തന്റെ കരിയര്‍ എന്‍ഡിനെ കുറിച്ച് സംസാരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നീണ്ട 25 വര്‍ഷക്കാലം ഫുട്ബോളിനായി സ്വയം വിട്ടുനല്‍കിയെന്നും രണ്ടോ മൂന്നോ വര്‍ഷം കൂടി മികച്ച പ്രകടനം നടത്താന്‍ തനിക്കാകുമെന്നും റോണാള്‍ഡോ പറഞ്ഞു. അതിന് ശേഷം ഫുട്‌ബോളിനെ കുറിച്ച് ചിന്തിക്കാന്‍ അഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ തന്റെ സഹതാരം റിയോ ഫെര്‍ഡിനന്റിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് റൊണാള്‍ഡോ തന്റെ വിരമിക്കല്‍ പദ്ധതികളെ കുറിച്ച് സംസാരിച്ചത്.
‘ഞാന്‍ എല്ലാം തന്നെ നല്‍കി. 25 വര്‍ഷം ഫുട്‌ബോളിനായി ഞാന്‍ എന്നെ തന്നെ വിട്ടുനല്‍കി. രണ്ട് മൂന്ന് വര്‍ഷക്കാലത്തേക്ക് നല്ല പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് എനിക്കറിയാം. എന്നാല്‍ അതുകഴിഞ്ഞാല്‍ ഫുട്ബോളിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല.
കളിക്കളത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ ഞാന്‍ കരയുമെന്നാണോ നിങ്ങള്‍ കരുതുന്നത്. ചിലപ്പോള്‍, കുറച്ച് കരഞ്ഞേക്കും,’ റൊണാള്‍ഡോ പറഞ്ഞു.
തനിക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
‘ആളുകളെല്ലായ്‌പ്പോഴും മോശം ഭാഗത്തെ കുറിച്ചാണ് സംസാരിക്കുക, നല്ല വശത്തെ കുറിച്ച് അധികം സംസാരിക്കാറില്ല. പക്ഷേ രണ്ട് എലികള്‍ എന്നെ വിമര്‍ശിച്ചതുകൊണ്ട് ഞാന്‍ ഒരിക്കലും എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ പോകുന്നില്ല.
ഈ ലോകം എന്നെ ഇഷ്ടപ്പെടുന്നുണ്ട്. ആരാധകര്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ട്. ഇതാണെന്നെ ഫുട്ബോള്‍ കളിക്കുന്നത് തുടരാന്‍ എല്ലായപ്പോഴും പ്രേരിപ്പിക്കുന്നത്.
ആളുകള്‍ എന്നെ ഇഷ്ടപ്പെടുന്നു. ആരാലും അറിയാത്ത രണ്ട് ആളുകള്‍ ടി.വിയില്‍ ഇരുന്ന് എന്നെ വിമര്‍ശിച്ചെന്ന് കരുതി എന്റെ തിളക്കമോ ഞാന്‍ നേടിയതോ ഒന്നും തന്നെ ആരും കൊണ്ടുപോകാന്‍ പോകുന്നില്ല.
അതേസമയം, തന്റെ 39ാം വയസിലും ഫുട്‌ബോളില്‍ ആരാലും എത്തിപ്പിടാന്‍ സാധിക്കാത്ത നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് പോര്‍ച്ചുഗല്‍ ഇതിഹാസം കുതിപ്പ് തുടരുന്നത്. കരിയറിലെ 900ാം സീനിയര്‍ ഗോള്‍ എന്ന നേട്ടമാണ് താരം ഏറ്റവുമൊടുവില്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.
നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരെയായിരുന്നു താരം കരിയറില്‍ 900ാം തവണയും എതിരാളികളുടെ പോസ്റ്റിലേക്ക് നിറയൊഴിച്ചത്. ദേശീയ ജേഴ്‌സിയില്‍ താരത്തിന്റെ 131ാം ഗോള്‍ കൂടിയായിരുന്നു അത്.
കൗമാര താരമായിരിക്കെ സ്‌പോര്‍ട്ടിങ് ലിസ്ബണിന് വേണ്ടി തുടങ്ങിയ ഗോള്‍ വേട്ട ഇപ്പോള്‍ തന്റെ 30കളുടെ അവസാനത്തില്‍ ദേശീയ ടീമിനും നിലവിലെ ക്ലബ്ബായ അല്‍ നസറിനും വേണ്ടി തുടരുകയാണ്.
റയല്‍ മാഡ്രിഡിന് വേണ്ടിയാണ് താരം കരിയറില്‍ ഏറ്റവുമധികം ഗോളടിച്ചത്. 450 എണ്ണം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ രണ്ട് കാലഘട്ടത്തിലുമായി 145 ഗോള്‍ നേടിയ താരം ദേശീയ ജേഴ്‌സിയില്‍ 132 ഗോളും സ്വന്തമാക്കി.
ഇറ്റലിയിലും താരം കാലൊച്ച കേള്‍പ്പിച്ചപ്പോള്‍ യുവന്റസ് ജേഴ്‌സിയില്‍ 101 ഗോളും താരം അടിച്ചുകൂട്ടി. നിലവിലെ ക്ലബ്ബായ അല്‍ നസറിനായി 68 ഗോള്‍ നേടിയ താരം തന്റെ ബോയ്ഹുഡ് ടീമായ സ്‌പോര്‍ട്ടിങ് ലിസ്ബണ് വേണ്ടി അഞ്ച് തവണയും ലക്ഷ്യം കണ്ടു.
Content Highlight: Cristiano Ronaldo about retirement