| Friday, 6th September 2024, 8:11 pm

ഇതാ ഇവിടെ ചരിത്രം പിറന്നിരിക്കുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ലിസ്ബണിലെ എസ്റ്റാഡിയോ ഡോ ബെന്‍ഫിക്കയുടെ മണ്ണില്‍ ചരിത്രനേട്ടത്തിലേക്കാണ് പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പറന്നിറങ്ങിയത്. നേഷന്‍സ് ലീഗില്‍ ക്രോയേഷ്യക്കെതിരായ മത്സരത്തിന്റെ 34ാം മിനിട്ടില്‍ ഡോമനിക് ലിവക്കോവിച്ച് നിസ്സഹായനായപ്പോള്‍ റൊണാള്‍ഡോയുടെ പേരില്‍ കുറിക്കപ്പെട്ടത് കരിയറിലെ 900ാം ഗോളാണ്.

ഒഫീഷ്യല്‍ മാച്ചുകളില്‍ നിന്നും 900 ഗോള്‍ എന്ന ചരിത്ര നേട്ടം കുറിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. 859 ഗോളുമായി ലയണല്‍ മെസിയാണ് രണ്ടാമത്.

പോര്‍ച്ചുഗലിനായി റൊണാള്‍ഡോ നേടുന്ന 131ാം ഗോളാണിത്.

ആകെ നേടിയ 900 ഗോളുകളില്‍ പകുതിയും റയല്‍ മാഡ്രിഡിന് വേണ്ടിയാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. കൃത്യമായി പറഞ്ഞാല്‍ 450 ഗോളുകള്‍.

റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനെന്ന നേട്ടവും സ്വന്തമാക്കിയാണ് റോണോ സാന്‍ഡിയാഗോ ബെര്‍ണാബ്യൂവില്‍ നിന്നും പടിയിറങ്ങിയത്. ലോസ് ബ്ലാങ്കോസിനായി ബൂട്ടുകെട്ടിയ 438 മത്സരത്തില്‍ നിന്നുമാണ് താരം 450 ഗോളുകള്‍ വലയിലെത്തിച്ചത്. രണ്ടാമതുള്ള കരീം ബെന്‍സെമ 354 ഗോളുകളാണ് ടീമിന് വേണ്ടി നേടിയത്.

റൊണാള്‍ഡോയെ ഇന്ന് കാണുന്ന ഇതിഹാസമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയാണ് റോണോ കരിയറില്‍ രണ്ടാമതായി ഏറ്റവുമധികം ഗോളുകള്‍ സ്വന്തമാക്കിയത്. രണ്ട് കാലഘട്ടത്തിലുമായി 145 തവണയാണ് സര്‍ അലക്‌സ് ഫെര്‍ഗൂസന്റെ പ്രിയ ശിഷ്യന്‍ എതിരാളികളുടെ വല കുലുക്കിയത്.

ഇംഗ്ലണ്ടിനും സ്‌പെയ്‌നിനും ശേഷം ഇറ്റലിയും കീഴടക്കാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ യുവന്റസിനായും റോണോ ഗോള്‍ നേട്ടത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 101 ഗോളുകളാണ് ഓള്‍ഡ് ലേഡിയുടെ ജേഴ്‌സിയണിഞ്ഞ് റോണോ സ്‌കോര്‍ ചെയ്തത്..

നിലവിലെ ടീമായ അല്‍ നസറിന് വേണ്ടി 68 തവണയാണ് നായകന്‍ എതിരാളികളുടെ ഗോള്‍വല ചലിപ്പിച്ചത്.

ഇനി ശേഷിക്കുന്ന അഞ്ച് ഗോളുകള്‍, സീനിയര്‍ കരിയറില്‍ റോണോ നേടിയ ആദ്യ ഗോളുകളാണിത്. സര്‍ അലക്‌സ് ഫെര്‍ഗൂസണിന്റെ കണ്ണില്‍പ്പെടും മുമ്പ് തന്റെ ബോയ്ഹുഡ് ടീമായ സ്‌പോര്‍ട്ടിങ് ലിസ്ബണിന് വേണ്ടിയാണ് ആ അഞ്ച് ഗോളുകളും സ്വന്തമാക്കിയത്.

ലീസ്ബണിന് വേണ്ടി ടീനേജറായിരിക്കെ തുടങ്ങിവെച്ച ഗോളടി ഇപ്പോള്‍ തന്റെ മുപ്പതുകളുടെ അവസാനത്തില്‍ അല്‍ നസറിന് വേണ്ടിയും താരം തുടരുകയാണ്.

2002 ഒക്ടോബര്‍ ഏഴിനാണ് റോണാള്‍ഡോ കരിയറിലെ ആദ്യ ഗോള്‍ നേടിയത്. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ജേഴ്‌സിയില്‍. പോര്‍ച്ചുഗല്‍ ക്ലബ്ബായ മോറിറെന്‍സ് എഫ്.സിയായിരുന്നു എതിരാളികള്‍. 2008 ജനുവരി 27ന് റോണോ ഗോളടിയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. ടോട്ടന്‍ഹാം ഹോട്‌സ്പറിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയാണ് ഗോള്‍ നേട്ടത്തില്‍ നൂറ് തികച്ചത്.

ശേഷം 200, 300, 400, 500, 600 ഗോളുകളെല്ലാം തന്നെ റയലിന്റെ ജേഴ്‌സിയണിഞ്ഞാണ് ക്രിസ്റ്റ്യാനോ വലയിലെത്തിച്ചത്. യഥാക്രമം വലന്‍സിയ (2010 ഡിസംബര്‍ 4), ഗ്രനഡ (2012 മെയ് 5), സെല്‍റ്റ വിഗോ (2014 ജനുവരി 6), മാല്‍മോ (2015 സെപ്റ്റംബര്‍ 30), യുവന്റസ് (2017 ജൂണ്‍ 3) എന്നിവരായിരുന്നു ഈ ഗോളുകള്‍ ഏറ്റുവാങ്ങിയത്.

2019 ഒക്ടോബര്‍ 14ന് അദ്ദേഹം തന്റെ 700ാം ഗോളും പൂര്‍ത്തിയാക്കി. പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ ഉക്രൈനെതിരെയായിരുന്നു ഗോള്‍ നേട്ടം പിറവിയെടുത്തത്.

2021 ഡിസംബര്‍ രണ്ടിന് ഗണ്ണേഴ്‌സിനെതിരെ വലകുലുക്കി 800ാം ഗോളും ദി ഗോട്ട് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. ഇപ്പോള്‍ വീണ്ടും പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ 900 എന്ന മാജിക്കല്‍ നമ്പറിലേക്കും റോണോ കാലെടുത്തുവെച്ചു.

ലാ ലീഗയില്‍ 311 ഗോളും പ്രീമിയര്‍ ലീഗില്‍ 103 ഗോളും സീരി എ-യില്‍ 81 ഗോളുമാണ് റോണോയുടെ പേരിലുള്ളത്. ചാമ്പ്യന്‍സ് ലീഗിലെ 183 മത്സരത്തില്‍ നിന്നും 140 ഗോള്‍ നേടിയ താരം കോപ്പ ഡെല്‍ റേയില്‍ 22 ഗോളും എഫ്.എ കപ്പില്‍ 13 ഗോളും അടിച്ചുകൂട്ടിയിട്ടുണ്ട്.

കരിയറില്‍ 20 തവണ സീസണിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്തിയ താരം നാല് വിവിധ ടീമുകള്‍ക്കൊപ്പം നാല് വിവിധ ടൂര്‍ണമെന്റുകളിലായി ആറ് തവണ ഗോള്‍ഡന്‍ ബൂട്ടും സ്വന്തമാക്കിയിട്ടുണ്ട്.

ഗോളുകളുടെ കാര്യത്തില്‍ മാത്രമല്ല, കിരീടം നേടിയും പറങ്കിപ്പടയുടെ പടനായകന്‍ റെക്കോഡിട്ടുണ്ട്. കരിയറില്‍ അഞ്ച് തവണയാണ് റോണോ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്. ലോസ് ബ്ലാങ്കോസിനൊപ്പം നാല് തവണയും റെഡ് ഡെവിള്‍സിനൊപ്പം ഒരിക്കലും.

ഏറ്റവുമധികം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് സ്ഥാനം. ആറ് കിരീടം നേടിയ റയല്‍ ലെജന്‍ഡ് ലൂക്കാ മോഡ്രിച്ചും ഡാനി കാര്‍വഹാലുമാണ് ഒന്നാമത്.

എന്നാല്‍ വ്യത്യസ്ത ടീമുകള്‍ക്കൊപ്പം ഈ നേട്ടം കൈവരിച്ച താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ ടോണി ക്രൂസിനൊപ്പം ഒന്നാമതാണ് റോണാള്‍ഡോ. റയലിനൊപ്പം നാല് തവണ യൂറോപ്പിന്റെ രാജാവായ ക്രൂസ്, ബയേണിനൊപ്പമാണ് കരിയറിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയത്.

ഇതിന് പുറമെ ലാ ലീഗ, കോപ്പ ഡെല്‍ റേ, സ്പാനിഷ് സൂപ്പര്‍ കപ്പ്, ക്ലബ്ബ് വേള്‍ഡ് കപ്പ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സീരി എ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കിരീട നേട്ടങ്ങളും ലിസ്ബണില്‍ നിന്നെത്തി ലോകം കീഴടക്കിയവന്‍ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തിട്ടുണ്ട്.

900 ഗോളുകളില്‍ നിര്‍ത്താന്‍ ഉദ്ദേശമില്ലെന്ന് റൊണാള്‍ഡോ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 1000 ഗോളുകള്‍, വിരമിക്കല്‍ പ്രഖ്യാപിക്കും മുമ്പ് ഈ നേട്ടത്തിലെത്തണമെന്നാണ് എല്‍ ബിച്ചോ ആഗ്രഹിക്കുന്നത്. കാത്തിരിക്കാം, ആ ചരിത്ര നേട്ടത്തിന്റെ പിറവിക്കായി.

Content Highlight: Cristiano Ronaldo completes 900 Goals

സ്പോര്‍ട്സ് ഡെസ്‌ക്