| Tuesday, 1st October 2024, 11:52 am

ഇനി എനിക്ക് അധിക കാലമില്ല, ലക്ഷ്യം അത് മാത്രം; റൊണാള്‍ഡോയുടെ വിരമിക്കല്‍ പ്രഖ്യാപനമോ?

സ്പോര്‍ട്സ് ഡെസ്‌ക്

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസര്‍ കഴിഞ്ഞ ദിവസം ഖത്തര്‍ വമ്പന്‍മാരായ അല്‍ റയ്യാനെ പരാജയപ്പെടുത്തിയിരുന്നു. അല്‍ അവ്വാല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് അല്‍ നസര്‍ വിജയിച്ചുകയറിയത്.

അല്‍ നസറിനായി സൂപ്പര്‍ താരം സാദിയോ മാനേയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് സ്‌കോര്‍ ചെയ്തത്. റോജര്‍ ഗുഡെസാണ് റയ്യാന്റെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ മാനേയിലൂടെയാണ് അല്‍ നസര്‍ ഗോള്‍ കണ്ടെത്തിയത്. ശേഷം 76ാം മിനിട്ടില്‍ റൊണാള്‍ഡോയിലൂടെ അല്‍ നസര്‍ ഗോള്‍ നേട്ടം ഇരട്ടിയാക്കി. 87ാം മിനിട്ടിലാണ് റയ്യാന്റെ ഏക ഗോള്‍ പിറന്നത്.

മത്സരത്തില്‍ മികച്ച പ്രകടനമാണ് റോണോ കാഴ്ചവെച്ചത്. തന്റെ 39ാം വയസിലും പ്രായത്തെ തോല്‍പിക്കുന്ന പ്രകടനമാണ് പോര്‍ച്ചുഗല്‍ ഇതിഹാസത്തിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.

ഫുട്‌ബോളില്‍ ഇനി തനിക്ക് അധികകാലമില്ലെന്ന് പറയുകയാണ് താരം. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഫുട്‌ബോളില്‍ ഇനി അധിക കാലമില്ല എന്ന് എനിക്ക് വ്യക്തമായി അറിയാം. ബാക്കിയുള്ള ഓരോ നിമിഷവും എനിക്ക് ആസ്വദിക്കണം, അതാണ് എന്റെ ലക്ഷ്യം,’ എന്നാണ് റോണോ പറഞ്ഞത്.

നേരത്തെ റിയോ ഫെര്‍ഡിനന്റിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയും താരം തന്റെ കരിയര്‍ എന്‍ഡിനെ കുറിച്ച് സംസാരിച്ചിരുന്നു.

‘ആളുകളെല്ലായ്പ്പോഴും മോശം ഭാഗത്തെ കുറിച്ചാണ് സംസാരിക്കുക, നല്ല വശത്തെ കുറിച്ച് അധികം സംസാരിക്കാറില്ല. പക്ഷേ രണ്ട് എലികള്‍ എന്നെ വിമര്‍ശിച്ചതുകൊണ്ട് ഞാന്‍ ഒരിക്കലും എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ പോകുന്നില്ല.

ഈ ലോകം എന്നെ ഇഷ്ടപ്പെടുന്നുണ്ട്. ആരാധകര്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ട്. ഇതാണെന്നെ ഫുട്ബോള്‍ കളിക്കുന്നത് തുടരാന്‍ എല്ലായപ്പോഴും പ്രേരിപ്പിക്കുന്നത്.

ആളുകള്‍ എന്നെ ഇഷ്ടപ്പെടുന്നു. ആരാലും അറിയാത്ത രണ്ട് ആളുകള്‍ ടി.വിയില്‍ ഇരുന്ന് എന്നെ വിമര്‍ശിച്ചെന്ന് കരുതി എന്റെ തിളക്കമോ ഞാന്‍ നേടിയതോ ഒന്നും തന്നെ ആരും കൊണ്ടുപോകാന്‍ പോകുന്നില്ല.

ഞാന്‍ എല്ലാം തന്നെ നല്‍കി. ഫുട്ബോളിനായി ഞാന്‍ എന്നെ തന്നെ 25 വര്‍ഷം വിട്ടുനല്‍കി. രണ്ട് മൂന്ന് വര്‍ഷക്കാലത്തേക്ക് നല്ല പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് എനിക്കറിയാം. എന്നാല്‍ അതുകഴിഞ്ഞാല്‍ ഫുട്ബോളിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല.

കളിക്കളത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ ഞാന്‍ കരയുമെന്നാണോ നിങ്ങള്‍ കരുതുന്നത്. ചിലപ്പോള്‍, കുറച്ച് കരഞ്ഞേക്കും,’ റൊണാള്‍ഡോ പറഞ്ഞു.

പടിയിറങ്ങും മുമ്പേ സൗദി ലീഗ് കിരീടം കൂടി താരം ശിരസിലണിയണമെന്ന് ആരാധകര്‍ ആത്രകണ്ട് ആഗ്രഹിക്കുന്നുണ്ട്. സൗദി പ്രൊ ലീഗില്‍ നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് ജയവും രണ്ട് സമനിലയുമായി 11 പോയിന്റോടെ അഞ്ചാം സ്ഥാനത്തുമാണ് അല്‍ നസര്‍. ഒക്ടോബര്‍ അഞ്ചിന് അല്‍ ഒറോബക്കെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ അവ്വാല്‍ പാര്‍ക്കാണ് വേദി.

Content Highlight: Cristiano Ronaldo about his future in football

We use cookies to give you the best possible experience. Learn more