| Monday, 2nd January 2023, 9:28 am

യൂറോപ്യന്‍ ക്ലബ്ബില്‍ തുടരുന്നതില്‍ നിന്ന് റോണോയെ തടഞ്ഞത് പണം മാത്രമാണ്: ഫ്രഞ്ച് മാനേജര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് യൂറോപ്യന്‍ ക്ലബ്ബുകളില്‍ തന്നെ തുടരാമായിരുന്നെന്നും വേതനം കുറഞ്ഞതിന്റെ പേരില്‍ അദ്ദേഹം ഓഫര്‍ നിരസിക്കുകയായിരുന്നെന്നും ഫ്രഞ്ച് പ്രൊഫഷണല്‍ ഫുട്‌ബോള്‍ മാനേജര്‍ പാസ്‌കല്‍ ഡുപ്രാസ്.

വലിയ തുക മുടക്കി റോണോയെ ക്ലബ്ബിലെത്തിക്കാന്‍ ക്ലബ്ബുകള്‍ ഒരുക്കമല്ലായിരുന്നെന്നും യൂറോപ്പില്‍ തന്നെ തുടര്‍ന്ന് കളിക്കാന്‍ വേണ്ട യോഗ്യതകള്‍ റോണോക്കുണ്ടെന്നും ഡുപ്രാസ് കൂട്ടിച്ചേര്‍ത്തു.

”യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇപ്പോഴും പേര് ഉയര്‍ന്ന് നില്‍ക്കുന്ന റൊണാള്‍ഡോയെ, യൂറോപ്യന്‍ ക്ലബ്ബുമായി സൈന്‍ ചെയ്യുന്നതില്‍ നിന്ന് തടഞ്ഞത് പണം മാത്രമാണ്,’ ഡുപ്രാസ് വ്യക്തമാക്കി.

അതേസമയം, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ഫ്രീ ഏജന്റായ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറുമായി കരാറിലേര്‍പ്പെട്ടിരിക്കുകയാണ്. ക്ലബ്ബുമായി താരം രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചെന്നാണ് റിപ്പോര്‍ട്ട്. കരിയര്‍ ആരംഭിച്ചത് മുതല്‍ യൂറോപ്യന്‍ ക്ലബ്ബുകളില്‍ മാത്രം ബൂട്ടുകെട്ടിയ താരം ആദ്യമായാണ് പുറത്ത് കളിക്കുന്നത്.

അല്‍ നസറില്‍ സൈന്‍ ചെയ്തതോടെ റൊണാള്‍ഡോയുടെ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീല വീണിരിക്കുകയാണ്. സ്പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയ താരം അസാധ്യ പ്രകടനമാണ് കരിയറില്‍ കാഴ്ചവെച്ചത്.

അഞ്ച് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടിയ റൊണാള്‍ഡോ 140 ഗോളുകള്‍ അക്കൗണ്ടിലാക്കി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഖ്യാതിയും നേടി. ക്ലബ്ബ് ഫുട്ബോളിലും അന്താരാഷ്ട്ര ഫുട്ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന പേരും റൊണാള്‍ഡോക്ക് സ്വന്തം.

2025 ജൂണ്‍ വരെ ക്രിസ്റ്റ്യാനോ ക്ലബില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ ക്ലബുകളുടെയോ അല്ലെങ്കില്‍ അല്‍ നസറിന്റെ തന്നെ ഓഫറോ റൊണാള്‍ഡോ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പ്രതിവര്‍ഷം 200 മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് അല്‍ നസര്‍ നല്‍കിയിരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.

ഇതിന് പുറമെ സൗദി അറേബ്യയുടെ അംബാസിഡറായി റൊണാള്‍ഡോയെ നിയമിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങളുടെ ഒപ്പം ചേര്‍ന്ന് 2030 ലോകകപ്പ് നടത്താന്‍ സൗദി ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് താരത്തെ അംബാസിഡറാക്കാന്‍ ശ്രമിക്കുന്നത്.

Content Highlights: Cristiano Ronaldo denied offers from Europian clubs due to low payment

We use cookies to give you the best possible experience. Learn more