|

ഫുട്‌ബോള്‍ ചരിത്രത്തിലെ വമ്പന്‍ നേട്ടവുമായി റൊണാള്‍ഡോയുടെ കുതിപ്പ്!

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗില്‍ നടന്ന മത്സരത്തില്‍ അല്‍ ഖൊലൂദിനെ പരാജയപ്പെടുത്തി റൊണാള്‍ഡോയുടെ അല്‍ നസര്‍ കുതിക്കുകയാണ്. അല്‍ അവ്വല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ വിജയിച്ചുകയറിയത്.

മത്സരത്തിലെ നാലാം മിനിട്ടില്‍ തകര്‍പ്പന്‍ ഗോള്‍ നേടി റൊണാള്‍ഡോയാണ് ഗോള്‍ വേട്ട ആരംഭിച്ചത്. പിന്നീട് 26ാം മിനിട്ടില്‍ സാദിയോ മാനെയും 41ാം മിനിട്ടില്‍ ജോണ്‍ ഡുരാനും ഗോള്‍ നേടി ടീമിനെ ലീഡില്‍ എത്തിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ ആധിപത്യം സൃഷ്ടിച്ച അല്‍ നസറിനെതിരെ 72ാം മിനിട്ടില്‍ അലി ലജമാനിയിലൂടെയാണ് അല്‍ ഖൊലൂദ് ഏക ഗോള്‍ നേടിയത്.

വിജയത്തോടെ ഫുട്‌ബോള്‍ ലോകത്തെ തന്റെ ആധിപത്യം തുടരാനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നു. നിലവില്‍ 928 കരിയര്‍ ഗോള്‍ നേടിയാണ് റോണോ തന്റെ റെക്കോഡ് നേട്ടം തുടരുന്നത്. ഇതിനെല്ലാം പുറമെ ഫുട്‌ബോള്‍ കരിയറില്‍ 30 വയസ് തികഞ്ഞതിന് ശേഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടത്തിലും റോണോ മുന്നിലാണ്. ഈ നേട്ടത്തില്‍ സ്ലതാന്‍ ഇബ്രാഹിമോവിച്ചും കരിം ബെന്‍സിമയുമാണ് റൊണാള്‍ഡോയ്ക്ക് പിന്നിലുള്ളത്.

ഫുട്‌ബോള്‍ കരിയറില്‍ 30 വയസ് തികഞ്ഞതിന് ശേഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരങ്ങള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ – 465

സ്ലതാന്‍ ഇബ്രാഹിമോവിച്ച് – 296

കരിം ബെന്‍സിമ – 192

ഫുട്‌ബോള്‍ ലോകത്ത് ആര്‍ക്കും നേടാന്‍ സാധിക്കാത്ത 1000 ഗോള്‍ എന്ന ലക്ഷ്യത്തിലേക്കാണ് റൊണാള്‍ഡോ മുന്നേറുന്നത്. അതേസമയം നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിന് മുന്നോടിയായി പോര്‍ച്ചുഗല്‍ സ്‌ക്വാഡില്‍ പുറത്ത് വിട്ടിരുന്നു. ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തില്‍ 26 അംഗങ്ങളുള്ള പോര്‍ച്ചുഗല്‍ സ്‌ക്വാഡിനെയാണ് പുറത്ത് വിട്ടത്.

റൊണാള്‍ഡോയെ നായകനാക്കി പ്രഖ്യാപിച്ച സ്‌ക്വാഡില്‍ സ്റ്റാര്‍ ഡിഫന്റര്‍ റൂബന്‍ ഡയസ് തിരിച്ചെത്തി. മാഞ്ചസ്റ്റര്‍ സിറ്റി ഡിഫന്‍ഡര്‍ ഡയസ് (27) പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ പേശികള്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായിരുന്നു.

Content Highlight: Cristiano Ronaldo Achieve Great Record In Football