|

'കാര്യങ്ങളൊക്കെ എനിക്ക് മനസിലായി തുടങ്ങി'; അല്‍ നസറിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ റൊണാള്‍ഡോയുടെ വെളിപ്പെടുത്തല്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗില്‍ ശനിയാഴ്ച ദമാക്കിനെതിരെ നടന്ന മത്സരത്തില്‍ റോണോയുടെ ഹാട്രിക്കോടെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ വിജയിച്ചത്.

കളിയുടെ സമ്പൂര്‍ണ മേഖലകളിലും ആധിപത്യം പുലര്‍ത്തിയ അല്‍ നസറിനായി മത്സരം 18 മിനിട്ട് പിന്നിട്ടപ്പോള്‍ പെനാല്‍ട്ടിയിലൂടെയാണ് റൊണാള്‍ഡോ തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. പിന്നീട് മത്സരത്തിന്റെ 23,44 മിനിട്ടുകള്‍ തുടര്‍ച്ചയായി പന്ത് ദമാക്കിന്റെ വലയിലെത്തിച്ച് റോണോ ഹാട്രിക്ക് പൂര്‍ത്തിയാക്കി.

ദമാക്കിനെതിരെയുള്ള ഹാട്രിക്കോടെ ആറ് മത്സരങ്ങളില്‍ നിന്നും അല്‍ നസറിനായി എട്ട് ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ റൊണാള്‍ഡോക്കായി.കൂടാതെ പി.എസ്.ജിക്കെതിരെയുള്ള സന്നാഹ മത്സരം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ സൗദിയുടെ മണ്ണില്‍ റൊണാള്‍ഡോയുടെ ഗോള്‍ എണ്ണം പത്ത് തികഞ്ഞു.

അല്‍ നസറിലെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ താരം. താനിപ്പോള്‍ സഹതാരങ്ങളുമായി കൂടുതല്‍ ഇഴുകി ചേര്‍ന്നെന്നും കാര്യങ്ങളെല്ലാം തനിക്കിപ്പോള്‍ മനസിലായെന്നും റൊണാള്‍ഡോ പറഞ്ഞു.

മത്സരത്തിന് ശേഷം അറബ് ടെലിവിഷന്‍ ചാനലായ എസ്.എസ്.സിയോട് സംസാരിക്കുകയായിരുന്നു താരം.

‘ഞാനിപ്പോള്‍ ടീമുമായി കൂടുതല്‍ പൊരുത്തപ്പെട്ടതായി തോന്നുന്നു. സഹതാരങ്ങളുടെ മൂവ്‌മെന്റ്‌സ് എനിക്ക് മനസിലായി തുടങ്ങി. അവര്‍ എന്നെയും മനസിലാക്കുന്നുണ്ട്.

ഘട്ടം ഘട്ടമായി നമുക്ക് വലിയ വിജയത്തിലെത്താനാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

ഞാനിപ്പോള്‍ അതീവ സന്തോഷവാനാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീം ആണ്. നമ്മളൊരു ടീമായാണ് ദമാക്കിനെ എതിരേറ്റത്.

നമ്മള്‍ പൊരുതി, വിജയിച്ചു. എന്നെ സംബന്ധിച്ച് ഗോളുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. പക്ഷെ ഏറ്റവും പ്രധാനം നമ്മളൊരു ടീമായി നില്‍ക്കുക എന്നുള്ളതാണ്,’ റൊണാള്‍ഡോ പറഞ്ഞു.

ഈ സീസണില്‍ രണ്ടാമത്തെ ഹാട്രിക്കാണ് റൊണാള്‍ഡോ അല്‍ നസറിനായി സ്വന്തമാക്കുന്നത്. പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശേഷം ക്ലബ്ബ് വിടാന്‍ തീരുമാനിച്ച് റൊണാള്‍ഡോ യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ ചേക്കേറാന്‍ ശ്രമിച്ചിരുന്നെങ്കിലും താരത്തിന് അതിന് സാധിച്ചിരുന്നില്ല.

ഒടുവില്‍ റെക്കോര്‍ഡ് തുകയായ പ്രതിവര്‍ഷം 225മില്യണ്‍ ഡോളറിന് സൗദി ക്ലബ്ബായ അല്‍ നസര്‍ റോണോയെ സൈന്‍ ചെയ്യുകയായിരുന്നു.

2025 വരെയാണ് ക്ലബ്ബില്‍ റൊണാള്‍ഡോയുടെ കരാര്‍. അതേസമയം പ്രോ ലീഗില്‍ 18 മത്സരങ്ങളില്‍ നിന്നും 13 വിജയങ്ങളോടെ 43 പോയിന്റുമായി ടേബിളില്‍ ഒന്നാം സ്ഥാനത്താണ് അല്‍ നസര്‍. മാര്‍ച്ച് മൂന്നിന് അല്‍ ബാത്തിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.

Content Highlights: Cristiano Ronaldo faces Media’s after the win against Damac