| Sunday, 13th August 2023, 9:51 pm

ഫുട്‌ബോളില്‍ മാത്രമല്ല, ഇന്‍സ്റ്റഗ്രാമിന്റെ ചരിത്രത്തിലും റെക്കോഡിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസം നടന്ന അറബ് കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ അല്‍ നസര്‍ കിരീടം നേടിയിരുന്നു. അല്‍ ഹിലാലിനെതിരെ നടന്ന മത്സരത്തില്‍ ക്രിസ്റ്റ്യാനോ ഇരട്ട ഗോളുകള്‍ നേടിക്കൊണ്ട് അല്‍ ആലാമിയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് അല്‍ നസര്‍ അറബ് കപ്പ് ചാമ്പ്യന്മാരാകുന്നത്.

തകര്‍പ്പന്‍ ജയത്തിന്റെ ആഘോഷം ആളിക്കത്തുന്നതിനിടെ മറ്റൊരു റെക്കോഡ് കൂടി പേരിലാക്കിയിരിക്കുകയാണ് റോണോ. ഇന്‍സ്റ്റഗ്രാമില്‍ 600 മില്യണ്‍ ഫോള്ളോവേഴ്‌സ് തികയുന്ന ആദ്യ വ്യക്തിയെന്ന ഖ്യാതിയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഫുട്‌ബോള്‍ താരങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജുകള്‍ പരിശോധിക്കുമ്പോള്‍ റോണോയെക്കാള്‍ 117 മില്യണ്‍ ഫോള്ളോവേഴ്സിന് പുറകിലാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. 483 മില്യണ്‍ ഇന്‍സ്റ്റഗ്രാം ഫോള്ളോവേഴ്‌സാണ് നിലവില്‍ മെസിക്കുള്ളത്.

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് 212 മില്യണ്‍ ഫോള്ളോവേഴ്‌സും ഫ്രഞ്ച് സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബാപ്പെ, കരിം ബെന്‍സിമ എന്നീ താരങ്ങള്‍ക്ക് 107, 73 മില്യണ്‍ ഫോള്ളോവേഴ്‌സുമാണുള്ളത്.

അല്‍ ഹിലാലിന്റെ മിഷേലായിരുന്നു ലീഡ് ചെയ്ത് മുന്നേറിയിരുന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മത്സരത്തിന്റെ 74ാം മിനിട്ടില്‍ റോണോയുടെ ഗോള്‍ പിറന്നതോടെ കളി സമനിലയിലായി. 98ാം മിനിട്ടില്‍ താരത്തിന്റെ ഗോള്‍ പിറന്നതോടെ അല്‍ നസര്‍ ജയം സ്വന്തമാക്കുകയായിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസര്‍ എഫ്.സിയില്‍ ചേര്‍ന്നത്. ഇത്തവണ അറബ് ക്ലബ്ബ് ചാമ്പ്യന്‍സ് കപ്പിന്റെ ഫൈനല്‍ വരെ ടീം എത്തിയത് റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഫോം കൊണ്ട് തന്നെയാണ്. അവസാന നാല് മത്സരങ്ങളിലും താരം ക്ലബ്ബിന് വേണ്ടി ഗോളടിച്ചിരുന്നു.

2023 – 2024 സീസണില്‍ ഇതുവരെയായി ആറ് മത്സരങ്ങളില്‍ ആറ് ഗോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പ് ഫൈനലില്‍ 78 -ാം മിനിട്ട് മുതല്‍ ഒമ്പത് പേരായി ചുരുങ്ങിയിട്ടും അല്‍ നസറിനെ കിരീടത്തില്‍ എത്തിച്ചത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രകടന മികവ് കൊണ്ടായിരുന്നു

Content Highlights: Cristiano Ronaldo becomes the first person who reaches 600 Million followers on Instagram

Latest Stories

We use cookies to give you the best possible experience. Learn more