| Saturday, 21st September 2019, 6:16 pm

തന്റെ വിശപ്പടക്കാന്‍ ബര്‍ഗര്‍ നല്‍കിയ ആ പെണ്‍കുട്ടികള്‍ ഇവര്‍ തന്നെയോ? ഫുട്‌ബോള്‍ ഇതിഹാസത്തെ ആശയക്കുഴപ്പത്തിലാക്കി രണ്ടുപേര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലിസ്ബന്‍: ബാല്യകാലത്ത് തനിക്കു വിശപ്പടക്കാന്‍ ബര്‍ഗറുകള്‍ നല്‍കിക്കൊണ്ടിരുന്നത് മൂന്നു പെണ്‍കുട്ടികളാണെന്നു വെളിപ്പെടുത്തിയ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വെട്ടില്‍. ഇവരില്‍ ഒരാള്‍ തങ്ങളാണെന്നു വെളിപ്പെടുത്തിക്കൊണ്ട് രണ്ടുപേരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

അതിലൊരാള്‍ ക്രിസ്റ്റിയാനോ ഉദ്ദേശിക്കുന്നയാളല്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്തുത അഭിമുഖം എടുത്ത പ്രശസ്ത കമന്റേറ്റര്‍ പിയേഴ്‌സ് മോര്‍ഗന്‍ അവകാശപ്പെടുന്നുണ്ട്. ഏറ്റവുമൊടുവില്‍ രംഗത്തെത്തിയത് ക്രിസ്റ്റ്യാനോ പേരെടുത്തുപറഞ്ഞ എഡ്‌ന എന്ന പെണ്‍കുട്ടിയാണ്.

കുട്ടിക്കാലത്ത് വിശപ്പടക്കാന്‍ ക്രിസ്റ്റ്യാനോയ്ക്കും സുഹൃത്തുക്കള്‍ക്കും ബര്‍ഗറുകള്‍ നല്‍കിയിരുന്ന ആ മൂന്നു പെണ്‍കുട്ടികളില്‍ ഒരാളാണ് എഡ്‌ന.

പ്രശസ്ത കമന്റേറ്റര്‍ പിയേഴ്‌സ് മോര്‍ഗനുമായി നടത്തിയ അഭിമുഖത്തിലായിരുന്നു ബാല്യകാലത്തെ മറക്കാനാവാത്ത അനുഭവം ക്രിസ്റ്റ്യാനോ പങ്കുവെച്ചത്. എഡ്‌നയുടെ പേരും ക്രിസ്റ്റ്യാനോ എടുത്തുപറഞ്ഞിരുന്നു.

പരിശീലനം നടത്തുന്ന മൈതാനത്തിനു സമീപമുള്ള മക്ഡൊണാള്‍ഡ്സ് ഭക്ഷണശാലയായിരുന്നു ക്രിസ്റ്റ്യാനോയുടെയും സുഹൃത്തുക്കളുടെയും ആശ്രയം. ബാക്കി വരുന്ന ബര്‍ഗറുകള്‍ സൗജന്യമായി കിട്ടാനായി എന്നും രാത്രി ക്രിസ്റ്റ്യാനോയും സുഹൃത്തുക്കളും അവിടെ പോകുമായിരുന്നു.

വിശന്നുവലഞ്ഞു ചെല്ലുന്ന അവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത് അവിടെ ജോലി ചെയ്തിരുന്ന എഡ്ന എന്ന പെണ്‍കുട്ടിയും അവരുടെ രണ്ട് സുഹൃത്തുക്കളുമായിരുന്നു.

എന്നാല്‍ പോര്‍ച്ചുഗല്‍ വിട്ട് ഇംഗ്ലണ്ടിലേക്കു പോയതിനു ശേഷം ക്രിസ്റ്റ്യാനോ എഡ്നയെ കണ്ടിട്ടില്ല. അവരെക്കുറിച്ചു പിന്നീടന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. ആ ഭക്ഷണശാലയും ഇപ്പോള്‍ അവിടെയില്ല.

എഡ്നയെയും സുഹൃത്തുക്കളെയും കണ്ടുകിട്ടിയാല്‍ അവരെ തന്റെ വീട്ടിലേക്കു ക്ഷണിക്കാന്‍ ആഗ്രഹമുണ്ടെന്നാണ് ക്രിസ്റ്റ്യാനോ അഭിമുഖത്തില്‍ പറഞ്ഞത്.

അതില്‍ എഡ്‌നയുടെ സുഹൃത്താണ് എന്നവകാശപ്പെട്ടുകൊണ്ട് പൗല ലീസ എന്നൊരു സ്ത്രീ ഇന്നലെ രംഗത്തെത്തിയിരുന്നു. അവര്‍ ക്രിസ്റ്റ്യാനോ ഉദ്ദേശിക്കുന്ന സ്ത്രീ അല്ലെന്ന് പിയേഴ്‌സ് മോര്‍ഗന്‍ പറഞ്ഞിരുന്നു. ഒരു പ്രാദേശിക റേഡിയോ സ്‌റ്റേഷനിലൂടെയായിരുന്നു പൗലയുടെ രംഗപ്രവേശം.

എന്നാല്‍ എഡ്‌ന ഇപ്പോള്‍ പോര്‍ച്ചുഗീസ് സ്‌പോര്‍ട്‌സ് ദിനപത്രമായ റെക്കോഡിലാണ് താനാണ് ക്രിസ്റ്റിയാനോ ഉദ്ദേശിച്ച ആ പെണ്‍കുട്ടിയെന്ന് അവകാശപ്പെട്ടിരിക്കുന്നത്. താന്‍ സന്തോഷവതിയാണെന്ന് എഡ്‌ന പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘അദ്ദേഹം ഓര്‍ത്തിരിക്കാന്‍ ഞാന്‍ ആരുമല്ല. ഇത് ഏറെനാളുകള്‍ക്കു മുന്‍പു സംഭവിച്ചതാണ്. അദ്ദേഹം ഈ നിലയിലെത്തിയതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്.

ഇത്രവര്‍ഷത്തിനു ശേഷം അദ്ദേഹം എന്നെ ഓര്‍ക്കുമെന്നു ഞാന്‍ വിചാരിച്ചില്ല. ഭൂതകാലത്തെ കുഞ്ഞുകാര്യങ്ങള്‍ പോലും അദ്ദേഹം മറന്നിട്ടില്ലെന്നത് അത്ഭുതമാണ്.’- എഡ്‌ന പറഞ്ഞു.

താന്‍ അക്കാലത്ത് ഒരുദിവസം ക്രിസ്റ്റ്യാനോയോടൊപ്പം കാപ്പി കുടിച്ചിട്ടുണ്ടെന്നും എഡ്‌നയെന്ന എഡ്‌ന കാരിന ഇമ്മാനുവല്‍ കള്‍ഡസ് പറഞ്ഞു.

അതേസമയം അത്താഴവിരുന്ന് കഴിക്കാനുള്ള ക്രിസ്റ്റ്യാനോയുടെ ക്ഷണം സ്വീകരിച്ചുകൊണ്ടായിരുന്നു പൗല എത്തിയത്.

മാനേജരുടെ അനുവാദത്തോടെയാണ് തങ്ങള്‍ ക്രിസ്റ്റിയാനോയ്ക്കും സുഹൃത്തുക്കള്‍ക്കും ബര്‍ഗര്‍ നല്‍കിയിരുന്നതെന്ന് പൗല പറഞ്ഞു. ‘അവര്‍ കുറച്ചു കുട്ടികള്‍ കിയോസ്‌കിനു മുന്നില്‍ വരുമായിരുന്നു. അവരില്‍ ഫുട്‌ബോള്‍ കളി കഴിഞ്ഞ് ഏറ്റവും ക്ഷീണിച്ചിരുന്നത് ക്രിസ്റ്റിയാനോയായിരുന്നു.

ഇക്കാര്യം ഞാന്‍ മുന്‍പ് എന്റെ മകനോടു പറഞ്ഞിട്ടുണ്ട്. അവനതു വിശ്വസിച്ചിരുന്നില്ല. ക്രിസ്റ്റ്യാനോയെപ്പോലെ ഒരാളെ അങ്ങനെ സങ്കല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ലല്ലോ. എന്നാല്‍ എന്റെ ഭര്‍ത്താവിന് ഇക്കാര്യം അറിയാമായിരുന്നു.’- പൗല പറഞ്ഞു.

‘ക്രിസ്റ്റ്യാനോയുടെ മനുഷ്യത്വമാണ് ഒരിക്കല്‍ക്കൂടി വ്യക്തമായത്. അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ അവസരം കിട്ടുക വലിയ കാര്യമാണ്.

പഴയ കാര്യങ്ങള്‍ ഓര്‍ക്കാന്‍ മാത്രമല്ല, ഇത്രയും പ്രശസ്തനായിക്കഴിഞ്ഞു സങ്കോചമില്ലാതെ പഴയകാലം വെളിപ്പെടുത്താന്‍ കാണിച്ച മനസ്സിനു നന്ദി പറയാനും ഞാന്‍ ആ അവസരം ഉപയോഗിക്കും.’- പൗല പറഞ്ഞു.

ആദ്യ ചിത്രത്തില്‍ കാണുന്നത് പൗല ലീസ. രണ്ടാമത്തെ ചിത്രത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടൊപ്പം നില്‍ക്കുന്നത്, അഭിമുഖം നടത്തിയ പിയേഴ്‌സ് മോര്‍ഗന്‍

Latest Stories

We use cookies to give you the best possible experience. Learn more