| Saturday, 14th October 2023, 8:57 am

'ഈ മനുഷ്യനിത്', 30ാം വയസിന് ശേഷം റോണോയുടെ 72ാം അന്താരാഷ്ട്ര ഗോള്‍; പോര്‍ച്ചുഗല്‍ വിജയകുതിപ്പ് തുടരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

2026 യൂറോ യോഗ്യത മത്സരത്തിൽ പോർച്ചുഗൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് സ്ലോവാക്യയെ പരാജയപ്പെടുത്തി. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോൾ നേടി മിന്നും പ്രകടനമാണ്‌ കാഴ്ചവെച്ചത്.

മത്സരത്തിൽ 28, 72 മിനിട്ടുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ പിറന്നത്. മത്സരത്തിൽ നേടിയ ഇരട്ടഗോളിലൂടെ റൊണാൾഡോ ഒരു റെക്കോഡും സ്വന്തമാക്കി.

പോർച്ചുഗലിന്റെ വിജയമാഘോഷിക്കുന്ന തിനോടൊപ്പം സൂപ്പർ താരത്തെ പ്രശംസിച്ചിരിക്കുകയാണ് ആരാധകർ.

സ്ലോവാക്യക്കെതിരെ നേടിയ ഇരട്ടഗോളുകൾ 30 വയസിന് ശേഷം റൊണാൾഡോ പോർച്ചുഗലിനായി നേടുന്ന 72ാം ഗോളായി മാറി. ഇറ്റലി, ജർമനി, ഇംഗ്ലണ്ട്, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ ടീമുകൾ ഉൾപ്പെടെ വ്യത്യസ്ത രാജ്യങ്ങൾക്കായി മറ്റൊരു താരവും ഇത്രയും ഗോളുകൾ നേടിയിട്ടില്ല.

യൂറോ 2024 യോഗ്യതാ മത്സരങ്ങളിൽ ആറ് കളികളിൽ നിന്നും ഏഴ് ഗോളുകളാണ് റൊണാൾഡോ നേടിയത്. ഇതോടെ പോർച്ചുഗലിനായി 202 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും 125 ഗോളുകളാണ് റോണോ അടിച്ചുകൂട്ടിയത്. പോർച്ചുഗലിനായി 150 മത്സരങ്ങളിൽ നിന്നും റൊണാൾഡോ 105 തവണ ലക്ഷ്യം കണ്ടിട്ടുണ്ട്. അന്താരാഷ്ട്ര ഫുട്ബോൾ ചരിത്രത്തിൽ മറ്റൊരു താരവും ഇത്രയും വേഗത്തിൽ ഗോളുകൾ നേടിയിട്ടില്ല.

ഇതിനോടകം തന്നെ മൂന്ന് മത്സരങ്ങൾ ബാക്കി നിൽക്കെ യൂറോ കപ്പിലേക്ക് പോർച്ചുഗൽ യോഗ്യത നേടി. റൊണാൾഡോ തന്റെ ആറാമത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് കളിക്കാൻ സജ്ജമായിരിക്കുകയാണ്. മറ്റൊരു താരവും നാലിൽ കൂടുതൽ തവണ യൂറോ കപ്പിൽ കളിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്‌.

പോർച്ചുഗലിന്റെ ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ ഡോ ഡാർഗാവോ സ്റ്റേഡിയത്തിൽ 4-1-3-2 എന്ന ഫോർമേഷനിലാണ് പോർച്ചുഗൽ കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ഫോർമേഷനിലായിരുന്നു സ്ലോവാക്യ അണിനിരന്നത്.

മത്സരത്തിന്റെ 18ാം മിനിട്ടിൽ ഗോൺസാലോ റാമോസിലൂടെ പോർച്ചുഗലാണ് ആദ്യം ലീഡെടുത്തത്. ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസിൽ നിന്നും പെനാൽട്ടി ബോക്സിൽ നിന്നും ഹെഡറിലൂടെ താരം ഗോൾ നേടുകയായിരുന്നു.

തുടർന്ന് 29ാം മിനിട്ടിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് സൂപ്പർ താരം റൊണാൾഡോ പോർച്ചുഗലിന്റെ ലീഡ് രണ്ടാക്കി ഉയർത്തി. ഒടുവിൽ ആദ്യപകുതി പിന്നിടുമ്പോൾ പോർച്ചുഗൽ 2-0ത്തിന് മുന്നിട്ട് നിൽക്കുകയായിരുന്നു.

മത്സരത്തിന്റെ 69ാം മിനിട്ടിൽ ഹാൻകോയിലൂടെ സ്ലോവാക്യ ഗോൾ മടക്കി. പെനാൽട്ടി ബോക്സിന് പുറത്ത് നിന്നും താരം പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.

മത്സരത്തിന്റെ 72ാം മിനിട്ടിൽ റോണോ പോർച്ചുഗലിനായി മൂന്നാം ഗോൾ നേടി. പെനാൽട്ടി ബോക്സിൽ നിന്നും താരം ലക്ഷ്യം കാണുകയായിരുന്നു.

80ാം മിനിട്ടിൽ ലോബോട്കോയിലൂടെ സ്ലോവാക്യ രണ്ടാം ഗോൾ നേടി. സമനില ഗോളിനായി സ്ലൊവാക്യ മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കാണാതെ പോയത് ടീമിന് തിരിച്ചടിയായി.

ഒടുവിൽ ഫൈനല്‍ വിസിൽ മുഴങ്ങിയപ്പോൾ പോർച്ചുഗൽ 3-2ന് വിജയം സ്വന്തമാക്കുകയായിരുന്നു.‍

ഗ്രൂപ്പ്‌ ജെയിൽ ഏഴ് മത്സരങ്ങളിൽ നിന്ന് ഏഴ് വിജയവുമായി 21 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റൊണാൾഡോയും സംഘവും.

ഒക്ടോബർ 17ന് ബോസ്നിയയുമായാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം. ബോസ്നിയ ഹോം ഗ്രൗണ്ട് ബില്ലിനെ പൊലിജെ സ്റ്റേഡിയമാണ് വേദി.

Content Highlight: Cristiano Ronaldo create a new record and Portugal won in Euro qualifiers.

Latest Stories

We use cookies to give you the best possible experience. Learn more