| Monday, 20th March 2023, 11:34 am

'പ്രായം എനിക്കൊരു വിഷയമേയല്ല, അനുഭവമാണ് പ്രധാനം'; ക്രിസ്റ്റ്യാനോ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്തയുമായി കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

2024 യുവേഫാ യൂറോ കപ്പില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കെടുക്കുമെന്ന് പോര്‍ച്ചുഗല്‍ ദേശീയ ടീം കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ്.

റൊണാള്‍ഡോയെ ഖത്തര്‍ ലോകകപ്പില്‍ അധിക നേരം കളിപ്പിക്കാത്തതിനെ തുടര്‍ന്ന് മുന്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. 38കാരനായ താരത്തെ യൂറോ കപ്പില്‍ പങ്കെടുപ്പിക്കുമോ എന്ന ആരാധകരുടെ ആശങ്കക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇപ്പോള്‍ മാര്‍ട്ടിനെസ്.

ക്രിസ്റ്റിയാനോ പോര്‍ച്ചുഗല്‍ ദേശീയ ടീമിലെ പ്രധാനപ്പെട്ട താരമാണെന്നും അദ്ദേഹം പരിചയ സമ്പന്നനായ കളിക്കാരനാണെന്നും മാര്‍ട്ടിനെസ് പറഞ്ഞു. തനിക്ക് പ്രായമൊരു പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത ഫുട്‌ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ക്രിസ്റ്റിയാനോ റൊണാള്‍ഡോ പ്രതിബദ്ധതയുള്ള കളിക്കാരനാണ്. അദ്ദേഹം പരിചയ സമ്പന്നനായ കളിക്കാരനും ടീമിലെ പ്രധാനപ്പെട്ട താരവുമാണ്. വരാനിരിക്കുന്ന യൂറോ കപ്പില്‍ ക്രിസ്റ്റ്യാനോ എന്തായാലും പങ്കെടുക്കും. എന്നെ സംബന്ധിച്ച് പ്രായം ഒരു പ്രശ്‌നമല്ല,’ മാര്‍ട്ടിനെസ് പറഞ്ഞതായി ഫാബ്രിസിയാനോ റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിന് വേണ്ടിയാണ് കളിക്കുന്നത്. കഴിഞ്ഞ ജനുവരിയിലാണ് വമ്പന്‍ തുക മുടക്കി അല്‍ ആലാമി ക്ലബ്ബ് താരത്തെ സ്വന്തമാക്കിയത്. രണ്ട് വര്‍ഷത്തെ കരാറിലാണ് ക്ലബ്ബുമായി താര്ം ഒപ്പുവെച്ചത്.

പോര്‍ച്ചുഗല്‍ ക്ലബ്ബിനായി ഇതുവരെ കളിച്ച 196 മത്സരങ്ങളില്‍ നിന്ന് 118 ഗോളാണ് റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. ദേശീയ ടീമിനായി ഒരു യൂറോ കപ്പ് കൂടി കളിച്ചുകൊണ്ട് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനാണ് തന്റെ ആഗ്രഹമെന്ന് റൊണാള്‍ഡോ നേരത്തെ സൂചിപ്പിച്ചിരുന്നു.

Content Highlights: Cristiano Ronaldo called up by Portugal new coach Roberto Martinez for the next UEFA Euro qualifiers

We use cookies to give you the best possible experience. Learn more