| Sunday, 30th September 2018, 9:01 pm

അത് പച്ചകള്ളമാണ്; ഹോട്ടലില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ടൂറിന്‍: ഹോട്ടലില്‍വച്ച് പീഡിപ്പിച്ചുവെന്ന അമേരിക്കന്‍ യുവതിയുടെ ആരോപണം നിഷേധിച്ച് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അവര്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും എന്റെ പേര് ഉപയോഗിച്ച് ചുളുവില്‍ പ്രശസ്തയാകാനായിരുന്നു ഇവരുടെ ശ്രമമെന്നും റൊണാള്‍ഡോ പറഞ്ഞു.

ഇന്‍സ്റ്റഗ്രാം ലൈവ് വിഡിയോയിലൂടെയാണ് റൊണാള്‍ഡോ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

ഇത് സാധാരണമാണെന്നും അവരുടെ ജോലിയുടെ ഭാഗമാണെന്നും ഞാന്‍ ഇപ്പോഴും സന്തോഷവാനായി തന്നെയാണ് പോകുന്നതെന്നും റൊണാള്‍ഡോ പറഞ്ഞു. ചിരിച്ചുകൊണ്ടായിരുന്നു റൊണാള്‍ഡോയുടെ മറുപടി.


Read Also : ഫലസ്തീന്‍ കൗമാരപ്പോരാളി അഹദ് തമീമിയെ ആദരിച്ച് റയല്‍ മാഡ്രിഡ്; വിമര്‍ശനവുമായി ഇസ്രയേല്‍


2009-ല്‍ ലാസ് വെഗാസില്‍വെച്ച് ഒരു അമേരിക്കന്‍ യുവതിയെ ക്രിസ്റ്റ്യാനോ പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. യുവതിയെ താരം ഭീഷണിപ്പെടുത്തിയതായും ജര്‍മന്‍ മാധ്യമമായ ഡെര്‍ സ്പീഗലില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വാര്‍ത്ത ക്രിസ്റ്റ്യാനോയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് ഡെര്‍ സ്പീഗലിനെതിരെ ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ നോട്ടീസ് അയച്ചിരുന്നു.

ലാസ് വെഗാസിലെ ഹോട്ടല്‍ മുറിയില്‍വെച്ച് ക്രിസ്റ്റ്യാനോ തന്നെ പീഡിപ്പിച്ചുവെന്നാണ് മുപ്പത്തിനാലുകാരിയായ കാതറിന്‍ മയോര്‍ഗ പരാതിപ്പെട്ടത്. സംഭവം പുറത്തുപറയാതിരിക്കാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ ക്രിസ്റ്റ്യാനൊ നല്‍കിയതായും ഇവര്‍ ആരോപിക്കുന്നു. പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നവെന്ന് മയോര്‍ഗയുടെ പരാതിയില്‍ പറയുന്നു.

എന്നാല്‍, റൊണാള്‍ഡോ ഈ ആരോപണം ആദ്യമേ നിഷേധിച്ചിരുന്നു. പീഡനം നടന്നിട്ടില്ലെന്നും സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നു. എന്നാല്‍ പണം നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന ആരോപണത്തോട് ഇദ്ദേഹം പ്രതികരിച്ചില്ല.

2009-ല്‍ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് റയലിലേക്ക് മാറിയ സമയത്താണ് സംഭവം.

We use cookies to give you the best possible experience. Learn more