| Tuesday, 22nd October 2024, 12:05 pm

ഞാന്‍ അവരേക്കാള്‍ ട്രോഫികള്‍ നേടി, എന്നാല്‍ അവര്‍ രണ്ടാളും ലോകകപ്പ് സ്വന്തമാക്കിയവരാണ്; ആരാധനാപാത്രങ്ങളെ കുറിച്ച് റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

തന്റെ ആരാധനാപാത്രങ്ങളായ ബ്രസീലിയന്‍ ഇതിഹാസങ്ങള്‍ റൊണാള്‍ഡോ നസാരിയോ, റൊണാള്‍ഡീന്യോ എന്നിവരേക്കാള്‍ വ്യക്തിഗത ട്രോഫികള്‍ താന്‍ സ്വന്തമാക്കിയിട്ടുണ്ടെന്നുള്ള റൊണാള്‍ഡോയുടെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു. 2022ല്‍ ഇ.എസ്.പി.എന്‍ ബ്രസീലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് പോര്‍ച്ചുഗല്‍ ലെജന്‍ഡ് തന്റെ ഫുട്‌ബോള്‍ ഐഡലുകളെ കുറിച്ചും അവരുടെ ഐതിഹാസിക നേട്ടങ്ങളെ കുറിച്ചും സംസാരിച്ചത്.

വ്യക്തിഗത പുരസ്‌കാരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ താന്‍ തന്നെയാണ് മുമ്പിലെന്നും എന്നാല്‍ അവര്‍ ഇരുവരും ലോകകപ്പ് നേടിയവരാണെന്നും റൊണാള്‍ഡോ പറഞ്ഞു.

അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളടക്കം ക്രിസ്റ്റ്യാനോ 35 ട്രോഫികള്‍ നേടി. റൊണാള്‍ഡോ നസാരിയോ 19 കിരീടവും റൊണാള്‍ഡീന്യോ 13 കിരീടവുമാണ് സ്വന്തമാക്കിയത്.

‘എനിക്ക് ഇത്തരത്തിലുള്ള താരതമ്യങ്ങളൊന്നും തന്നെ ഇഷ്ടമല്ല. അവര്‍ രണ്ട് പേരും (റൊണാള്‍ഡോ നസാരിയോ, റൊണാള്‍ഡീന്യോ) കളിക്കളത്തില്‍ തങ്ങളുടെ ലെഗസിയും ചരിത്ര നേട്ടങ്ങളും എഴുതിച്ചേര്‍ത്തവരാണെന്ന് പറയാനാണ് എനിക്കിഷ്ടം.

അവരേക്കാളേറെ വ്യക്തിഗത പുരസ്‌കാരങ്ങള്‍ ഞാന്‍ നേടിയിട്ടുണ്ട് എന്നത് വസ്തുതയാണ്. പക്ഷേ അവര്‍ രണ്ട് പേരും ലോകകപ്പ് ജേതാക്കളാണ്.

അവരുടെ മത്സരം കണ്ടാണ് ഞാന്‍ വളര്‍ന്നത്. ആരാണ് മികച്ചത്, ആരാണ് രണ്ടാമത് എന്നതൊന്നും പ്രധാനപ്പെട്ട കാര്യമല്ല. അവരെന്റെ ഐഡലുകളാണെന്നും ഫുട്‌ബോളില്‍ മനോഹരമായ ചരിത്രം അവശേഷിപ്പിച്ചു എന്ന് പറയാനുമാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ റൊണാള്‍ഡോ പറഞ്ഞു.

പരിക്കുകള്‍ അലട്ടിയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മെസിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പമോ അതില്‍ ഒരു പടി മുകളിലോ എത്താന്‍ സാധ്യതയുള്ള താരമായിരുന്നു റൊണാള്‍ഡോ നസാരിയോ.

സ്പെയ്നിലും ഇറ്റലിയിലും ഒരുപോലെ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. സ്പെയ്നില്‍ ബാഴ്സലോണക്കും റയലിനും വേണ്ടി പന്തു തട്ടിയ റൊണാള്‍ഡോ ഇറ്റലിയില്‍ എ.സി മിലാനും ഇന്റര്‍ മിലാനും വേണ്ടിയാണ് കളത്തിലിറങ്ങിയത്. അത്യപൂര്‍വമായ കരിയര്‍! ക്ലബ്ബ് തലത്തില്‍ 384 മത്സരത്തില്‍ നിന്നും 280 ഗോള്‍ നേടിയ താരം ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി കളത്തിലിറങ്ങിയ 98 മത്സരത്തില്‍ നിന്നും 62 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.

ബ്രസീലിനൊപ്പം രണ്ട് ലോകകപ്പും രണ്ട് കോപ്പ അമേരിക്കയും കോണ്‍ഫെഡറേഷന്‍ കപ്പും സ്വന്തമാക്കിയ താരം രണ്ട് ലാലീഗ, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, യുവേഫ കപ്പ്, സ്പാനിഷ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, ഡച്ച് കപ്പ്, രണ്ട് തവണ ബ്രസീസിന്‍ കപ്പ്, ഇന്റര്‍നാഷണല്‍ കപ്പ് എന്നിവ സ്വന്തമാക്കിയിട്ടുണ്ട്.

രണ്ട് തവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം, ഈ പുരസ്‌കാരം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 1997ല്‍ ബാലണ്‍ ഡി ഓര്‍ നേടുമ്പോള്‍ വെറും 21 വയസായിരുന്നു റൊണാള്‍ഡോയുടെ പ്രായം. ഇതിന് പുറമെ മൂന്ന് വിവിധ ടീമുകള്‍ക്കൊപ്പം മൂന്ന് തവണ ഫിഫയുടെ മികച്ച താരമെന്ന നേട്ടവും സ്വന്തമാക്കി.

സമാന നേട്ടങ്ങളാണ് റൊണാള്‍ഡീന്യോയുടെ പേരിലും എഴുതിച്ചേര്‍ക്കപ്പെട്ടത്. 1998/99ല്‍ ബ്രസീലിനൊപ്പം കോപ്പ അമേരിക്ക കിരീടവും 2002ല്‍ ഫിഫ ലോകകപ്പ് കിരീടവും താരം തന്റെ പോര്‍ട്‌ഫോളിയോയില്‍ ചേര്‍ത്തുവെച്ചു.

ബാഴ്‌സലോണക്കൊപ്പം രണ്ട് തവണ വീതം ലാലിഗ കിരീടവും സ്പാനിഷ് സൂപ്പര്‍ കപ്പും സ്വന്തമാക്കിയ റോണി 2005/06ല്‍ കറ്റാലന്‍മാര്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കി. ഇറ്റാലിയന്‍ വമ്പന്‍മാരായ എ.സി മിലാനൊപ്പം 2010/11ല്‍ സീരി എ കിരീടവും ബ്രസീല്‍ ഇതിഹാസം തലയിലണിഞ്ഞിരുന്നു.

Content highlight: Cristiano Ronaldo about Ronaldo Nazario and Ronaldinho

We use cookies to give you the best possible experience. Learn more