ലോകകപ്പിലേക്കുള്ള തങ്ങളുടെ ശക്തമായ വരവറിയിച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ ടീം. യുവേഫ നാഷന്‍സ് ലീഗില്‍ ചെക്ക് റിപ്പബ്ലിക്കിനെ 4-0ത്തിന് തകര്‍ത്തുകൊണ്ടാണ് ക്രിസ്റ്റ്യാനോയുടെ ടീം കരുത്ത് കാണിച്ചുതന്നത്.
മത്സരത്തില്‍ ആദ്യാവസാനം ആധിപത്യം പുലര്‍ത്തിയായിരുന്നു പോര്‍ച്ചുഗലിന്റെ കളി. പോര്‍ച്ചുഗലിന്റെ മികവിന് മുന്നില്‍ തിരിച്ചടിക്കാന്‍ പോയിട്ട്, പിടിച്ചു നില്‍ക്കാന്‍ പോലും ചെക്ക് പടക്ക് കഴിഞ്ഞില്ല.
33ാം മിനിട്ടിലായിരുന്ന ദാലോതിന്റെ ആദ്യ ഗോള്‍. 45ാം മിനിട്ടില്‍ ബ്രൂണോ ഫെര്‍ണാഡസ് പോര്‍ച്ചുഗലിന് വേണ്ടി അടുത്ത ഗോള്‍ നേടി. ഹാഫ് ടൈമിന് ശേഷം കൂടുതല്‍ എനര്‍ജിയുമായി ഗ്രൗണ്ടില്‍ തിരിച്ചെത്തിയ ടീം 52ാം മിനിട്ടില്‍ അടുത്ത ഗോളും സ്‌കോര്‍ ചെയ്തു. ഒടുവില്‍ 82ാം മിനിട്ടില്‍ ജോട്ടോയും ചെക്കിന്റെ വല കുലുക്കി.
ഇങ്ങനെ ഗോള്‍ വല കുലുക്കിയത് ഇവരാണെങ്കിലും, പോര്‍ച്ചുഗല്‍ ആരാധകരുടെ മനസില്‍ ഒരിക്കല്‍ കൂടി തന്റെ സ്ഥാനം ഉറപ്പിച്ചത് തന്റെ വണ്‍ ആന്റ് ഓണ്‍ലി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.
സ്‌കോര്‍ പട്ടികയില്‍ ജോട്ടോക്ക് നല്‍കിയ ഒരു അസിസ്റ്റ് മാത്രമേ ക്രിസ്റ്റിയാനോയുടെ പേരിലുള്ളൂവെങ്കിലും, അതിനും എത്രയോ അപ്പുറമാണ് കഴിഞ്ഞ ദിവസത്തെ കളിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യമെന്നാണ് ആരാധകര്‍ പറയുന്നത്.
മത്സരത്തിനിടയില്‍ ക്രിസ്റ്റ്യാനോയുടെ മൂക്കിന് ഗുരുതര പരിക്കേറ്റിരുന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ ഗോളി തോമസ് വാക്‌ലികുമായി കൂട്ടിയിടിച്ചാണ് ക്രിസ്റ്റിയാനോയുടെ മൂക്കിന് പരിക്കേറ്റത്. കളി തുടങ്ങി പന്ത്രണ്ടാം മിനിട്ടിലായിരുന്നു ഇത്.
ചോരയൊഴുകുന്ന മൂക്കുമായി റോണോ താഴെ വീണു. ഇതുകണ്ട് എല്ലാവരും പേടിച്ചുപോയെങ്കിലും, ക്രിസ്റ്റ്യാനോ ആവശ്യമായ പ്രാഥമിക ശുശ്രൂഷ സ്വീകരിച്ച ശേഷം കളത്തില്‍ തന്നെ തുടര്‍ന്നു. ഇത് കാണികളുടെ ഹൃദയം തൊട്ടു.
കളിക്ക് ശേഷം ക്രിസ്റ്റ്യാനോക്ക് ട്വിറ്ററില്‍ അഭിനന്ദപ്രവാഹമാണ്. രാജ്യത്തിനോടും ഫുട്‌ബോളിനും വേണ്ടി ഇതില്‍ കൂടുതല്‍ ഇയാള്‍ക്ക് എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ പറയുന്നതെന്ന് ഒരാള്‍ ട്വീറ്റില്‍ ചോദിച്ചു.
ഈ മുപ്പത്തിയേഴുകാരന് പണത്തോടല്ല ഫുട്‌ബോളിനോട് എന്നും കൊതിയെന്നാണ് മറ്റൊരു ട്വീറ്റ്. രാജാവിന് മുറിവേറ്റന്നേയുള്ളുവെന്നും കൂടുതല്‍ ശക്തിയോടെ അദ്ദേഹം തിരിച്ചുവരുന്നത് വരും കളികളില്‍ കാണാമെന്നും ഇവര്‍ പറയുന്നു.
അതേസമയം പോര്‍ച്ചുഗലിന്റെ ഗോളടി മെഷീന് ഒരു ഗോള്‍ പോലും നേടാനായില്ലല്ലോ എന്ന പരാതിയും ചിലയിടങ്ങളില്‍ നിന്നുയര്‍ന്നിരുന്നു. പോര്‍ച്ചുഗല്‍ ടീം മാനേജര്‍ ഫെര്‍ണാണ്ടോ സാന്റോസ് ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തി.
ക്രിസ്റ്റ്യാനോ മറ്റുള്ളവര്‍ക്ക് സ്‌പേസ് നല്‍കുകയും അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ പോര്‍ച്ചുഗല്‍ നേടിയ ഗോളുകളൊന്നും സാധ്യമാകില്ലായിരുന്നു എന്നാണ് ഫെര്‍ണാണ്ടോയുടെ വാക്കുകള്‍.
‘ഫുട്‌ബോള്‍ എന്നാല്‍ ഇങ്ങനെയൊക്കെയാണ്. അവന് സ്‌കോര്‍ ചെയ്യാനുള്ള മൂന്നോ നാലോ അവസരങ്ങളുണ്ടായിരുന്നു. അതില്‍ ചിലതില്‍ അവന്റെ കിക്ക് പാളിപ്പോയി. ചിലതില്‍ അവനെടുത്ത കിക്കുകള്‍ നല്ലതായിരുന്നെങ്കിലും ഗോളായില്ല. ഇതൊക്കെ ഫുട്‌ബോളിന്റെ ഭാഗമാണ്.
ടീമിന് വേണ്ടി ക്രിസ്റ്റ്യാനോ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അവന്‍ ആ സ്‌പേസ് തുറന്നുകൊടുത്തില്ലായിരുന്നെങ്കില്‍ ഇന്ന് ഈ പറയുന്ന ഗോളുകള്‍ പോലുമുണ്ടാകുമായിരുന്നില്ല.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്‍ നിന്ന് നമ്മള്‍ എല്ലാവരും ഗോളുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതുപോലെ തന്നെ പോര്‍ച്ചുഗീസ് ടീമില്‍ നിന്നും ഞങ്ങളും അവനും ഗോളുകള്‍ പ്രതിക്ഷീക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങള്‍ മികച്ച രീതിയില്‍ ജയിച്ചതിന്റെ സന്തോഷത്തിലാണ് അവന്‍,’ ഫെര്‍ണാണ്ടോ സാന്റോസ് പറഞ്ഞു.
നാഷന്‍സ് ലീഗിലെ പോര്‍ച്ചുഗീസിന്റെ അടുത്ത മാച്ച് സ്‌പെയിനുമായിട്ടാണ്. 28നാണ് മാച്ച് നടക്കുന്നത്. ഗ്രൂപ്പ് ബിയിലെ വാശിയേറിയ പോരാട്ടത്തിനാണ് ലോകം കാത്തിരിക്കുന്നത്.
Content Highlight: Cristiano Ronaldo gets injured in match against Czech Republic