മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ തന്റെ സഹതാരവും ബ്രസീലിയന്‍ ഇന്റര്‍നാഷണലുമായ ആന്റണിയുടെ ഐക്കോണിത് ഡബിള്‍ സ്പിന്‍ ചെയ്യാന്‍ പരാജയപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ നടന്ന വെസ്റ്റ് ഹാം യുണൈറ്റഡ് – മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തിന് മുമ്പ് വാം അപ്പിനിടെയായിരുന്നു താരം ആന്റണിയുടെ ട്രേഡ് മാര്‍ക്ക് സ്‌കില്‍ ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടത്.
ഡബിള്‍ സ്പിന്‍ ചെയ്യാന്‍ ശ്രമിച്ച ക്രിസ്റ്റ്യാനോക്ക് ഹാഫ് സ്പിന്‍ മാത്രമാണ് താരത്തിന് കംപ്ലീറ്റ് ചെയ്യാന്‍ സാധിച്ചത്.
സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.
ബ്രസീലിയന്‍ താരം ആന്റണിയുടെ ട്രേഡ് മാര്‍ക്ക് സ്‌കില്ലുകളിലൊന്നാണ് ഇത്. താരത്തിന്റെ പന്തടക്കം എത്രത്തോളം ഉണ്ടെന്ന് ഈ ഡബിള്‍ സ്പിന്‍ വ്യക്തമാക്കുന്നു.
എന്നാല്‍ മത്സരത്തിനിടെ ആന്റണി ഇത്തരം സ്‌കില്ലുകള്‍ പുറത്തെടുക്കുന്നതിന് പിന്നാലെ വലിയ തോതിലുള്ള വിമര്‍ശനവും താരത്തിനെതിരെ ഉയര്‍ന്നിരുന്നു. അനാവശ്യമായി അറ്റന്‍ഷന്‍ നേടാനാണ് ആന്റണി ശ്രമിക്കുന്നത് എന്ന തരത്തിലുള്ള ഷോ ബോട്ടിങ് വിമര്‍ശനങ്ങളാണ് താരത്തിനെതിരെ ഉയരുന്നത്.
നേരത്തെ യൂറോപ്പ ലീഗില്‍ ഷെരിഫിനെതിരായ മത്സരത്തില്‍ ഡബിള്‍ സ്പിന്‍ ചെയ്യുകയും ഒരു അവസരം നഷ്ടപ്പെടുത്തുകയും ചെയ്തതോടെ കോച്ച് എറിക് ടെന്‍ ഹാഗ് താരത്തെ തിരിച്ചുവിളിച്ചിരുന്നു.
എന്നാല്‍ ഷോ ബോട്ടിങ് വിമര്‍ശനങ്ങള്‍ ഉയരവെ നെയ്മര്‍ അടക്കമുള്ള വിവിധ താരങ്ങളുടെ പിന്തുണയും ആന്റണിക്ക് ലഭിച്ചിരുന്നു.
അതേസമയം, വെസ്റ്റ് ഹാമിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ വിജയിച്ചിരുന്നു. എതിരില്ലാത്ത ഒറ്റ ഗോളിനായിരുന്നു യുണൈറ്റഡിന്റെ വിജയം. മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് കളിയിലെ ഏക ഗോള്‍ കണ്ടെത്തിയത്.
മത്സരത്തില്‍ വീണ്ടും പല അവസരങ്ങളും ലഭിച്ചെങ്കിലും ഗോള്‍ പോസ്റ്റ് വഴി മുടക്കിയതോടെ മാഞ്ചസ്റ്ററിന് ഒറ്റ ഗോള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
എന്നാല്‍ വെസ്റ്റ് ഹാമിനെ യഥാര്‍ത്ഥത്തില്‍ തോല്‍പിച്ചത് മാഞ്ചസ്റ്റര്‍ ഗോള്‍ കീപ്പര്‍ ഡി ഗിയ ആണ്. ഗോളെന്നുറപ്പിച്ച മൂന്നിലധികം ഷോട്ടുകളാണ് ഡി ഗിയ തടുത്തിട്ടത്. ഹാമ്മേഴ്സിനും ഗോള്‍ പോസ്റ്റിനും മുന്നില്‍ കോട്ട പണിത ഡി ഗിയയെ മറികടക്കാന്‍ സാധിക്കാതെ വന്നതോടെ വെസ്റ്റ് ഹാം പരാജയം സമ്മതിച്ചു.
കഴിഞ്ഞ മത്സരത്തിലെ വിജയത്തോടെ 12 മത്സരത്തില്‍ നിന്നും 23 പോയിന്റാണ് മാഞ്ചസ്റ്റര്‍ സ്വന്തമാക്കിയത്. ഏഴ് ജയവും രണ്ട് സമനിലയും മൂന്ന് തോല്‍വിയുമാണ് യുണൈറ്റഡിനുള്ളത്.
നവംബര്‍ മൂന്നിനാണ് മാഞ്ചസ്റ്ററിന്റെ അടുത്ത മത്സരം. യൂറോപ്പ ലീഗ് ഗ്രൂപ്പ് ഇയില്‍ റയല്‍ സോസിഡാഡുമായാണ് മാഞ്ചസ്റ്റര്‍ ഏറ്റുമുട്ടുന്നത്. അഞ്ച് കളിയില്‍ നിന്നും നാല് മത്സരം ജയിച്ച മാഞ്ചസ്റ്റര്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സില്‍ രണ്ടാമതാണ്. അഞ്ചില്‍ അഞ്ചും ജയിച്ച സോസിഡാഡ് ഒന്നാം സ്ഥാനത്താണ്.
Content Highlight: Cristiano Ronaldo failed to complete Antony’s famous double spin trick