പിയേഴ്‌സ് മോര്‍ഗനുമായുള്ള ടോക്ക്ടിവി അഭിമുഖത്തിലെ തുറന്നുപറച്ചിലുകളിലൂടെ തലക്കെട്ടുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അഭിമുഖത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ആഞ്ഞടിച്ച റൊണാള്‍ഡോയുടെ മറ്റ് ചില വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
തന്റെ എക്കാലത്തെയും വലിയ എതിരാളിയെന്ന് ലോകം കുറിച്ചു തന്ന മെസിയെ കുറിച്ച് റൊണാള്‍ഡോ പറയുന്ന വാക്കുകളാണ് ഫുട്‌ബോള്‍ ലോകത്ത് ആഘോഷമായിരിക്കുന്നത്.
‘അതിഗംഭീരനായ കളിക്കാരന്‍, അവനൊരു മാജിക്കാണ്. ടോപ്. 16 വര്‍ഷമായി ഞങ്ങള്‍ ഇവിടെയുണ്ട്, ഒന്ന് ആലോചിച്ച് നോക്കൂ, നീണ്ട 16 വര്‍ഷങ്ങളായി ഞങ്ങള്‍ ഒരേ വേദിയിലുണ്ട്. അതുകൊണ്ട് തന്നെ അവനുമായി അത്ര അടുത്ത ബന്ധമാണ് എനിക്കുള്ളത്.
ഞാന്‍ അവന്റെ സുഹൃത്തല്ല. എന്നുവെച്ചാല്‍, ഫ്രണ്ട് എന്നൊക്കെ പറഞ്ഞാല്‍ നമ്മുടെ വീട്ടില്‍ വരുന്ന, ഇടക്കിടക്ക് ഫോണ്‍ വിളിച്ച് സംസാരിക്കുന്ന അങ്ങനെയുള്ളവരാണല്ലോ. മെസിയും ഞാനും തമ്മില്‍ അങ്ങനെയൊരു ബന്ധമല്ല. ടീം മേറ്റുകളെ പോലയാണ് ഞങ്ങള്‍.
എന്നെ കുറിച്ച് അവന്‍ സംസാരിക്കുന്ന രീതിയില്‍ എനിക്ക് അവനോട് വലിയ ബഹുമാനമുണ്ട്. അവന്റെ ഭാര്യയും അങ്ങനെ തന്നെയാണ്. ബഹുമാനപൂര്‍വമാണ് അവര്‍ എപ്പോഴും സംസാരിക്കുക. പിന്നെ അവരെ പോലെ എന്റെ ഗേള്‍ഫ്രണ്ടും അര്‍ജന്റീനക്കാരിയാണ്.
ഇനിയും ഞാന്‍ എന്താണ് മെസിയെ കുറിച്ച് പറയുക…ഒരു ഗ്രേറ്റ് മനുഷ്യന്‍, ഫുട്‌ബോളിന് വേണ്ടി മഹത്തരമായ കാര്യങ്ങള്‍ ചെയ്ത മഹാനായ ഒരു മനുഷ്യന്‍,’ റൊണാള്‍ഡോ പറഞ്ഞു.
ഈ വാക്കുകളെ ഏറെ സ്‌നേഹത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മെസിയോ റോണോയോ മികച്ചവന്‍ എന്ന ചോദ്യങ്ങളേക്കാള്‍ ഫുട്‌ബോളിന് വേണ്ടി മഹത്തരമായ പലതും ചെയ്ത രണ്ട് വ്യക്തിത്വങ്ങള്‍ എന്ന നിലയിലാണ് ഇരുവരെയും ഓര്‍മിക്കേണ്ടതെന്നും ആരാധകര്‍ പറയുന്നു.
അതേസമയം, ഇതേ അഭിമുഖത്തില്‍ യുണൈറ്റഡിനെതിരെയും കോച്ചിനെതിരെയും ക്രിസ്റ്റിയാനോ ആഞ്ഞടിച്ചതിന് പിന്നാലെ താരം അധികനാള്‍ ക്ലബില്‍ കാണില്ലെന്നാണ് കണക്കാക്കുന്നത്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരം ക്ലബ് വിടുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു.
കോച്ച് എറിക് ടെന്‍ ഹാഗും മറ്റ് പല ഒഫീഷ്യല്‍സും തന്നെ പുറത്താക്കാന്‍ കരുനീക്കം നടത്തുന്നുണ്ടെന്ന് റൊണാള്‍ഡോ തുറന്നടിച്ചിരുന്നു. ക്ലബില്‍ താന്‍ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ഈ സീസണില്‍ മോശം പ്രകടനം കാഴ്ച വെക്കാനിടയായ കാരണവും അഭിമുഖത്തിനിടെ താരം വ്യക്തമാക്കിയിരുന്നു.
മാനസികമായി വലിയ പ്രതിസന്ധിയിലൂടെയായിരുന്നു താന്‍ കടന്നുപോയതും തന്റെ കുഞ്ഞിന് അസുഖമായതിനാല്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്ന വിവരം മാനേജ്മെന്റിനെ അറിയിച്ചിട്ടും അവര്‍ വിശ്വസിച്ചില്ലെന്നുമാണ് റൊണാള്‍ഡോ പറഞ്ഞത്.
Content Highlight: Cristiano Ronaldo about Messi