പ്രീ സീസണിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിന് കനത്ത തോല്‍വിയായിരുന്നു നേരിടേണ്ടി വന്നത്. സെല്‍റ്റ വിഗോയ്‌ക്കെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയ അല്‍ നസറിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബെന്‍ഫിക്കയും കീഴ്‌പ്പെടുത്തി.
മത്സരങ്ങള്‍ക്ക് പിന്നാലെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും അല്‍ നസറിനുമെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. എന്നാല്‍ ക്രിസ്റ്റ്യാനോ ഇപ്പോഴും ആത്മവിശ്വാസത്തിലാണ്. പ്രീ സീസണില്‍ വമ്പന്മാരായ പി.എസ്.ജിയെയും ഇന്റര്‍ മിലാനെയുമാണ് അല്‍ നസറിന് ഇനി നേരിടാനുള്ളത്. ജപ്പാനില്‍ വെച്ച് നടക്കാനിരിക്കുന്ന മത്സരത്തിന് മുന്നോടിയായി ക്രിസ്റ്റ്യാനോ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
രണ്ട് മികച്ച ടീമുകളുമായി ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ ആകാംക്ഷയാണ് തോന്നുന്നതെന്നാണ് താരം പറഞ്ഞത്. നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നറിയാമെന്നും എന്നാല്‍ തങ്ങള്‍ക്ക് മികച്ച സ്‌ക്വാഡ് ഉള്ളതിനാല്‍ വിജയിച്ച് ട്രോഫി നേടാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ക്കിവിടെ രണ്ട് മികച്ച മത്സരങ്ങള്‍ കളിക്കാനുണ്ട്. ഞങ്ങളതിന്റെ ആകാംക്ഷയിലാണ്. ജപ്പാനിലെ ആളുകള്‍ക്ക് ഫുട്‌ബോളിനോട് നല്ല പാഷനുണ്ട്. മികച്ച പ്രകടനം കാഴ്ചവെക്കാനാണ് ഞങ്ങളിവിടെ എത്തിയിരിക്കുന്നത്.
ഞങ്ങള്‍ക്കെല്ലാ ട്രോഫികളും നേടാനാകുമെന്നാണ് കരുതുന്നത്. മത്സരത്തില്‍ ബുദ്ധിമുട്ടുകളുണ്ടാകുമെന്നറിയാം എന്നാല്‍ ഞങ്ങള്‍ക്ക് മികച്ചൊരു സ്‌ക്വാഡുണ്ട്. മികച്ചൊരു സീസണ്‍ കാഴ്ചവെക്കാനാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,’ റൊണാള്‍ഡോ പറഞ്ഞു.
അതേസമയം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രവേശനത്തോടെ സൗദി ലീഗിന്റെ യശസുയര്‍ന്നിരിക്കുകയാണ്. താരത്തിന് പിന്നാലെ കരിം ബെന്‍സെമ, എന്‍ഗോളോ കാന്റെ തുടങ്ങിയ താരങ്ങള്‍ എത്തിയതോടെ സൗദി അറേബ്യയുടെ പേര് കൂടുതല്‍ വലുതായി. യൂറോേപ്യന്‍ വമ്പന്മാരായ പി.എസ്.ജി, ഇന്റര്‍ മിലാന്‍ എന്നീ ക്ലബ്ബുകളെ നേരിടുന്നതോടെ അല്‍ നസറിന് ഉയര്‍ന്ന തലത്തിലുള്ള മത്സരശേഷി പ്രകടിപ്പിക്കാനുള്ള അവസരമാണുണ്ടാകുക.