| Friday, 20th October 2023, 4:24 pm

മെസിയെക്കാള്‍ കൂടുതല്‍ ബാലണ്‍ ഡി ഓര്‍ നേടുകയാണ് ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം; പ്രതികരിച്ച് റോണോ

സ്പോര്‍ട്സ് ഡെസ്‌ക്

2021ല്‍ ലയണല്‍ മെസി ബാലണ്‍ ഡി ഓര്‍ നേടിയപ്പോള്‍ ഫ്രാന്‍സ് ഫുട്‌ബോള്‍ ഓര്‍ഗനൈസറിലൊരാള്‍ നടത്തിയ പരാമര്‍ശത്തോട് ക്രിസ്റ്റ്യാനോ തന്റെ പ്രതികരണമറിയിച്ചിരുന്നു. ക്രിസ്റ്റ്യാനോയുടെ ഏക ലക്ഷ്യം മെസിയെക്കാള്‍ കൂടുതല്‍ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുകയാണ് എന്ന് പാസ്‌കല്‍ ഫെറെ സോഷ്യല്‍ മീഡിയയിലൂടെ പറയുകയായിരുന്നു.

‘ക്രിസ്റ്റ്യാനോയ്ക്ക് ഒറ്റ ലക്ഷ്യമേ ഉള്ളൂ. മെസിയെക്കാള്‍ കൂടുതല്‍ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കി വിരമിക്കുക. അദ്ദേഹം അതെന്നോട് പറഞ്ഞിട്ടുണ്ട്,’ എന്നായിരുന്നു ഫെറെ അന്ന് പറഞ്ഞത്.

എന്നാല്‍ ഫെറെ പറഞ്ഞത് കള്ളമാണെന്നും ആളുകളുടെ ശ്രദ്ധ ലഭിക്കുന്നതിനുവേണ്ടി അദ്ദേഹം തന്റെ പേര് ഉപയോഗിക്കുകയുമായിരുന്നു എന്നാണ് റോണോ വിഷയത്തില്‍ പ്രതികരിച്ചത്. ബാലണ്‍ ഡി ഓര്‍ പോലെ വിലയേറിയ അവാര്‍ഡ് നല്‍കുന്നതിന് ഉത്തരവാദിത്തപ്പെട്ടയാളാണ് ഇത്തരം നുണകള്‍ പടച്ചുവിടുന്നത് അംഗീകരിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

ബാലണ്‍ ഓര്‍ നേടുന്നതിനല്ല താന്‍ പ്രാധാന്യം നല്‍കുന്നതെന്നും ഫുട്ബോളില്‍ ചരിത്രം സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്നുമാണ് അദ്ദേഹം 2021ല്‍ നല്‍കിയ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

‘ബാലണ്‍ ഡി ഓര്‍ അത്ര പ്രധാനപ്പെട്ട കാര്യമാണെന്ന് തോന്നുന്നില്ല. കരിയറില്‍ പല തവണ ഞാന്‍ അത് നേടിയിട്ടുണ്ട്. വ്യക്തിഗതമായും അതല്ലാതെയും ഒരുപാട് നേട്ടങ്ങള്‍ എനിക്ക് സ്വന്തമാക്കാനായിട്ടുണ്ട്. ഫുട്ബോളില്‍ ചരിത്രം കുറിക്കുകയാണ് എന്റെ ലക്ഷ്യം. അതിലാണ് ഞാന്‍ ആനന്ദം കണ്ടെത്തുന്നത്,’ ക്രിസ്റ്റ്യാനോ പറഞ്ഞു.

അതേസമയം, ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള അവസാന ഘട്ട പട്ടികയില്‍ 30 താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെസിയാകും ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ജേതാവ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് ആല്‍ബിസെലസ്റ്റിന്റെ ക്യാപ്റ്റന് തുണയായിരിക്കുന്നത്.

അര്‍ജന്റൈന്‍ നായകന് ശക്തമായ പോരാട്ടം നല്‍കുന്നത് എര്‍ലിങ് ഹാലണ്ടാണ്. ദേശീയ ടീമിന് വേണ്ടി മെസി നേടിയ നേട്ടങ്ങളെല്ലാം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേട്ടത്തിന്റെ കിരീടം ഇതിനോടകം സ്വന്തമാക്കിയ ഹാലണ്ട് സിറ്റിക്ക് ക്വാഡ്രാപ്പിള്‍ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.

ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അര്‍ജന്റീനക്കായി കിരീടമുയര്‍ത്തിയതിന് പുറമെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി 20 ഗോളുകളും 21 അസിസ്റ്റുകളും മെസി അക്കൗണ്ടിലാക്കിയിട്ടുണ്ട്. പാരീസിയന്‍സിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയ മെസി ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.

Content Highlights: Cristiano Ronaldo accused France Football chief of spreading lies after Lionel Messi won Ballon d’Or

We use cookies to give you the best possible experience. Learn more