ഒരുവശത്ത് ആടിയുലയുമ്പോഴും മറുവശത്ത് തന്റെ ടീമിന് താങ്ങായും തണലായും കരുത്താവുകയാണ് പറങ്കിപ്പടയുടെ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഒരുപക്ഷേ തന്റെ അവസാന വേള്‍ഡ് കപ്പ് കളിക്കാന്‍ ഖത്തറിലേക്ക് പറക്കുമ്പോള്‍ ആദ്യമായി പോര്‍ച്ചുഗലിന് വിശ്വകിരീടം നേടിക്കൊടുക്കണമെന്ന ഒറ്റ ചിന്തയാണ് റൊണാള്‍ഡോക്കുള്ളത്.
ലോകകപ്പിന് തൊട്ടുമുമ്പ് ക്ലബ്ബ് ഫുട്‌ബോളില്‍ അഡ്രസില്ലാത്തവനായാണ് താരം ഖത്തറിലേക്ക് പറന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ ചില്ലറയൊന്നുമല്ല ക്രിസ്റ്റ്യാനോയെ ബാധിച്ചത്.
മാഞ്ചസ്റ്റര്‍ ബോസ് എറിക് ടെന്‍ ഹാഗുമായുള്ള അസ്വാരസ്യങ്ങളും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും കോച്ചിനെയും പരസ്യമായി വിമര്‍ശിച്ചതോടെ ഫുട്‌ബോള്‍ ലോകത്ത് നിന്നും റൊണാള്‍ഡോക്കെതിരെ ഉയര്‍ന്ന വിമര്‍ശനശരങ്ങളും ക്രിസ്റ്റ്യാനോയേക്കാളേറെ താരത്തിന്റെ ആരാധകരെയായിരുന്നു ഏറെ തകര്‍ത്തത്.
മനസില്‍ അലടിച്ചുയരുന്ന ഇത്തരം ചിന്തകളെയെല്ലാം അടക്കിയാകണം ക്രിസ്റ്റിയാനോ ഘാനക്കെതിരെ ബൂട്ടണിഞ്ഞത്. ഒടുവില്‍ പെനാല്‍ട്ടിയിലൂടെ ലഭിച്ച ആ ഗോള്‍ വലയിലെത്തിക്കുമ്പോള്‍ ചരിത്രത്തിലേക്ക് കൂടിയായിരുന്നു ആ മനുഷ്യന്‍ നടന്നുകയറിയത്.
ഒരു കാലത്ത് ഫുട്‌ബോളിനെ തന്നെ ഡിഫൈന്‍ ചെയ്ത ഇതിഹാസ താരങ്ങളായ പെലെക്കോ മറഡോണക്കോ ഗരിഞ്ചക്കോ എന്തിന് തന്റെ സമകാലികനും ഏറ്റവും വലിയ റൈവലുമായ ലയണല്‍ മെസിക്കോ പോലുമില്ലാത്ത നേട്ടമായിരുന്നു ആ ഗോളിലൂടെ റൊണാള്‍ഡോ സ്വന്തമാക്കിയത്.
തുടര്‍ച്ചയായ അഞ്ച് ലോകകപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ പുരുഷ താരം എന്ന റെക്കോഡാണ് ആ പെനാല്‍ട്ടിയിലൂടെ റൊണാള്‍ഡോ തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തത്.
2006ലെ തന്റെ ആദ്യ ലോകകപ്പില്‍ ഗോള്‍ നേടുമ്പോള്‍ താന്‍ ഒരിക്കല്‍ പെലെയെയോ മറഡോണയെയോ മറികടക്കുമെന്ന് റോണോ സ്വപ്‌നത്തില്‍ പോലും ചിന്തിച്ച് കാണില്ല. എന്നാലിപ്പോള്‍ കൃത്യം 16 വര്‍ഷങ്ങള്‍ക്ക് ശേഷവും അന്ന് തുടങ്ങിവെച്ച ഗോളടി താരം നിരന്തരം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
2006ലെ ജര്‍മന്‍ ലോകകപ്പ്, 2010ല്‍ സൗത്ത് ആഫ്രിക്ക ആതിഥേയരായ ലോകകപ്പ്, ബ്രസൂക്കയിലേക്ക് ലോകം ചുരുങ്ങിയ 2014ലെ ബ്രസീല്‍ ലോകകപ്പ്, താനാരാണെന്നും എന്താണെന്നും റൊണാള്‍ഡോ ഒരിക്കല്‍ കൂടി ലോകത്തിന് കാണിച്ചുകൊടുത്ത 2018ലെ റഷ്യ ലോകകപ്പ്, ഇപ്പോഴിതാ 2022ലെ ഖത്തര്‍ ലോകകപ്പും, അരങ്ങേറ്റത്തിന് ശേഷം റൊണാള്‍ഡോയുടെ കാലില്‍ നിന്നും ഗോള്‍ പിറക്കാത്ത ഒരു ലോകകപ്പ് പോലും ഉണ്ടായിട്ടില്ല.
ഈ അഞ്ച് ലോകകപ്പുകളിലായി എട്ട് ഗോളുകള്‍ ആണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. അതില്‍ തന്നെ നാലെണ്ണം 2018ലെ റഷ്യ ലോകകപ്പിലായിരുന്നു.
2010ലെ സൗത്ത് ആഫ്രിക്ക ലോകകപ്പില്‍ ഗോള്‍ നേടാന്‍ സാധിക്കാതെ പോയതോടെയാണ് ലയണല്‍ മെസി ഈ റെക്കോഡ് നേട്ടത്തില്‍ നിന്നും പുറത്തായത്. നാല് ലോകകപ്പിലാണ് മെസി ഗോള്‍ നേടിയത്. മെസിക്ക് പുറമെ പെലെ, ക്ലോസെ, സീലര്‍ എന്നിവരും നാല് ലോകകപ്പില്‍ വലകുലുക്കിയവരാണ്.
അഞ്ച് ലോകകപ്പില്‍ ഗോള്‍ നേടുന്ന ആദ്യ പുരുഷ താരമാണ് റൊണാള്‍ഡോ, അതായത് റൊണാള്‍ഡോക്ക് മുമ്പും ഈ റെക്കോഡ് പിറന്നിരുന്നു എന്നര്‍ത്ഥം.
ഇതിന് മുമ്പ് വനിതാ ലോകകപ്പില്‍ ബ്രസീല്‍ താരം മാര്‍ത്ത, കനേഡിയന്‍ താരം ക്രിസ്റ്റീന്‍ സിംക്ലെയര്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ഫുട്‌ബോളര്‍മാര്‍.
കഴിഞ്ഞ ദിവസം നടന്ന പോര്‍ച്ചുഗല്‍ – ഘാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു പറങ്കികളുടെ വിജയം. ആവേശകരമെങ്കിലും ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം 65ാം മിനിട്ടില്‍ പോര്‍ച്ചുഗലിന് ലഭിച്ച പെനാല്‍ട്ടി പിഴവേതും കൂടാതെ റൊണാള്‍ഡോ വലയിലെത്തിക്കുകയായിരുന്നു.
ആദ്യ ഗോളിന് ശേഷം കൃത്യം എട്ടാം മിനിട്ടില്‍ ആന്‍ഡ്രു അയേവ് നേടിയ സമനില ഗോളില്‍ ഘാന ഒപ്പമെത്തി. എന്നാല്‍ ഒട്ടും പതറാതെ 78ാം മിനിട്ടില്‍ ജാവോ ഫെലിക്‌സും 80ാം മിനിട്ടില്‍ റാഫേല്‍ ലിയോയും നേടിയ ഗോള്‍ പറങ്കികളെ മുന്നിലെത്തിച്ചു.
89ാം മിനിട്ടില്‍ ഒസ്മാന്‍ ബുഹാരിയിലുടെ മറ്റൊരു ഗോള്‍ കൂടി നേടാന്‍ ഘാനക്ക് സാധിച്ചെങ്കിലും ജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു, എങ്കിലും തലയുയര്‍ത്തി തന്നെയാണ് ആഫ്രിക്കന്‍ കരുത്തന്‍മാര്‍ കളം വിട്ടത്.
🐐#FIFAWorldCup @Cristiano pic.twitter.com/P0ZDXTCoPG
— Portugal (@selecaoportugal) November 24, 2022
മത്സരത്തിന്റെ താരമായി തെരഞ്ഞെടുത്തതും സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ തന്നെയായിരുന്നു. ഇനിയൊരു ലോകകപ്പിന് ബാല്യമുണ്ടാകുമോ എന്നറിയാതെ വിശ്വകിരീടം ലക്ഷ്യമാക്കി റൊണാള്‍ഡോ കുതിക്കുമ്പോള്‍ പ്രതീക്ഷയും പ്രാര്‍ത്ഥനയുമായി ഫുട്‌ബോള്‍ ലോകവും അവനൊപ്പം കുതിക്കുകയാണ്.
Content Highlight: Cristiano Ronaldo becomes the first male footballer to score goal in five different world cup