| Wednesday, 11th September 2019, 8:33 am

ആവശ്യത്തിനില്ലേ, ഈയൊരെണ്ണം വിട്ടേക്കൂ... ലിത്വാനിയക്കെതിരെ നാലുഗോള്‍; യൂറോകപ്പ് യോഗ്യതാ മത്സരങ്ങളിലും റെക്കോഡുകള്‍ വാരിക്കൂട്ടി സി.ആര്‍ 7

സ്പോര്‍ട്സ് ഡെസ്‌ക്

ലിത്വാനിയ: യൂറോകപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരങ്ങളില്‍ എക്കാലത്തെയും വലിയ ഗോള്‍സ്‌കോറര്‍ എന്ന വിശേഷണം ഇനി ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു സ്വന്തം. ലിത്വാനിയയുമായി നടന്ന മത്സരത്തില്‍ നാല് ഗോളുകള്‍ നേടിയതോടെയാണ് പോര്‍ച്ചുഗല്‍ താരം അടുത്ത റെക്കോഡും കീശയിലാക്കിയത്.

മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ വിജയം.

മുന്‍ ഐറിഷ് താരം റോബീ കീനിന്റെ 23 ഗോള്‍ എന്ന റെക്കോഡ് മറികടന്ന ക്രിസ്റ്റിയാനോ, നാലുഗോള്‍ നേട്ടത്തോടെ 25-ലെത്തി.

തന്റെ റെക്കോഡ് മറികടന്നുവെന്ന് കണ്ടതോടെ ക്രിസ്റ്റിയാനോയ്ക്കായി തമാശരൂപേണ കീനിട്ട ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിങ്ങനെയായിരുന്നു- ‘നിങ്ങള്‍ക്ക് ആവശ്യത്തിന് റെക്കോഡുകള്‍ ഉണ്ടെന്നു ഞാന്‍ വിചാരിക്കുന്നു ക്രിസ്റ്റിയാനോ. ഈയൊരെണ്ണം വിട്ടേക്കൂ.’

മത്സരത്തില്‍ ഏഴാം മിനിറ്റിലായിരുന്നു 34-കാരനായ ക്രിസ്റ്റിയാനോയുടെ ആദ്യ ഗോള്‍. 28-ാം മിനിറ്റില്‍ വൈറ്റോട്‌സ് ആന്‍ഡ്രിയസ്‌കെവിഷ്യസിലൂടെ തിരിച്ചടിച്ച ലിത്വാനിയ സമനില പിടിച്ചു.

എന്നാല്‍ ക്രിസ്റ്റ്യാനോ രണ്ടാം പകുതിയില്‍ പുറത്തെടുത്തത് സമാനതകളില്ലാത്ത പ്രകടനമായിരുന്നു. തന്റെ ബാക്കി മൂന്ന് ഗോളുകളും യുവന്റസിന്റെ ഈ സ്‌ട്രൈക്കര്‍ നേടിയത് രണ്ടാം പകുതിയിലാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വില്യം കാര്‍വാലോയാണ് ഇഞ്ചുറി ടൈമില്‍ പോര്‍ച്ചുഗലിന്റെ അവസാന ഗോള്‍ നേടിയത്.

അതിനിടെ 12 വ്യത്യസ്ത രാജ്യങ്ങളില്‍ കളിച്ച് ഹാട്രിക് നേടാനും റൊണാള്‍ഡോയ്ക്കായി. ലിത്വാനിയക്കെതിരെ അവരുടെ നാട്ടില്‍ വെച്ചായിരുന്നു മത്സരം.

We use cookies to give you the best possible experience. Learn more