| Tuesday, 18th July 2023, 1:14 pm

മെസിയുടെ ലീഗിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ക്രിസ്റ്റ്യാനോ; യൂറോപ്പ്യന്‍ ലീഗുകള്‍ക്കെതിരെ വിമര്‍ശനം

സ്പോര്‍ട്സ് ഡെസ്‌ക്

ലോക ഫുട്‌ബോളില്‍ എക്കാലത്തേയും വലിയ ചിരവൈരികളാണ് അര്‍ജന്റൈന്‍ ഇതിഹാസമായ ലയണല്‍ മെസിയും പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇരുവരും തമ്മിലുള്ള ഗോട്ട് ഡിബേറ്റ് സോഷ്യല്‍ മീഡിയയില്‍ എക്കാലത്തും സജീവവുമാണ്.

ഏറ്റവുമൊടുവിലായി ലയണല്‍ മെസിയുടെ അമേരിക്കന്‍ ലീഗായ എം.എല്‍.എസിനെ കുറിച്ച് ക്രിസ്റ്റ്യാനോ നടത്തിയ പരാമര്‍ശം ശ്രദ്ധ നേടുകയാണ്. പോര്‍ച്ചുഗലില്‍ നടന്ന അല്‍ നസര്‍-സെല്‍റ്റാ വിഗോ പ്രീ-സീസണ്‍ മാച്ചിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കന്‍ മേജര്‍ ലീഗായ എം.എല്‍.എസിലേക്ക് കളിക്കാന്‍ പോകാന്‍ താല്‍പര്യമുണ്ടോ എന്നാണ് മാധ്യമങ്ങളുടെ ചോദ്യം. എന്നാല്‍ എം.എല്‍.എസിനേക്കാള്‍ മികച്ചതാണ് സൗദി പ്രോ ലീഗ് എന്നാണ് റൊണാള്‍ഡോ നല്‍കിയ മറുപടി.

തനിക്ക് യു.എസിലേയോ യൂറോപ്പിലേയോ ഒരു ടീമിലും കളിക്കാന്‍ തത്ക്കാലം പ്ലാനുകളില്ലെന്നും റൊണാള്‍ഡോ പറഞ്ഞതായി ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ‘സൗദി ലീഗിലേക്ക് ഞാന്‍ വന്നതിന് ശേഷമാണ് മറ്റു പല പ്രമുഖ താരങ്ങളും ഇവിടേക്ക് വരാന്‍ തുടങ്ങിയത്. ഒരു വര്‍ഷം കൂടി കഴിയുമ്പോള്‍ സൗദി ലീഗിലേക്ക് ഇതിലും കൂടുതല്‍ താരങ്ങളെത്തും.

ഒരു വര്‍ഷം കൊണ്ട് തന്നെ സൗദി ലീഗ് തുര്‍ക്കിഷ് ലീഗ്, ഡച്ച് ലീഗ് എന്നിവയെ മറികടക്കും. എനിക്ക് 100 ശതമാനം ഉറപ്പാണ് ഞാന്‍ യൂറോപ്യന്‍ ക്ലബ്ബിലേക്ക് വരില്ലെന്നതിന്. 38 വയസുണ്ട് എനിക്ക്.

യൂറോപ്യന്‍ ഫുട്‌ബോളിന് പഴയ ക്വാളിറ്റി ഇപ്പോഴില്ല. അവിടെ ആകെയുള്ള മികച്ച ലീഗ് പ്രീമിയര്‍ ലീഗാണ്. അത് മറ്റുള്ള ലീഗുകളെക്കാള്‍ ബഹുദൂരം മുന്നിലുമാണ്,’ റൊണാള്‍ഡോ പറഞ്ഞു.

ഇന്നലെത്തെ പ്രീ-സീസണ്‍ മാച്ചില്‍ സെല്‍റ്റാ വിഗോ അല്‍ നസറിനെ 5-0ന് തോല്‍പ്പിച്ചിരുന്നു. വ്യാഴാഴ്ച പോര്‍ച്ചുഗീസ് ലീഗിലെ ചാമ്പ്യന്മാരായ ബെന്‍ഫിക്കയാണ് അവരുടെ അടുത്ത എതിരാളികള്‍.

Content Highlights: cristiano ronaldo compares messi’s MLS league with saudi pro league

Latest Stories

We use cookies to give you the best possible experience. Learn more