| Friday, 13th January 2023, 9:22 pm

ശരിയായ സ്ഥാനത്താണ് കോച്ച് എന്നെ പ്രതിഷ്ഠിച്ചത്; മാഞ്ചസ്റ്ററിലെ കാലത്തെ കുറിച്ച് റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ലോകം കണ്ട എക്കാലത്തേയും മികച്ച താരമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അഞ്ച് തവണ ബാലണ്‍ ഡി ഓറും അഞ്ച് ചാമ്പ്യന്‍സ് ലീഗുമടക്കം നിരവധി കിരീടങ്ങളാണ് റൊണാള്‍ഡോ തന്റെ കരിയറില്‍ സ്വന്തമാക്കിയത്.

റൊണാള്‍ഡോയെ ഇന്ന് കാണുന്ന റൊണാള്‍ഡോ ആയി രൂപാന്തരപ്പെടുത്തിയതിന് കാരണം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്ന ക്ലബ്ബും സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ എന്ന ലെജന്‍ഡറി പരിശീലകനുമാണ്. റൊണാള്‍ഡോക്ക് കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കി യഥാര്‍ത്ഥ പ്രൊഫഷണല്‍ ഫുട്‌ബോളറാക്കി മാറ്റിയത് ഫെര്‍ഗി തന്നെയാണ്.

തന്റെ 18ാം വയസിലാണ് റൊണാള്‍ഡോ മാഞ്ചസ്റ്ററിലെത്തുന്നത്. ഫെര്‍ഗൂസന്‍ മാഞ്ചസ്റ്ററിലെത്തിക്കുന്നത് എന്നതാണ് ശരിയായ പ്രയോഗം. സ്‌പോര്‍ട്ടിങ് സി.പിയില്‍ താരത്തിന്റെ കളി കണ്ട ഫെര്‍ഗൂസന്‍ രണ്ടാമതൊന്നാലോചിക്കാതെ കുഞ്ഞു റൊണാള്‍ഡോയെ ഓള്‍ഡ് ട്രാഫോര്‍ഡിലേക്ക് പറിച്ചു നടുകയായിരുന്നു.

തന്റെ വിജയങ്ങള്‍ക്ക് കാരണം ഫെര്‍ഗൂസനാണെന്ന് റൊണാള്‍ഡോ എന്നും തുറന്ന് സമ്മതിക്കുന്ന കാര്യമാണ്. ഇപ്പോഴിതാ തന്റെ ഫുട്‌ബോള്‍ ഗോഡ്ഫാദറിനെ കുറിച്ച് പറയുകയാണ് റൊണാള്‍ഡോ.

ലൈവ് സ്‌കോറിന് നല്‍കി അഭിമുഖത്തിലാണ് റൊണാള്‍ഡോ ഇക്കാര്യം പറയുന്നത്.

‘അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍, അദ്ദേഹം യഥാര്‍ത്ഥ ലീഡറാണ്. എല്ലാ താരങ്ങളും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ തന്ത്രങ്ങളെയും പിന്തുടരുകയായിരുന്നു.

എന്നെ സംബന്ധിച്ചിടത്തോളം, ഞാന്‍ എപ്പോഴും പറയാറുള്ളത് പോലെ അദ്ദേഹം എന്റെ ഫുട്‌ബോള്‍ ഗോഡ്ഫാദര്‍മാരില്‍ ഒരാളാണ്. ഞാന്‍ മാഞ്ചസ്റ്ററിലെത്തുമ്പോള്‍ അന്നെനിക്ക് 18 വയസ് മാത്രമായിരുന്നു പ്രായം. അദ്ദേഹമെന്നെ ശരിയായ സ്ഥാനത്ത് കൊണ്ടുചെന്നെത്തിക്കുകയായിരുന്നു,’ റോണാള്‍ഡോ പറയുന്നു.

‘അദ്ദേഹം പഠിപ്പിച്ച പല കാര്യങ്ങളും കൊണ്ടാണ് ഞാനിവിടെ എത്തി നില്‍ക്കുന്നത്. അതില്‍ അദ്ദേഹത്തിന്റെയും ഭാഗമുണ്ട്,’ റോണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

2003 മുതല്‍ 2009 വരെയുള്ള കാലത്താണ് റൊണാള്‍ഡോ ചുവന്ന ചെകുത്താന്‍മാരുടെ ഭാഗമായത്. ശേഷം 2009ല്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നിന്നും റയലിലേക്ക് തട്ടകം മാറ്റുകയായിരുന്നു.

ശേഷം റയലില്‍ നിന്നും യുവന്റസിലേക്കും ചേക്കേറിയ റൊണാള്‍ഡോ 2021ലാണ് യുണൈറ്റഡിലേക്ക് മടങ്ങിയെത്തുന്നത്. എന്നാല്‍ മാഞ്ചസ്റ്ററിലെ സെക്കന്‍ഡ് റണ്‍ താരത്തിന്റെ കരിയറിലെ തന്നെ മോശം സമയങ്ങളിലൊന്നായിരുന്നു. കോച്ച് എറിക് ടെന്‍ ഹാഗുമായുള്ള അസ്വാരസ്യങ്ങള്‍ താരത്തെ ടീം വിടുന്നതില്‍ വരെ കൊണ്ടുചെന്നെത്തിച്ചു.

Content Highlight: Cristiano Ronaldo about Sir Alex Ferguson
We use cookies to give you the best possible experience. Learn more