| Thursday, 12th January 2023, 10:33 am

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ബാലണ്‍ ഡി ഓറുകളിലൊന്ന് ലേലം ചെയ്ത് റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

2013ല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കിയ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം 2017ല്‍ താരം വില്‍പ്പനക്ക് വെച്ചിരുന്നുവെന്ന് റിപ്പോര്‍ട്ട്. ‘മേക്ക് എ ഫിഷ് ഫൗണ്ടേഷന്‍’ എന്ന ജീവകാരുണ്യ സംഘടനക്ക് ലേലം ചെയാന്‍ വേണ്ടിയാണ് റൊണാള്‍ഡോ തന്റെ ബാലണ്‍ ഡി ഓര്‍ ട്രോഫികളിലൊന്ന് നല്‍കിയത്.

ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം പൗണ്ട് നല്‍കി (അഞ്ചു കോടിയോളം ഇന്ത്യന്‍ രൂപ) ഇസ്രായേലി സമ്പന്നനായ ഇദാന്‍ ഓഫറാണ് ട്രോഫി വാങ്ങിയത്. സ്പാനിഷ് മാധ്യമമായ മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

കരിയറിലുടനീളം അഞ്ച് തവണയാണ് റൊണാള്‍ഡോ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്. ഒരു തവണ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കുമ്പോഴും നാല് തവണ റയല്‍ മാഡ്രിഡിന് വേണ്ടി ബൂട്ട് കെട്ടുമ്പോഴുമാണ് റൊണോള്‍ഡോ പുരസ്‌കാരത്തിന് അര്‍ഹനായത്.

2013ല്‍ സൂപ്പര്‍താരം ലയണല്‍ മെസിയെയും ബയേണ്‍ മ്യുണീക്ക് താരം ഫ്രാങ്ക് റിബറിയെയും പിന്തള്ളിയാണ് റോണോ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കിയത്.

ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ചടങ്ങിന് ശേഷം ‘മേക്ക് എ ഫിഷ് ഫൗണ്ടേഷന്‍’ ചാരിറ്റി സംഘടനക്ക് വേണ്ടി ട്രോഫി വിറ്റ് കിട്ടുന്ന പണം നല്‍കുമെന്ന് റൊണാള്‍ഡോ തീരമാനിക്കുകയായിരുന്നു.

ആ സീസണില്‍ റൊണാള്‍ഡോ അതിഗംഭീര ഗോള്‍വേട്ടയാണ് നടത്തിയത്. ഓരോ മത്സരത്തിലും ഓരോ ഗോളെന്ന നിലയില്‍ സീസണില്‍ 55 ഗോളുകള്‍ താരം അക്കൗണ്ടിലാക്കി. എന്നാല്‍ റയല്‍ മാഡ്രിഡ് ഒരു കിരീടം പോലും ആ സീസണില്‍ നേടിയിരുന്നില്ല.

സ്പാനിഷ് ലീഗ് ടൈറ്റില്‍ ബാഴ്സലോണയാണ് സ്വന്തമാക്കിയത്. റൊണാള്‍ഡോ കരിയറില്‍ നേടിയ രണ്ടാമത്തെ ബാലണ്‍ ഡി ഓര്‍ ആയിരുന്നു അത്. അതിനുശേഷം മൂന്ന് ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ കൂടി താരം സ്വന്തമാക്കിയിട്ടുണ്ട്.

നിലവില്‍ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് റൊണാള്‍ഡോ ബൂട്ട് കെട്ടുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ താരം ജനുവരിയില്‍ അല്‍ നസറിലേക്ക് ചേക്കേറുകയായിരുന്നു. ജനുവരി 19ന് പി.എസ്ജിക്കെതിരെയാണ് റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരം.

Content Highlights: Cristiano Ronaldo donate one of his Ballon D’Or trophies to the charity

We use cookies to give you the best possible experience. Learn more