എല്ലാം യൂറോപ്പിലേത് പോലെ, എന്നാല്‍ അല്‍ നസറില്‍ ഒരു കാര്യം ബുദ്ധിമുട്ടിച്ചു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
Football
എല്ലാം യൂറോപ്പിലേത് പോലെ, എന്നാല്‍ അല്‍ നസറില്‍ ഒരു കാര്യം ബുദ്ധിമുട്ടിച്ചു: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 26th June 2023, 11:05 pm

സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് എത്തിയതിന് ശേഷം താന്‍ അഭിമുഖീകരിച്ച വെല്ലുവിളിയെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്ബോളിന്റെ കാര്യത്തില്‍ മറ്റെല്ലാം യൂറോപ്പിലേത് പോലെ തന്നെയാണെന്നും എന്നാല്‍ പരിശീലനത്തിന്റെ കാര്യം വിചിത്രമായി തോന്നിയെന്നും റൊണാള്‍ഡോ പറഞ്ഞു. സൗദി പ്രോ ലീഗ് ബ്രോഡ്കാസ്റ്റര്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളുണ്ട്, പക്ഷെ എല്ലാം യൂറോപ്പിലേത് പോലെ തന്നെ. യൂറോപ്പില്‍ അതിരാവിലെയാണ് ഞങ്ങള്‍ പരിശീലത്തിന് ഇറങ്ങുന്നത്. എന്നാല്‍ സൗദിയില്‍ ഉച്ചതിരിഞ്ഞാണ് ട്രെയ്നിങ് ആരംഭിക്കുന്നത്. റമദാന്‍ ആരംഭിക്കുമ്പോള്‍ അത് രാത്രി 10 മണിയൊക്കെയാകും. അത് വളരെ വിചിത്രമായി തോന്നി,’ റൊണാള്‍ഡോ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് മോഹവില നല്‍കി റൊണാള്‍ഡോയെ അല്‍ നസര്‍ ക്ലബ്ബിലെത്തിച്ചത്. താരത്തിന്റെ പ്രവേശനത്തോടെ ചാമ്പ്യന്‍ഷിപ്പ് ട്രോഫികള്‍ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാനാകുമെന്ന ഉദ്ദേശത്തോടെയാണ് അല്‍ ആലാമി റൊണാള്‍ഡോയുമായി സൈനിങ് നടത്തിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ അവസാന നാളുകളില്‍ വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ പോകേണ്ടി വന്ന താരത്തിന് മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളില്‍ ഇടം നേടാനായിരുന്നില്ല. തുടര്‍ന്നാണ് താരം മിഡില്‍ ഈസ്റ്റിലേക്ക് നീങ്ങിയത്.

അതേസമയം, ഫുട്ബോളില്‍ തന്റെ 38ാം വയസിലും റെക്കോഡുകള്‍ അടിച്ചെടുത്ത് ചരിത്രം കുറിക്കുകയാണ് റൊണാള്‍ഡോ. അഞ്ച് ബാലണ്‍ ഡി ഓര്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ക്രിസ്റ്റ്യാനോ ഇപ്പോള്‍ ഗിന്നസ് റെക്കോഡിനും അര്‍ഹനായിരിക്കുകയാണ്.

അന്താരാഷ്ട്ര ഫുട്ബോളില്‍ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് താരത്തെ തേടി ഗിന്നസ് റെക്കോഡ് എത്തിയിരിക്കുന്നത്. യൂറോ 2024 ക്വാളിഫയേഴ്‌സില്‍ ഐസ്ലന്‍ഡിനെതിരായ മത്സരത്തില്‍ പോര്‍ച്ചുഗല്‍ വിജയിച്ചിരുന്നു. ഏകപക്ഷീയമായ ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ ജയം. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ടീമിനായി ഗോള്‍ നേടിയത്.

Content Highlights: Cristiano Ronaldo compares the training schedule between Al Nassr and European clubs