കഴിഞ്ഞ ദിവസം കിങ് ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പില്‍ അല്‍ നസറും ഈജിപ്ഷ്യന്‍ ക്ലബ്ബായ സമാലേക്കും ഏറ്റമുട്ടിയിരുന്നു. ഓരോ ഗോള്‍ വീതമടിച്ച് സമനിലയിലാണ് മത്സരം കലാശിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം പകുതിയുടെ എട്ടാം മിനിട്ടില്‍ സമാലേക്ക് ലീഡ് സ്വന്തമാക്കി. പെനാല്‍ട്ടിയിലൂടെ അഹമ്മദ് സയ്യദാണ് ഈജിപ്ഷ്യന്‍ വമ്പന്‍മാരെ മുമ്പിലെത്തിച്ചത്.
തുടര്‍ന്ന് ഗോള്‍ മടക്കാന്‍ അല്‍ നസര്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും അതെല്ലാം സമാലേക്കിന്റെ പ്രതിരോധ മതില്‍ തട്ടി ഇല്ലാതാവുകയായിരുന്നു.
തോല്‍വിയിലേക്ക് കൂപ്പുകുത്തുമെന്ന് പ്രതീക്ഷിച്ച സമയത്ത് രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അവതരിച്ചപ്പോള്‍ അല്‍ നസര്‍ സമനില പിടിച്ചു. മത്സരത്തിന്റെ 87ാം മിനിട്ടില്‍ നേടിയ തകര്‍പ്പന്‍ ഹെഡ്ഡര്‍ ഗോളിലൂടെയാണ് റൊണാള്‍ഡോ സമാലേക്ക് വലകുലുക്കിയത്.
ഈ ഗോള്‍ നേട്ടത്തിന് പിന്നാലെ മറ്റൊരു റെക്കോഡും റൊണാള്‍ഡോയെ തേടിയെത്തിയിരിക്കുകയാണ്. വലം കാല്‍ ഉപയോഗിക്കാതെ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ 300 ഗോള്‍ പൂര്‍ത്തിയാക്കിയ ആദ്യ താരം എന്ന റെക്കോഡാണ് റൊണാള്‍ഡോയെ തേടിയെത്തിയിരിക്കുന്നത്.
കരിയറിലെ 146ാമത് ഹെഡ്ഡര്‍ ഗോളാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്.
ഇതിന് മുമ്പ്, മൊണാസിറ്ററിനെതിരായ മത്സരത്തിലും റൊണാള്‍ഡോ ഹെഡ്ഡര്‍ ഗോള്‍ സ്വന്തമാക്കിയിരുന്നു. ഈ ഗോളിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും സൂപ്പര്‍ താരത്തെ തേടിയെത്തിയിരുന്നു.
ഫുട്ബോളിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ഹെഡ്ഡര്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോഡാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്. ജര്‍മനിയുടെ ഗ്രെഡ് മുള്ളറിന്റെ റെക്കോഡാണ് പോര്‍ച്ചുഗല്‍ ഇന്റര്‍നാഷണല്‍ മറികടന്നത്.
മത്സരത്തിന്റെ 74ാം മിനിട്ടില്‍ സുല്‍ത്താന്‍ അല്‍ ഘാനമിന്റെ ക്രോസില്‍ കൃത്യമായി തലവെച്ചാണ് റൊണോ പന്ത് വലയിലാക്കിയത്.
ഫുട്ബോളിന്റെ ചരിത്രത്തില്‍ ഹെഡ്ഡറിലൂടെ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങള്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍) – 146*
ഗ്രെഡ് മുള്ളര്‍ (ജര്‍മനി) – 144
കാര്‍ലോസ് സാന്തിയാന (സ്പെയ്ന്‍) – 125
പെലെ (ബ്രസീല്‍) – 124
അതേസമയം, സമാലേക്കിനെതിരായ മത്സരത്തില്‍ സമനില പാലിച്ചതോടെ അറേബ്യന്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് സി-യില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. മൂന്ന് മത്സരത്തില്‍ രണ്ട് സമനിലയും ഒരു ജയവുമായി അഞ്ച് പോയിന്റാണ് അല്‍ നസറിനുള്ളത്. ഏഴ് പോയിന്റുമായി അല്‍ ഷബാബാണ് ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമത്.
ആഗസ്റ്റ് ആറിനാണ് അല്‍ നസറിന്റെ അടുത്ത മത്സരം. ഗ്രൂപ്പ് ഡി-യില്‍ ഒറ്റ മത്സരം പോലും തോല്‍ക്കാത്ത രാജ സി.എ ആണ് എതിരാളികള്‍.
Content highlight: Cristiano Ronaldo completes 300 goals without using right foot