ഗോളടിച്ച് ഗോളടിച്ച് മറഡോണ അവാര്‍ഡും സ്വന്തമാക്കി റൊണാള്‍ഡോ; അല്‍ നസര്‍ നായകന്‍ കുതിക്കുന്നു
Sports News
ഗോളടിച്ച് ഗോളടിച്ച് മറഡോണ അവാര്‍ഡും സ്വന്തമാക്കി റൊണാള്‍ഡോ; അല്‍ നസര്‍ നായകന്‍ കുതിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 4th January 2024, 10:38 pm

2023ല്‍ ഏറ്റവുമധികം ഗോള്‍ നേടിയതിന് പിന്നാലെ ഗ്ലോബ് സോക്കറിന്റെ മറഡോണ പുരസ്‌കാരം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബ്ബ് തലത്തില്‍ അല്‍ നസറിനും പോര്‍ച്ചുഗല്‍ ദേശീയ ടീമിനും വേണ്ടി 54 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.

ജനുവരി 19ന് ദുബായിലെ ദി അറ്റ്‌ലാന്റിസ്, പാമില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം നല്‍കുക.

52 ഗോള്‍ നേടിയ ബയേണ്‍ മ്യൂണിക് സൂപ്പര്‍ താരം ഹാരി കെയ്ന്‍, പി.എസ്.ജി സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ, മാഞ്ചസ്റ്റര്‍ സിറ്റി വണ്ടര്‍ കിഡ് എര്‍ലിങ് ഹാലണ്ട് എന്നിവരെ മറികടന്നാണ് രൊണാള്‍ഡോ കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ഗോള്‍ നേടിയത്.

 

 

ഹാരി കെയ്‌നും എംബാപ്പെയും കഴിഞ്ഞ വര്‍ഷം 52 ഗോള്‍ നേടിയപ്പോള്‍ 50 ഗോളാണ് ഹാലണ്ട് തന്റെ പേരില്‍ കുറിച്ചത്.

അല്‍ നസറിനായി കളിച്ച 50 മത്സരത്തില്‍ നിന്ന് റൊണാള്‍ഡോ 44 തവണ വലകുലുക്കിയപ്പോള്‍ പോര്‍ച്ചുഗലിനായി കളിച്ച ഒമ്പത് മത്സരത്തില്‍ നിന്നും പത്ത് ഗോളാണ് ഇതിഹാസ താരം സ്വന്തമാക്കിയത്.

2017ന് ശേഷം ഇതാദ്യമായാണ് റൊണാള്‍ഡോ ഒരു കലണ്ടര്‍ ഇയറില്‍ 50 ഗോളുകള്‍ പൂര്‍ത്തിയാക്കുന്നത്. അന്ന് പോര്‍ച്ചുഗലിനും റയല്‍ മാഡ്രിഡിനും വേണ്ടി 53 ഗോളാണ് താരം സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം സൗദി പ്രോ ലീഗില്‍ 34 ഗോളുകളാണ് റോണോ സ്‌കോര്‍ ചെയ്തത്. അതില്‍ 20 ഗോളുകളും ഇപ്പോള്‍ നടക്കുന്ന സീസണിലാണ് താരം വലയിലാക്കിയത്.

സീസണിലെ 25 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകളും 11 അസിസ്റ്റുകളുമാണ് അല്‍ നസര്‍ ക്യാപ്റ്റന്‍ അടിച്ചുകൂട്ടിയത്. അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പിലെ ആറ് മത്സരത്തില്‍ നിന്നും ആറ് ഗോളും റൊണാള്‍ഡോ സ്വന്തമാക്കി.

 

 

Content highlight: Cristiano Ronaldo felicitated with Globe Soccer’s Maradona award