പോര്‍ച്ചുഗല്‍ ഇതിഹാസ താരവും തന്റെ പ്രിയ സുഹൃത്തുമായ പെപ്പെയെ കുറിച്ച് സംസാരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റൊണാള്‍ഡോക്കൊപ്പം പോര്‍ച്ചുഗലിലും റയല്‍ മാഡ്രിഡിലും പന്തുതട്ടിയ താരം അടുത്തിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പെപ്പെ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് വ്യക്തമാക്കുന്നതായിരുന്നു റൊണാള്‍ഡോയുടെ വാക്കുകള്‍.
കളിക്കളത്തില്‍ പെപ്പെ ബോസ് ആണെങ്കില്‍ കളത്തിന് പുറത്ത് അദ്ദേഹം മികച്ച വ്യക്തിയാണെന്നാണ് റോണോ പറഞ്ഞത്.
‘പെപ്പെ? കളിക്കളത്തില്‍ ബോസി ആറ്റിറ്റിയൂഡുള്ള റഫ് ആന്‍ഡ് ടഫ് ആറ്റിറ്റ്യൂഡാണെങ്കിലും കളത്തിന് പുറത്ത് അവന്‍ വളരെ മികച്ചവനാണ്,’ അദ്ദേഹം പറഞ്ഞു.
‘പ്രിയ സുഹൃത്തേ, നീയെനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനാണെന്ന് വാക്കുകളാല്‍ വിവരിക്കാന്‍ സാധിക്കില്ല. കളിക്കളത്തില്‍ നേടേണ്ടതെന്തൊക്കെയോ അതെല്ലാം നമ്മള്‍ സ്വന്തമാക്കി. പക്ഷേ എനിക്ക് നിന്നോടുള്ള സ്‌നേഹവും സൗഹൃദവും ബഹുമാനവുമാണ് ഏറ്റവും വലിയ നേട്ടം. അതുല്യനായ വ്യക്തിയാണ് നീ, ഒരുപാട് നന്ദി,’ താരം കൂട്ടിച്ചേര്‍ത്തു.
നീണ്ട 17 വര്‍ഷക്കാലം പെപ്പെയും റോണോയും ഒരുമിച്ച് പോര്‍ച്ചുഗലിനായി പന്തുതട്ടിയിരുന്നു. 2024 യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗല്‍ പുറത്തായതിന് പിന്നാലെ പെപ്പെ പൊട്ടിക്കരഞ്ഞിരുന്നു. റോണോയാണ് താരത്തെ ആശ്വസിപ്പിച്ചത്.
2009 മുതല്‍ 2017 വരെയാണ് ഇരുവരും റയലിനായി കളത്തിലിറങ്ങിയത്. 348 മത്സരങ്ങളില്‍ ക്ലബ്ബിനും ദേശീയ തലത്തിലും ഇരുവരും ഒന്നിച്ച് കളത്തിലിറങ്ങി. പിച്ചിലെ ഇരുവരുടെയും കെമിസ്ട്രിയും അപാരമായിരുന്നു.
റയല്‍ മാഡ്രിഡില്‍ നിരവധി നേട്ടങ്ങളും ഇരുവരും സ്വന്തമാക്കിയിരുന്നു. രണ്ട് ലാ ലീഗ കിരീടം, രണ്ട് കോപ്പ ഡെല്‍ റേ എന്നിവയ്ക്ക് പുറമെ ഒരു തവണ സൂപ്പര്‍ കോപ്പ ഡെ എസ്പാന, മൂന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, ഒരു യുവേഫ സൂപ്പര്‍ കപ്പ്, രണ്ട് ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് എന്നിവയും സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിലെത്തിച്ചു.