അവഗണിച്ച് വിട്ടെങ്കിലെന്താ? അറേബ്യന്‍ മണ്ണിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോക്ക് യൂറോപ്യന്‍ ക്ലബ്ബ് സ്വന്തമാക്കാനുള്ള ആസ്തിയുണ്ട്; റിപ്പോര്‍ട്ട്
Football
അവഗണിച്ച് വിട്ടെങ്കിലെന്താ? അറേബ്യന്‍ മണ്ണിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോക്ക് യൂറോപ്യന്‍ ക്ലബ്ബ് സ്വന്തമാക്കാനുള്ള ആസ്തിയുണ്ട്; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 22nd March 2023, 5:08 pm

 

കഴിഞ്ഞ ജനുവരിയിലാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീലയിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ പോകേണ്ടി വന്ന താരത്തിന് മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളില്‍ ഇടം നേടാനായിരുന്നില്ല. തുടര്‍ന്നാണ് താരം മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങിയത്.

38കാരനായ താരത്തിന് യൂറോപ്പില്‍ കളിക്കാന്‍ ഇനി അവസരമുണ്ടായില്ലെങ്കിലും യൂറോപ്യന്‍ ക്ലബ്ബുകളിലൊന്ന് സ്വന്തമാക്കാനുള്ള ആസ്തിയുണ്ടെന്നാണ് എല്‍ ഫുട്‌ബോളെറോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫോര്‍ബ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം എ.സി മിലാന്‍ സ്വന്തമാക്കാനുള്ള സാമ്പത്തികം റോണോക്കുണ്ടെന്നാണ് ഫോര്‍ബ്‌സിനെ ഉദ്ധരിച്ച് എല്‍ ഫുട്‌ബോളെറോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിലവില്‍ 1.2 ബില്യണ്‍ വിലയുള്ള എ.എസി മിലാന്‍ വാങ്ങാനുള്ള ആസ്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കുണ്ടെന്നാണ് ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രിസ്റ്റിയാനോയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ പണം സമ്പാദിച്ച ഫുട്‌ബോളര്‍ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതിവര്‍ഷം 225 മില്യണ്‍ ഡോളറിനാണ് പോര്‍ച്ചുഗീസ് ഇതിഹാസ താരം റൊണാള്‍ഡോയെ സൗദി ക്ലബ്ബ് അല്‍ നസര്‍ സൈന്‍ ചെയ്തത്. റൊണാള്‍ഡോയുടെ കടന്ന് വരവോടെ ആഗോള ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് അല്‍ നസറും സൗദി പ്രോ ലീഗും.

അല്‍ നസറില്‍ ഗംഭീര പ്രകടനം കാഴ്ച വെക്കുന്ന റൊണാള്‍ഡോ സൗദി ക്ലബ്ബ് അവസാനം നേടിയ 10 ഗോളുകളിലും തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. കൂടാതെ അല്‍ നസറിനായി ആറ് മത്സരങ്ങളില്‍ നിന്നും എട്ട് ഗോളുകള്‍ സ്വന്തമാക്കാനും റൊണാള്‍ഡോക്കായി.

Content Highlights: Cristiano Ronaldo could buy AC Milan, report