തുർക്കി-സിറിയ ഭൂചലനത്തിൽ പിതാവിനെ നഷ്ടപ്പെട്ട ബാലകന് കൈത്താങ്ങായി റൊണാൾഡോ. റാബിഹ് ഷഹീൻ എന്ന ബാലന്റെ വലിയ സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുകയാണ് റൊണാൾഡോ.
മുമ്പ് ഭൂകമ്പ ബാധിത പ്രദേശത്ത് നിന്നും റൊണാൾഡോയെ കാണണമെന്നുള്ള ആഗ്രഹം പ്രകടിപ്പിച്ച റാബിഹ് ഷഹീന്റെ വീഡിയോ മുമ്പ് വൈറലായിരുന്നു.
യു.എ.ഇ മാധ്യമ പ്രവർത്തകനായ അൽ മുസാക്കി സിറിയയിലെ യു.എ.ഇ സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്നതിനിടെയാണ് റാബിഹ് ഷഹീനെ കണ്ട് മുട്ടുന്നത്.
ഇതിന് ശേഷം മുസാക്കി പോസ്റ്റ് ചെയ്ത റൊണാൾഡോയെ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്ന ഷഹീന്റെ വീഡിയോയായിരുന്നു പിന്നീട് വൈറലായത്.
തുടർന്ന് ഈ വീഡിയോ സൗദി എന്റർടൈൻമെന്റ് അതോറിറ്റി ജനറലായ തുർക്കി അൽ ഷെയ്ഖിന്റെ ശ്രദ്ധയിൽ പെടുകയും അദ്ദേഹം ഷഹീനെ റിയാദിലേക്കെത്തിക്കുകയുമായിരുന്നു.
തുടർന്ന് അദ്ദേഹം റാബിഹ് ഷഹീന് റൊണാൾഡോയെക്കാണാൻ അവസരമൊരുക്കുകയുമായിരുന്നു.
അൽ നസർ ക്യാമ്പിൽ റൊണാൾഡോയെ കണ്ടയുടനെ ഓടിച്ചെന്ന് കേട്ടിപ്പിടിക്കുന്ന വീഡിയോയും വൈറലായിരിക്കുകയാണ്.
റൊണാൾഡോയെ കണ്ട ശേഷം റാബിഹ് ഷഹീൻ റോണോയുടെ സുയീ സെലിബ്രേഷൻ അനുകരിക്കുകയും ചെയ്തു.
ഷഹീനെ കാണാൻ സമ്മതിച്ചതിന് നന്ദിയറിയിച്ച് തുർക്കി അൽ ഷെയ്ഖ് പോസ്റ്റ് ചെയ്ത ട്വീറ്റിനും വലിയ പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്.
അതേസമയം സൗദി പ്രോ ലീഗിൽ 19 മത്സരങ്ങളിൽ നിന്നും 14 വിജയങ്ങളോടെ 46 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് അൽ നസർ. മാർച്ച് ഒമ്പതിന് അൽ ഇത്തിഹാദിനെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം.
കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ നിന്ന് മാത്രം എട്ട് ഗോളുകളാണ് റൊണാൾഡോ അൽ നസറിനായി സ്വന്തമാക്കിയത്. അൽ നസർ അവസാനം നേടിയ പതിമൂന്ന് ഗോളുകളിൽ പത്തിലും കൈയ്യൊപ്പ് ചാർത്താനും റൊണാൾഡോക്ക് സാധിച്ചിട്ടുണ്ട്.
Content Highlights:Cristiano Ronaldo fulfills dream of Syrian boy who lost his father in earthquake; video