ഒന്നും രണ്ടുമല്ല, തുടര്‍ച്ചയായ 23 സീസണ്‍; ചരിത്രത്തിലെ ഏക താരം, ഒരുത്തനും തൊടാന്‍ പോലും സാധിക്കാത്ത ഡോമിനന്‍സ്
Sports News
ഒന്നും രണ്ടുമല്ല, തുടര്‍ച്ചയായ 23 സീസണ്‍; ചരിത്രത്തിലെ ഏക താരം, ഒരുത്തനും തൊടാന്‍ പോലും സാധിക്കാത്ത ഡോമിനന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 28th August 2024, 2:32 pm

 

സൗദി പ്രോ ലീഗിന്റെ പുതിയ സീസണില്‍ റൊണാള്‍ഡോയുടെ അല്‍ നസര്‍ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. അല്‍ ഫെയ്ഹക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിനാണ് മഞ്ഞക്കുപ്പായക്കാര്‍ ജയിച്ചുകയറിയത്.

അല്‍ അലാമിക്കായി ടാലിസ്‌ക ഇരട്ട ഗോള്‍ നേടിയപ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മാഴ്‌സലോ ബ്രോസോവിച്ച് എന്നിവരാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്. ഫാഷന്‍ സകാലയാണ് ഫെയ്ഹയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

മത്സരത്തിന്റെ ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമിലാണ് റൊണാള്‍ഡോ ഗോള്‍ കണ്ടെത്തിയത്. പെനാല്‍ട്ടി ബോക്‌സിന് തൊട്ടുമുമ്പില്‍ ടാലിസ്‌കയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീ കിക്ക് റൊണാള്‍ഡോ പിഴവേതും കൂടാതെ വലയിലെത്തിക്കുകയായിരുന്നു.

ഈ ഗോളിന് പിന്നാലെ ഒരു ചരിത്ര നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. തുടര്‍ച്ചയായ 23 സീസണുകളില്‍ ഫ്രീ കിക്ക് ഗോള്‍ സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്.

കരിയറിലെ 64ാം ഫ്രീ കിക്ക് ഗോളാണ് റോണോ സ്വന്തമാക്കിയത്. ഈ പട്ടികയില്‍ ഇതിഹാസ താരം ലയണല്‍ മെസി മാത്രമാണ് റോണോക്ക് മുമ്പിലുള്ളത്. 65 തവണയാണ് ഫ്രീ കിക്കിലൂടെ ലിയോ എതിരാളികളുടെ വല കുലുക്കിയത്.

റോണാള്‍ഡോയുടെ സീനിയര്‍ കരിയറിലെ 899ാം ഗോളായും ഈ ഫ്രീ കിക്ക് ഗോള്‍ അടയാളപ്പെടുത്തപ്പെട്ടു. വരും മത്സരങ്ങളില്‍ നിന്നായി ഒരു ഗോള്‍ കൂടി കണ്ടെത്താനായാല്‍ 900 ഗോള്‍ എന്ന കരിയര്‍ മൈല്‍സ്‌റ്റോണ്‍ താണ്ടാനും ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കാനും റൊണാള്‍ഡോക്ക് സാധിക്കും.

ഇതില്‍ പകുതിയിലധികം ഗോളുകളും റയല്‍ മാഡ്രിഡിന് വേണ്ടിയാണ് റോണോ നേടിയത്. 450 തവണയാണ് റോണോ ലോസ് ബ്ലാങ്കോസിനായി വല കുലുക്കിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ പന്തുതട്ടിയ രണ്ട് തവണയുമായി 145 തവണയാണ് താരം എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

പോര്‍ച്ചുഗലിനായി 130 ഗോള്‍ നേടിയ താരം ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസിനായും ഗോളടിയില്‍ സെഞ്ച്വറി പൂര്‍ത്തിയിക്കിയിട്ടുണ്ട്.

ലാലീഗയില്‍ 311 ഗോളും പ്രീമിയര്‍ ലീഗില്‍ 103 ഗോളും സീരി എ-യില്‍ 81 ഗോളുമാണ് റോണോയുടെ പേരിലുള്ളത്. ചാമ്പ്യന്‍സ് ലീഗിലെ 183 മത്സരത്തില്‍ നിന്നും 140 ഗോള്‍ നേടിയ താരം കോപ്പ ഡെല്‍ റേയില്‍ 22 ഗോളും എഫ്.എ കപ്പില്‍ 13 ഗോളും അടിച്ചുകൂട്ടിയിട്ടുണ്ട്.

സൗദി പ്രോ ലീഗിന്റെ പുതിയ സീസണില്‍ അല്‍ നസറിന്റെ ആദ്യ വിജയമാണിത്. അല്‍ റെയ്ദിനെതിരായ മത്സരത്തില്‍ ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞ അല്‍ നസര്‍ രണ്ടാം മത്സരത്തില്‍ തിരിച്ചുവരികയായിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് അല്‍ നസര്‍.

സൗദി പ്രോ ലീഗില്‍ സെപ്റ്റംബര്‍ 13നാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ അവ്വാല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ ആഹില്‍ സൗദിയാണ് എതിരാളികള്‍.

Content highlight: Cristiano Ronaldo became the first player to score a free kick goal in 23 consecutive seasons.