| Monday, 25th June 2018, 8:00 pm

എന്നെയൊന്ന് ഉറങ്ങാന്‍ അനുവദിക്കൂ; ഹോട്ടലിനു പുറത്ത് ബഹളമുണ്ടാക്കിയ ഇറാന്‍ ആരാധകരോട് റൊണാള്‍ഡോ, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

സറാന്‍സ്‌ക്: ഇന്ന് ഇറാന്‍-പോര്‍ച്ചുഗല്‍ മത്സരം നടക്കാനിരിക്കെ പോര്‍ച്ചുഗല്‍ ടീം താമസിക്കുന്ന ഹോട്ടലിനുമുന്നില്‍ ശബ്ദമുണ്ടാക്കി ഇറാന്‍ ആരാധകര്‍. സൂപ്പര്‍താരം റൊണാള്‍ഡോയുടെ ഉറക്കം നഷ്ടപ്പെടുത്തുന്ന തരത്തില്‍ ആളുകള്‍ കോലാഹലമുണ്ടാക്കിയെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശബ്ദമുണ്ടാക്കുന്നവരോട് തന്നെ ഉറങ്ങാന്‍ അനുവദിക്കൂ എന്ന് ആംഗ്യത്തിലൂടെ റൊണാള്‍ഡോ ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി സറാന്‍സ്‌ക് സിറ്റി സെന്ററില്‍ ഇറാനിയന്‍ ആരാധകര്‍ ഉച്ചത്തില്‍ പാട്ടുവെക്കുകയും ആര്‍പ്പുവിളിക്കുകയുമായിരുന്നു.

ഞായറാഴ്ച രാത്രി 11 മണിയോടെ ഇറാന്‍ ഫുട്‌ബോള്‍ ടീം ആരാധകര്‍ ഹോട്ടലിനുപുറത്ത് ബഹളമുണ്ടാക്കുന്നതായി പറഞ്ഞ് ഹോട്ടലില്‍ നിന്ന് ഫോണ്‍ വന്നിരുന്നുവെന്ന് സറാന്‍സ്‌ക് പൊലീസ് പറഞ്ഞു. ഇവരെ സ്ഥലത്ത് നിന്ന് ഉടന്‍ മാറ്റിയെന്നും പൊലീസ് പറഞ്ഞു.

ALSO READ: മരണപ്പോരാട്ടത്തിനൊരുങ്ങി സ്‌പെയിനും പോര്‍ച്ചുഗലും; നെഞ്ചിടിപ്പോടെ ടീമുകള്‍

എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും ബഹളവുമായി ആരാധകരെത്തിയെന്നും പൊലീസ് പറയുന്നു. തങ്ങള്‍ ഹോട്ടലിലേക്കുള്ള റോഡുകള്‍ ബ്ലോക്ക് ചെയ്തിരുന്നെങ്കിലും പ്രധാനകവാടം വഴി വീണ്ടും ആരാധകരെത്തി പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്ക് റൊണാള്‍ഡോയേയും പോര്‍ച്ചുഗലിനെയും ഇഷ്ടമാണെന്നും എന്നാല്‍ ഇനി നടക്കാനുള്ളത് വലിയ കളിയാണെന്നും ഞങ്ങള്‍ക്കത് എന്തുവില കൊടുത്തും ജയിക്കണമെന്നും ഒരു ഇറാനിയന്‍ ആരാധകന്‍ പറഞ്ഞു.

ALSO READ: ലോകകപ്പ് കിട്ടുന്നത് വരെ വിരമിക്കില്ല; ലയണല്‍ മെസ്സി

അതേസമയം ഇറാന്‍ ആരാധകരെല്ലാം ഈ പ്രവൃത്തിയെ അനുകൂലിച്ചില്ല. ആദ്യമായി ലോകകപ്പ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനുള്ളില്‍വെച്ച് കണ്ട ഇറാനിയന്‍ വനിതകളിലൊരാള്‍ ആരാധകര്‍ ഇത്തരത്തില്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നവെന്ന് കൂട്ടിച്ചേര്‍ത്തു.

“ഞങ്ങള്‍ ഹോട്ടലിലേക്ക് ഡിന്നറിനായി വന്നതായിരുന്നു. ഇറാനില്‍ നിന്നുള്ള ഫുട്‌ബോള്‍ ആരാധകര്‍ ഇവിടെ തടിച്ചുകൂടിയിരിക്കുന്നത് കണ്ടു. കാരണമന്വേഷിച്ചപ്പോള്‍ അവരോട് യോജിപ്പ് തോന്നിയില്ല. അവിടെ നിന്നും ഉടന്‍ മടങ്ങി.” മോണ്‍ട്രെ ഫായോദ് പറഞ്ഞു.

ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചാല്‍ മാത്രമെ ഇറാന് പ്രീക്വാര്‍ട്ടറിലെത്താനാകൂ. അതേസമയം പോര്‍ച്ചുഗലിന് കളി സമനിലയിലായാലും പ്രീക്വാര്‍ട്ടറിലെത്താം.

സൂപ്പര്‍താരം ക്രിസ്റ്റ്യാനോയുടെ ചിറകിലേറിയാണ് പോര്‍ച്ചുഗലിന്റെ കുതിപ്പ്. ഇതുവരെ കഴിഞ്ഞ രണ്ട് കളിയിലും റൊണാള്‍ഡോ മാത്രമാണ് യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ക്കായി വലകുലുക്കിയിട്ടുള്ളത്.

ചിത്രങ്ങള്‍ക്ക് കടപ്പാട്- ദി മിറര്‍, ദി സണ്‍

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more