ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ തലയെടുപ്പോടെ നില്‍ക്കുന്ന പേരുകളിലൊന്നാണ് പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേത്. ക്ലബ്ബ് തലത്തിലും ദേശീയ തലത്തിലും ഐതിഹാസിക നേട്ടങ്ങള്‍ പലത് സ്വന്തമാക്കിയ റോണോ യവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോള്‍ സ്‌കോററായാണ് സ്വയം അടയാളപ്പെടുത്തിയത്.
സ്‌പോര്‍ട്ടിങ് ലിസ്ബണില്‍ പന്തുതട്ടി കളി പഠിച്ച റോണോയെ ലോകമറിഞ്ഞത് താരം ഓള്‍ഡ് ട്രാഫോര്‍ഡിലെത്തിയതോടെയാണ്. കളിക്കളത്തില്‍ ചാട്ടുളി പോലെ പാഞ്ഞ് എതിരാളികളുടെ ഗോള്‍ വല ചലിപ്പിക്കുന്ന നൂഡില്‍സ് മുടിയനായ ആ ടീനേജ് പയ്യന്‍ എതിരാളികളുടെ പ്രതിരോധ നിരയുടെ പേടി സ്വപ്‌നമായിരുന്നു.
റൊണാള്‍ഡോയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ കാരണം ഇതിഹാസ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസന്‍ തന്നെയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡും സ്‌പോര്‍ട്ടിങ് ലിസ്ബണും തമ്മില്‍ നടന്ന മത്സരത്തില്‍ എതിര്‍ ടീമിലെ കൊച്ചുപയ്യന്റെ കളി കണ്ട് ഇഷ്ടപ്പെട്ട ഫെര്‍ഗൂസന്‍ മറുത്തൊന്നും ആലോചിക്കാതെ ആ കൊച്ചുപയ്യനെ മഹോജ്വല പാരമ്പര്യമുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിക്കുകയായിരുന്നു. റൊണാള്‍ഡോയുടെ വളര്‍ച്ച അവിടെ നിന്നുമാണ് ആരംഭിക്കുന്നത്.
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാനേജര്‍ ഫെര്‍ഗൂസനാണെന്ന് റോണോ പല തവണ പറഞ്ഞിട്ടുണ്ട്. അദ്ദേഹം തന്റെ അച്ഛനെ പോലെയാണെന്നും സ്‌പോര്‍ട്ടിങ് ലിസ്ബണിലെ ഒരു കൊച്ചുപയ്യനെ ഇന്നുകാണുന്ന താരമാക്കി മാറ്റിയത് ഫെര്‍ഗൂസനാണെന്നും പോര്‍ച്ചുഗല്‍ ലെജന്‍ഡ് പറഞ്ഞിരുന്നു.
‘എക്കാലത്തെയും മികച്ച മാനേജര്‍, ഒരുപാട് മികച്ച പരിശീലകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്. അതില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ അത് ഉറപ്പായും സര്‍ അലക്‌സ് തന്നെയായിരിക്കും. സ്‌പോര്‍ട്ടിങ്ങില്‍ നിന്നും ഒരു പയ്യനെ കണ്ടുപിടിച്ച് അവനെ ഒരു താരമായി മാറ്റിയെടുത്തു.
മാഞ്ചസ്റ്ററിലെത്തി ടീമിനൊപ്പം പരിശീലനം ആരംഭിച്ചതുമുതല്‍ എനിക്ക് ചിലത് തെളിയിക്കേണ്ടി വരുമെന്ന് എനിക്ക് മനസിലായിരുന്നു. ടീമിനുള്ളില്‍ തന്നെ മികച്ച മത്സരബുദ്ധിയുണ്ടായിരുന്നു. ടീമിലെ സ്ഥാനത്തിനായി ഓരോ താരങ്ങളും സ്വയം തെളിയിക്കേണ്ടത് അത്യാവശ്യമായിരുന്നു.
ഫെര്‍ഗൂസന് എന്റെ പൊട്ടെന്‍ഷ്യല്‍ എത്രത്തോളമുണ്ടെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. ഇതുകൊണ്ടുതന്നെ അദ്ദേഹം എന്റെയടുക്കല്‍ എല്ലായ്‌പ്പോളും കഠിനമായി തന്നെ പെരുമറിയിരുന്നു. വ്യക്തിപരമായ പ്രകടനങ്ങള്‍ക്കായിരുന്നു ഞാന്‍ തുടക്കത്തില്‍ മുന്‍തൂക്കം നല്‍കിയത്. ഇക്കാര്യം അദ്ദേഹത്തിനറിയാമായിരുന്നു, ഇതില്‍ അദ്ദേഹം അതൃപ്തനുമായിരുന്നു.
അദ്ദേഹം എന്നോട് പറഞ്ഞു. സ്‌കില്‍ എന്നത് നിന്നെ മുമ്പോട്ട് കൊണ്ടുപോകും. എന്നാല്‍ നേടിയെടുക്കണമെന്ന ആത്മവിശ്വാസവും മനോഭാവവും അച്ചടക്കവുമാണ് നിനക്ക് കിരീടങ്ങള്‍ നേടിത്തരിക. അതാണ് നിന്നെ മികച്ചതാക്കി മാറ്റുക.
ആ നിമിഷം മുതല്‍ എന്റെ മനോഭാവത്തില്‍ മാറ്റം വന്നു. എന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരവായത് അതായിരുന്നു. എന്റെ വിജയം അദ്ദേഹത്തിനുള്ളതാണ്,’ റൊണാള്‍ഡോ പറഞ്ഞു.
Content highlight: Cristiano Ronaldo about Sir Alex Ferguson