‍ ചേരുമ്പോള്‍ ടീം കൂടുതല്‍ കരുത്തുറ്റതായി മാറുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

ഗ്രൂപ്പ് എഫില്‍ പോര്‍ചുഗലിനൊപ്പം തുര്‍ക്കി, ചെക്ക് റിപ്പബ്ലിക്, ജോര്‍ജിയ എന്നീ ടീമുകളാണ് കിരീടപോരാട്ടത്തിനായി മാറ്റുരക്കുന്നത് . ജൂണ്‍ 19ന് ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് റൊണാള്‍ഡോയുടെയും കൂട്ടരുടെയും ആദ്യ മത്സരം. റെഡ്ബുള്‍ അറീനയാണ് വേദി.

Content Highlight: Cristiano Ronaldo Great Impact on Euro Cup 2024

We use cookies to give you the best possible experience. Learn more