| Tuesday, 25th October 2022, 10:38 pm

ചര്‍ച്ചകള്‍ തകൃതി; മൗറീന്യോയുടെ ടീമിലേക്ക് റൊണാള്‍ഡോ; റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ ഫുട്‌ബോള്‍ ലോകം ഞെട്ടും

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ച്‌സറ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ പഴയ മാനേജര്‍ ഹോസേ മൗറീന്യോക്കൊപ്പം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മൗറീന്യോയുടെ നിലവിലെ ടീമായ എ.എസ് റോമയിലേക്ക് റൊണാള്‍ഡോയെ എത്തിക്കാന്‍ ടീം താരത്തിന്റെ ഏജന്റ് ജോര്‍ജ് മെന്‍ഡിസുമായി ചര്‍ച്ചകള്‍ തുടരുകയാണ്.

സ്പാനിഷ് മാധ്യമമായ ഡാരിയോ ഗോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം റോമ ജോര്‍ജ് മെന്‍ഡിസിന് മുമ്പില്‍ ഒരു കോണ്‍ട്രാക്ട് വെച്ചിട്ടുണ്ട്. നിലവില്‍ മാഞ്ച്‌സറ്റര്‍ യുണൈറ്റഡിലെ പ്രശ്‌നങ്ങള്‍ കാരണം റൊണാള്‍ഡോ ആ കരാറുമായി മുന്നോട്ട് പോകാന്‍ തന്നെയാകും തീരുമാനിക്കുന്നത്.

ടോട്ടന്‍ഹാം ഹോട്‌സ്പറിനെതിരെയുള്ള മത്സരത്തിനിടെ താരം ഗ്രൗണ്ട് വിട്ട് പോയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. റൊണാള്‍ഡോയുടെയും മാഞ്ചസ്സ്റ്റര്‍ മാനേജര്‍ എറിക് ടെന്‍ ഹാഗിന്റെയും ബന്ധത്തിലെ വിള്ളലുകള്‍ വര്‍ധിപ്പിക്കാനും താരത്തിന്റെ പ്രവര്‍ത്തി കാരണമായിട്ടുണ്ട്.

ഇതിന് ശിക്ഷയെന്നോണം ചെല്‍സിക്കെതിരായ മത്സരത്തില്‍ നിന്നും ടെന്‍ ഹാഗ് റൊണാള്‍ഡോയെ പുറത്താക്കിയിരുന്നു.

പല കാരണങ്ങള്‍ കൊണ്ടും ടെന്‍ ഹാഗ് താരത്തെ മാഞ്ചസ്റ്ററില്‍ നിന്ന് തന്നെ പറഞ്ഞയക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എല്ലാ മത്സരത്തിലും അണ്‍ യൂസ്ഡ് സബ്‌സ്റ്റിറ്റിയൂട്ട് ആവുന്നതിലും നല്ലത് ട്രാന്‍സ്ഫര്‍ തന്നെയാണെന്ന് റൊണോക്കും അറിയാവുന്നതാണ്.

ഈ സാഹചര്യം മുതലെടുക്കാനാണ് റോമ ഒരുങ്ങുന്നത്. മെന്‍ഡിസും ടീമും തമ്മിലുള്ള ചര്‍ച്ചകള്‍ നല്ല നിലക്ക് അവസാനിക്കുകയാണെങ്കില്‍ റൊണാള്‍ഡോ ഒരിക്കല്‍ക്കൂടി ഇറ്റലിയിലെത്തും.

തന്റെ മുന്‍ മാനേജര്‍ ഹോസേ മൗറീന്യോക്കൊപ്പം ഒന്നിക്കാന്‍ സാധിക്കും എന്നതും അന്തിമ തീരുമാനമെടുക്കുമ്പോള്‍ റൊണാള്‍ഡോയുടെ മനസിലുണ്ടാകും.

2010-2013 സീസണുകളില്‍ താരം റയലിനൊപ്പമായിരുന്നപ്പോള്‍ മൗറീന്യോ ആയിരുന്നു പരിശീലകന്‍. ഇക്കാലയളവില്‍ മൂന്ന് കിരീടങ്ങളാണ് മൗറീന്യോയും റൊണാള്‍ഡോയും ചേര്‍ന്ന് ടീമിന് നേടിക്കൊടുത്തത്.

ഇക്കാലയളവില്‍ ഗോളുകള്‍ അടിച്ചുകൂട്ടുക എന്നത് താരത്തിന്റെ രീതിയായിരുന്നു. 106 ലാ ലീഗ മത്സരത്തില്‍ നിന്നും നേടിയ 120 ഗോളുകളുള്‍പ്പെടെ 164 മത്സരത്തില്‍ നിന്നുമായി 168 ഗോളുകളാണ് റോണാള്‍ഡോ സ്വന്തമാക്കിയത്.

എന്നാല്‍ ഇരുവരും തമ്മില്‍ അത്രത്തോളം മികച്ച ബന്ധമായിരുന്നില്ല ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ അവര്‍ വീണ്ടും ഒന്നിച്ചാല്‍ എന്ത് സംഭവിക്കും എന്നത് രസകരമായ കാര്യം തന്നെയായിരിക്കും.

സീരി എ കിരീടം നേടാനും ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാനുമാണ് എ.എസ് റോമയുടെ ശ്രമം. റൊണാള്‍ഡോ ടീമിലെത്തുന്നതോടെ ഇതെല്ലാം നിറവേറുമെന്നാണ് റോമന്‍ ആരാധകര്‍ വിശ്വസിക്കുന്നത്.

Content Highlight:  Cristiano Ronaldo could reunite with former manager Jose Mourinho at AS Roma

We use cookies to give you the best possible experience. Learn more