ക്ലബ്ബിനും ദേശീയ ടീമിനുമായി 850 ഗോള്‍ നേടുന്ന ആദ്യ താരം എന്ന ഐതിഹാസിക നേട്ടത്തിലേക്ക് ഓടിയെത്തി ഫുട്‌ബോള്‍ ലെജന്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ അല്‍ ഹസമിനെതിരായ മത്സരത്തില്‍ നേടിയ ഗോളിന് പിന്നാലെയാണ് റൊണാള്‍ഡോ 850 എന്ന മാജിക്കല്‍ നമ്പര്‍ പൂര്‍ത്തിയാക്കിയത്.
അല്‍ ഹസത്തിനെതിരായ മത്സരത്തില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. ഈ ഗോളാണ് അദ്ദേഹത്തെ ചരിത്രനേട്ടത്തിന് ഉടമയാക്കിയത്. അല്‍ നസറിന് വേണ്ടി റൊണാള്‍ഡോ നേടുന്ന 26ാം ഗോളാണിത്.
തന്റെ കരിയറില്‍ റൊണാള്‍ഡോ ഏറ്റവുമധികം ഗോള്‍ നേടിയത് റയല്‍ മാഡ്രിഡിന് വേണ്ടിയാണ്. പകുതിയിലധികം ഗോളും താരം നേടിയത് ലോസ് ബ്ലാങ്കോസിന് വേണ്ടിയായിരുന്നു. 450 തവണയാണ് റൊണാള്‍ഡോ റയലിനായി എതിരാളികളുടെ വല കുലുക്കിയത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പമുണ്ടായിരുന്ന രണ്ട് കാലഘട്ടങ്ങളിലുമായി 145 ഗോള്‍ നേടിയപ്പോള്‍ 123 ഗോളുകള്‍ പോര്‍ച്ചുഗീസ് നാഷണല്‍ ടീമിന് വേണ്ടിയായിരുന്നു സ്‌കോര്‍ ചെയ്തത്. യുവന്റസിനായി 101 ഗോളുകള്‍ നേടിയ റൊണാള്‍ഡോ, താന്‍ കളിയടവ് പഠിച്ച ബോയ്ഹുഡ് ക്ലബ്ബായ സ്‌പോര്‍ട്ടിങ് ലിബ്‌സണിന് വേണ്ടി അഞ്ച് ഗോളാണ് സ്വന്തമാക്കിയത്.
അതേസമയം, അല്‍ ഹസമിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു അല്‍ നസറിന്റെ വിജയം. ഒരു ഗോളടിച്ചതിനൊപ്പം രണ്ട് ഗോളടിപ്പിച്ചും റൊണാള്‍ഡോ അല്‍ നസര്‍ നിരയില്‍ നിര്‍ണായകമായിരുന്നു.
മത്സരത്തിന്റെ 33ാം മിനിട്ടില്‍ അബ്ദുറഹ്മാന്‍ ഗരീബിലൂടെ മുമ്പിലെത്തിയ അല്‍ നസര്‍ 45+8ാം മിനിട്ടില്‍ അബ്ദുള്ള അല്‍ ഖായ്ബാരിയിലൂടെ ലീഡ് ഇരട്ടിയാക്കിയിരുന്നു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡുമായി കളത്തിലിറങ്ങിയ അല്‍ അലാമിയെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അല്‍ ഹസം ഞെട്ടിച്ചിരുന്നു. 47ാം മിനിട്ടില്‍ മുഹമ്മദ് ബദാമോസിയിലൂടെയാണ് അല്‍ ഹസം അക്കൗണ്ട് തുറന്നത്.
മത്സരത്തിന്റെ 68ാം മിനിട്ടില്‍ റൊണാള്‍ഡോയുടെ ഹിസ്റ്ററി മേക്കിങ് ഗോളും 78ാം മിനിട്ടില്‍ സാദിയോ മാനേയുടെ ഗോളുമായപ്പോള്‍ അല്‍ നസര്‍ നാല് ഗോളിന്റെ ലീഡില്‍ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
ഈ വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയരാനും അല്‍ നസറിനായി. അഞ്ച് മത്സരത്തില്‍ നിന്നും മൂന്ന് ജയവും രണ്ട് തോല്‍വിയുമായി ഒമ്പത് പോയിന്റാണ് അല്‍ നസറിനുള്ളത്. സെപ്റ്റംബര്‍ 16നാണ് സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ റഈദാണ് എതിരാളികള്‍.
Content highlight: Cristiano Ronaldo completes 850 Goals