| Sunday, 22nd October 2023, 3:52 pm

മെസി ഇറങ്ങിയിട്ടും മയാമി തോറ്റു, റോണോയുടെ മികവില്‍ അല്‍ നസര്‍ ജയിച്ചു; മെസിക്കെതിരെ CR7 ഫാന്‍സിന്റെ ട്രോള്‍മഴ

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ ലീഗ് സോക്കറിലെ സീസണിലെ അവസാന മത്സരത്തില്‍ ഇന്റര്‍ മയാമി ഷാര്‍ലറ്റ് എഫ്.സിയോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഇറങ്ങിയിട്ടും മയാമി പരാജയപ്പെടുകയായിരുന്നു.

അതേസമയം അല്‍ നസര്‍ ഡമാക്‌സ് എഫ്.സിക്കെതിരെ 2-1ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ റൊണാള്‍ഡോ ഒരു തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളും നേടിയിരുന്നു.

ഈ സാഹചര്യത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആരാധകര്‍ മെസിയെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി.

‘റൊണാള്‍ഡോ 38ാം വയസ്സില്‍ ഫ്രീകിക്ക് ഗോള്‍ നേടി. എന്നാല്‍ 36 വയസ്സുള്ള മെസി എം.എല്‍.എസില്‍ പരാജയപ്പെട്ടു. മെസി അങ്ങനെ ഗോട്ട് ചര്‍ച്ചയില്‍ ഇല്ലാതായി,’ ഒരു ആരാധകന്‍ എക്സില്‍ കുറിച്ചു.

‘റൊണാള്‍ഡോ ഒരു ഫ്രീകിക്ക് നേടിയപ്പോള്‍ മെസി ഒന്നുമല്ലാതായി,’ മറ്റൊരു ആരധകന്‍ കമന്റ് ചെയ്തു.

ഈ സീസണിലാണ് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും മെസി ഇന്റര്‍ മയാമിയില്‍ എത്തിയത്. മെസിയുടെ വരവോടെ മികച്ച മുന്നേറ്റമായിരുന്നു ഇന്റര്‍ മയാമി കാഴ്ചവെച്ചത്. മെസിയുടെ നേതൃത്വത്തില്‍ ഇതുവരെ ഇല്ലാതിരുന്ന കിരീടം നേടാനും മയാമിക്ക് സാധിച്ചിരുന്നു.

മയാമിക്ക് വേണ്ടി 14 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് മെസി നേടിയത്. സെപ്റ്റംബറില്‍ ഇന്റര്‍നാഷണല്‍ ബ്രേക്കിനിടെയാണ് താരത്തിന് പരിക്ക് സംഭവിച്ചത്. പിന്നീട് ഇന്റര്‍ മയാമിയുടെ മത്സരങ്ങളില്‍ ഒന്നും കളിക്കാന്‍ മെസിക്ക് സാധിച്ചിരുന്നില്ല. ഇത് ഇന്റര്‍ മയാമിക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്.

അതേസമയം സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മിന്നും ഫോമിലാണ് കളിക്കുന്നത്. ഡമാക്‌സിനെതിരായ മത്സരത്തില്‍ നേടിയ ഫ്രീകിക്ക് ഗോളിലൂടെ ഒരു പിടി മികച്ച റെക്കോഡുകളാണ് താരത്തെ തേടിയെത്തിയത്.

11 ഗോളുകള്‍ നേടിക്കൊണ്ട് ഈ സീസണിലെ ടോപ്പ് സ്‌കോറര്‍ പദവി നേടിയെടുക്കാനും റോണോക്ക് സാധിച്ചു. ഇതിനോടൊപ്പം ഈ വര്‍ഷത്തില്‍ 50+ ഗോളും അസിസ്റ്റുമുള്ള ഏകതാരമായി മാറാനും റൊണാള്‍ഡോക്ക് സാധിച്ചു.

Content Highlight: Cristiano Ronaldo fans trolled Lionel Messi after the loss of Inter Miami.

We use cookies to give you the best possible experience. Learn more