|

ചരിത്രം ഇയാള്‍ക്ക് മുന്നില്‍ മാറി നില്‍ക്കും; റൊണാള്‍ഡോ തൂക്കിയത് മൂന്ന് റെക്കോഡുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

നാഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ വമ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഈസ്റ്റഡിയോ ജോസ് അല്‍വലാഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പറങ്കിപ്പട വിജയിച്ചുകയറിയത്.

ഫ്രാന്‍സിസ്‌കോ ട്രിങ്കോയുടെ ഇരട്ട ഗോളിന്റെ പിന്‍ബലത്തിലാണ് പോര്‍ച്ചുഗല്‍ വലിയ ലീഡില്‍ വിജയിച്ചത്. ഇതോടെ പോര്‍ച്ചുഗലിന് സെമി ഫൈനലിലേക്ക് മുന്നേറാനും സാധിച്ചു. മത്സരത്തിലെ 72ാം മിനിട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഗോളിലൂടെ പോര്‍ച്ചുഗല്‍ ലീഡ് ഉയര്‍ത്തിയിരുന്നു.

ഇതോടെ മൂന്ന് ചരിത്ര നേട്ടങ്ങളാണ് റോണോ സ്വന്തമാക്കിയത്. പോര്‍ച്ചുഗലിന് വേണ്ടി ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര വിജയം നേടുന്ന താരമെന്ന നേട്ടവും ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരവും ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകളും നേടുന്ന ഏക താരമാകാനാണ് റൊണാള്‍ഡോയ്ക്ക് സാധിച്ചത്.

പോര്‍ച്ചുഗലിന് വേണ്ടി റൊണാള്‍ഡോ നേടുന്ന ഏറ്റവും കൂടുതല്‍ ഗോള്‍ – 136

അന്താരഷ്ട്ര മത്സരങ്ങള്‍ – 219

അന്താരാഷ്ട്ര വിജയങ്ങള്‍ – 133

മാത്രമല്ല ഇതോടെ ഫുട്‌ബോള്‍ കരിയറില്‍ 929 ഗോളും സ്വന്തമാക്കാന്‍ റോണായ്ക്ക് സാധിച്ചു.സെമി ഫൈനല്‍ മത്സരത്തിനാണ് ഇനി പോര്‍ച്ചുഗലിന്റെ കാത്തിരിപ്പ്. കരുത്തരായ ജര്‍മനിയോടാണ് പോര്‍ച്ചുഗലിന് പോരാടാനുള്ളത്. ജൂണ്‍ അഞ്ചിനാണ് മത്സരം നടക്കുക.

മത്സരത്തിലെ 38ാം മിനിട്ടില്‍ ഡെന്‍മാര്‍ക്കിന്റെ ജോച്ചിം ആന്‍ഡേഴ്സ സെല്‍ഫ് ഗോള്‍ ചെയ്ത് പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു.

എന്നാല്‍ റാസും ക്രിസ്റ്റെന്‍സന്‍ 56ാം മിനിട്ടില്‍ ഗോള്‍ നേടിയതോടെ ഡെന്‍മാര്‍ക്ക് ഉണര്‍ന്നു. എന്നാല്‍ മത്സരത്തിലെ 72ാം മിനിട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെ പോര്‍ച്ചുഗല്‍ ലീഡ് ഉയര്‍ത്തി. പിന്നീട് ക്രിസ്റ്റയന്‍ എറിക്സണ്‍ നേടിയ ഗോള്‍ ഡെന്‍മാര്‍ക്കിനെ ഒരു പടികൂടെ മുന്നിലെത്തിച്ചു.

ശേഷം ഫ്രാന്‍സിസ്‌കോ ട്രാങ്കോ 86ാം മിനിട്ടിലും 91ാം മിനിട്ടിലും ഇരട്ട ഗോള്‍ നേടി പോര്‍ച്ചുഗലിനെ നാലാം ഗോളിലെത്തിച്ചു. മത്സരത്തിലെ അവസാന നിമിഷം (115ാം മിനിട്ട്) ഗോണ്‍സാലോ റാമോസും ഗോള്‍ നേടിയതോടെ ഡെന്‍മാര്‍ക്ക് തല താഴ്ത്തുകയായിരുന്നു.

Content Highlight: Cristiano Ronaldo Achieve Great Record In International Football