| Tuesday, 28th November 2023, 8:10 am

പെനാല്‍ട്ടി വേണ്ട; കളിക്കളത്തില്‍ കയ്യടി നേടി റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ പേര്‍സെപോളിസിനെതിരായ മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുള്ള പെരുമാറ്റത്തിന് കയ്യടിച്ചിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.

മത്സരത്തില്‍ അല്‍ നസറിന് അനുകൂലമായി ലഭിച്ച പെനാല്‍ട്ടി റഫറി വിധിച്ചപ്പോള്‍ റഫറിയോട് പെനാല്‍ട്ടി നല്‍കരുതെന്ന് ആവശ്യപ്പെടുകയായിരുന്നു റൊണാള്‍ഡോ.

പേര്‍സപൊലിസിന്റെ പെനാല്‍ട്ടി ബോക്‌സില്‍ നിന്നും റൊണാള്‍ഡോയെ വീഴ്ത്തിയതിന് റഫറി പെനാല്‍ട്ടി സിഗ്‌നല്‍ കാണിക്കുകയായിരുന്നു. ആ സമയത്ത് റോണോ റഫറിയോട് പെനാല്‍ട്ടി വേണ്ട എന്ന് ആംഗ്യം കാണിക്കുകയായിരുന്നു. ഈ മികച്ച പെരുമാറ്റത്തിന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹങ്ങളാണ് റൊണാള്‍ഡോയെ തേടിയെത്തിയത്.

ഇതിനോടകം തന്നെ റൊണാള്‍ഡോ ഈ സീസണില്‍ മികച്ച പ്രകടനമാണ് സൗദി ക്ലബ്ബിനുവേണ്ടി കാഴ്ചവെക്കുന്നത്. ഈ സീസണില്‍ അല്‍ നസറിനു വേണ്ടി 19 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ പോര്‍ച്ചുഗീസ് ഇതിഹാസം 18 ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടിയിട്ടുണ്ട്.

പേര്‍സപൊലിസിന്റെ ഹോം ഗ്രൗണ്ടായ അല്‍ അവാല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമിനും ഗോള്‍ നേടാനായില്ല. മത്സരത്തിന്റെ 17 മിനിട്ടില്‍ അല്‍ നസര്‍ താരം അലി ലാജമി ചുവപ്പ് കാര്‍ഡ് കണ്ട് പത്ത് പേരുമായാണ് അല്‍ നസര്‍ കളിച്ചത്.

എന്നാല്‍ ഈ അവസരം മുതലെടുക്കാന്‍ എതിരാളികള്‍ക്ക് സാധിച്ചില്ല. എന്നാല്‍ സൗദി വമ്പന്മാര്‍ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ സമനില മാത്രം മതിയായിരുന്നു.

സമനിലയോടെ എ.എഫ്. സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഇയില്‍ 13 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അല്‍ നസര്‍. അതേസമയം എട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പേര്‍സപൊലിസ്.

സൗദി പ്രോ ലീഗില്‍ ഡിസംബര്‍ ഒന്നിന് അല്‍ ഹിലാലിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.

Content Highlight: Cristiano Ronaldo displays incredible sportsmanship in ground.

We use cookies to give you the best possible experience. Learn more