കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. എവര്‍ട്ടണെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പിച്ചാണ് എറിക് ടെന്‍ ഹാഗിന്റെ ചുവന്ന ചെകുത്താന്മാര്‍ വിജയം ആഘോഷിച്ചത്.
എവര്‍ട്ടണിന്റെ ഹോം സ്‌റ്റേഡിയമായ ഗൂഡിസണ്‍ പാര്‍ക്കില്‍ വെച്ചായിരുന്നു മത്സരം നടന്നത്. ഗൂഡിസണ്‍ പാര്‍ക്കിനെ ആവേശത്തിലാഴ്ത്തി മത്സരത്തിന്റെ അഞ്ചാം മിനിട്ടില്‍ തന്നെ എവര്‍ട്ടണ്‍ സ്‌കോര്‍ ചെയ്തിരുന്നു. അലെക്‌സ് ഇവോബിയായിരുന്നു എവര്‍ട്ടണിനായി ഗോള്‍ നേടിയത്.
എന്നാല്‍ ആ ആഘോഷങ്ങള്‍ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. ഇവോബി ഗോളടിച്ച് കൃത്യം പത്താം മിനിട്ടില്‍ തന്നെ യുണൈറ്റഡിന്റെ വക ഈക്വലൈസര്‍ ഗോളുമെത്തി. സൂപ്പര്‍ താരം ആന്തണിയായിരുന്നു മാഞ്ചസ്റ്ററിനായി ഗോള്‍ നേടിയത്.
ആദ്യ പകുതി അവസാനിക്കാന്‍ ഒറ്റ മിനിട്ട് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഗൂഡിസണ്‍ പാര്‍ക്കില്‍ ചരിത്രം പിറന്നത്. ഏറെ നാളത്തെ ഗോള്‍ വരള്‍ച്ചക്ക് ശേഷം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍ നേടി മാഞ്ചസ്റ്ററിനെ മുമ്പിലെത്തിച്ചു.
അതേ കേവലം മാഞ്ചസ്റ്ററിന്റെ വിജയ ഗോള്‍ മാത്രമായിരുന്നില്ല, ക്ലബ്ബ് ഫുട്‌ബോളിന്റെ ചരിത്രത്തിലേക്ക് കൂടിയായിരുന്നു ക്രിസ്റ്റിയാനോ ആ ഗോള്‍ തൊടുത്തുവിട്ടത്.
ക്ലബ്ബ് ഫുട്‌ബോളില്‍ 700 ഗോള്‍ തികക്കുന്ന ആദ്യ താരം എന്ന റെക്കോഡായിരുന്നു റൊണാള്‍ഡോ ഈ ഗോളിലൂടെ സ്വന്തമാക്കിയത്. അന്താരാഷ്ട്ര തലത്തില്‍ 117 ഗോളും നേടിയ റൊണാള്‍ഡോയുടെ കരിയറിലെ 817ാം ഗോള്‍ ആണിത്.
വിവിധ ക്ലബ്ബുകള്‍ക്കായി ക്രിസ്റ്റിയുടെ ഇടം, വലം കാലുകളും തലയുമെല്ലാം വലകുലുക്കിയിട്ടുണ്ട്. തന്റെ പ്രൈം ടൈമില്‍ റയലിന് വേണ്ടിയാണ് താരം കൂടുതല്‍ ഗോള്‍ നേടിയത്.
റയലിനായി കരിയറില്‍ 450 ഗോള്‍ നേടിയ താരം, മാഞ്ചസ്റ്ററിനായി 114ഉം യുവന്റസിനായി 101 ഗോളും നേടിയിട്ടുണ്ട്. തന്റെ ആദ്യ തട്ടകമായ സ്‌പോര്‍ട്ടിങ് സി.പിക്ക് വേണ്ടി അഞ്ച് ഗോളാണ് ക്രിസ്റ്റിയാനോ നേടിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വിജയിച്ചതോടെ പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിക്കാനും മാഞ്ചസ്റ്ററിനായി. എട്ട് മത്സരത്തില്‍ നിന്നും അഞ്ച് ജയവും മൂന്ന് തോല്‍വിയുമടക്കം 15 പോയിന്റാണ് റെഡ് ഡെവിള്‍സിനുള്ളത്.
പോയിന്റ് ടേബിളില്‍ 12ാം സ്ഥാനത്താണ് എവര്‍ട്ടണ്‍. ഒമ്പത് മത്സരത്തില്‍ നിന്നും രണ്ട് ജയം മാത്രമാണ് എവര്‍ട്ടണിനുള്ളത്.
പ്രീമിയര്‍ ലീഗില്‍ ന്യൂ കാസിലിനോടാണ് മാഞ്ചസ്റ്ററിന്റെ അടുത്ത മത്സരം. ഒക്ടോബര്‍ 16ന് മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രോഫോര്‍ഡില്‍ വെച്ചാണ് പോരാട്ടം.
Content highlight: Cristiano Ronaldo completes 700 club goals